മെയ്ൻസ്: ജർമനിയിലെ മെയ്ൻസ് രൂപതയുടെ സഹായ മെത്രാനായി നിയമിതനായ ഫാ. ജോഷി ജോർജ് പൊട്ടയ്ക്കൽ മെത്രാഭിഷേക ചടങ്ങുകൾ ഞായറാഴ്ച നടക്കും. മെയ്ൻസ് കത്തീഡ്രലിൽ ഉച്ചകഴിഞ്ഞ് മൂന്നിന് ചടങ്ങുകൾ ആരംഭിക്കും.
മെയ്ൻസ് രൂപതാധ്യക്ഷൻ പീറ്റർ കോൾഗ്രാഫ് മുഖ്യകാർമികത്വം വഹിക്കും. ഫ്രൈബുർഗ് ആർച്ച്ബിഷപ് സ്റ്റെഫാൻ ബുർഗർ, ബ്രസീലിലെ ഇറ്റാറ്റുബയിൽ നിന്നുള്ള ബിഷപ് വിൽമർ സാന്റിൻ എന്നിവർ സഹകാർമികരാക്കും.
രൂപത വികാരി ജനറൽ സെബാസ്റ്റ്യൻ ലാംഗ്, ഫാ. ഫ്രാങ്ക് ബ്ലൂമേഴ്സ് എന്നിവർക്കൊപ്പം പുതിയ മെത്രാൻ വിശുദ്ധ കുർബാന അർപ്പിക്കും. റോമിൽ നിന്നുള്ള സുപ്പീരിയർ ജനറൽ ഫാ. ഡിസിഡേരിയോ ഗാർസിയ ഒ.കാറം, കാനഡയിൽ നിന്നുള്ള ഫാ. ജോയ്സൺ പൊട്ടയ്ക്കൽ (ഫാ. ജോഷിയുടെ സഹോദരൻ) തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
സ്ഥാപനാരോഹണ ചടങ്ങിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കോതമംഗലം ബിഷപ് ജോർജ് മഠത്തിക്കണ്ടവും പങ്കെടുക്കുന്നുണ്ട്. അഭിഷേക ചടങ്ങിന് ശേഷം മെയ്ൻസ് സെമിനാരിയിൽ സ്വീകരണം നൽകും.
മലയാളത്തനിമയും സംഗീതവും വിവിധ സംഗീത സംഘങ്ങൾക്കൊപ്പം മുൾഹൈം-ഒബർഷൗസൻ വികാരിയും മലയാളിയുമായ ഫാ. അജിമോൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഫാ. ജോഷിയുടെ മാതൃഭാഷയായ മലയാളത്തിൽ ഗാനം അവതരിപ്പിക്കും എന്നത് ചടങ്ങിന്റെ പ്രത്യേകതയാണ്.
"വിശ്വാസത്താൽ നയിക്കപ്പെടുന്നു' (Per fidem ductus) എന്നതാണ് അദ്ദേഹത്തിന്റെ മെത്രാൻ മുദ്രാവാക്യം (സങ്കീർത്തനം 37:5). അദ്ദേഹത്തിന്റെ ഔദ്യോഗിക ചിഹ്നത്തിൽ അൽഫയെയും ഒമേഗയെയും സൂചിപ്പിക്കുന്ന "അ', "ഓ' എന്നീ മലയാളം അക്ഷരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
സാധാരണയായി ലത്തീൻ, ഗ്രീക്ക് ഭാഷകൾ മാത്രം ഉപയോഗിക്കുന്ന സ്ഥാനീയ മുദ്രയിൽ, എല്ലാ ഭാഷകളും വിശുദ്ധമാണെന്ന സന്ദേശം നൽകാനാണ് മലയാളവും ജർമൻ ഭാഷയും അദ്ദേഹം തെരഞ്ഞെടുത്തതെന്നു ഫാ. ജോഷി പറഞ്ഞു.
ഫാ. ജോഷി പൊട്ടയ്ക്കൽ: ജീവിതരേഖ
ജനനം: 1977 ഏപ്രിൽ 30, മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ മീൻകുന്നം. മാതാപിതാക്കൾ: പരേതരായ ജോർജ് പൊട്ടയ്ക്കൽ, റോസമ്മ ജോർജ്.മൂന്നു സഹോദരന്മാരും ഒരു സഹോദരിയുമുണ്ട് ഫാ.ജോഷിക്ക്.
പൗരോഹിത്യം: 2003 ഡിസംബർ 28ന് തൃശൂരിൽ വെച്ച് പൗരോഹിത്യം സ്വീകരിച്ചു. കർമ്മലീത്ത സന്യാസ സമൂഹം (ഒ.കാറം, O.Carm, Order of Carmelites) അംഗമാണ് ഫാ. ജോഷി.
ജർമനിയിൽ: 2004ൽ ഉപരിപഠനത്തിനായി ജർമനിയിലെത്തി. തുടർന്ന് മെയ്ൻസ് രൂപതയിൽ യൂത്ത് ചാപ്ലയിൻ, വികാരി, ഡീനറി തലപ്പത്ത് തുടങ്ങി വിവിധ ഉത്തരവാദിത്തങ്ങൾ വഹിച്ചു.
പ്രധാന പദവികൾ: രൂപതാ ചാൻസലർ, എപ്പിസ്കോപ്പൽ വികാരി, കത്തീഡ്രൽ ചാപ്റ്റർ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
വടക്കേ ആഫ്രിക്കയിലെ നുമിഡിയയിലുള്ള സെറാമസ (Seramussa) എന്ന പുരാതന രൂപതയുടെ നാമമാത്ര മെത്രാനായാണ് (Titular Bishop) അദ്ദേഹം അറിയപ്പെടുക.
ഇദ്ദേഹത്തിന്റെ നിയമന പ്രഖ്യാപനം 2025 നവംബർ 26ന് വത്തിക്കാനിലും മെയ്ൻസിലും ഒരേസമയം നടന്നിരുന്നു. എളിമയാർന്ന ജീവിതശൈലിയും ഭരണപാടവുമാണ് അദ്ദേഹത്തെ ഈ ഉന്നത പദവിയിലേക്ക് എത്തിച്ചത്.
സീറോമലബാർ സഭയുടെ പ്രതിനിധി: ജർമനിയിലെ സീറോമലബാർ വിശ്വാസികളുടെ കാര്യങ്ങളിലും വൈദികരുടെ ഏകോപനത്തിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു.