രാജപുരം: ബസിന്റെ തകർന്ന ചില്ലുകഷണങ്ങൾ തൊഴിലാളികൾ വലിച്ചെറിഞ്ഞത് പുഴയിലേക്ക്. ബസിന്റെ പേരുൾപ്പെടെയുള്ള ഭാഗങ്ങൾ പുഴയിൽ നിന്നു കിട്ടിയതോടെ നാട്ടുകാർ പോലീസിൽ പരാതി നൽകി ഉടമയെ വിളിച്ചുവരുത്തി എല്ലാം പുഴയിൽനിന്ന് തിരികെയെടുപ്പിച്ചു.
പാണത്തൂർ- കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന അക്സം ബസിന്റെ മുൻവശത്തെ ഗ്ലാസിന്റെ തകർന്ന ഭാഗങ്ങളാണ് കഴിഞ്ഞദിവസം രാത്രി തൊഴിലാളികൾ പൂക്കയം പുഴയിലേക്ക് വലിച്ചെറിഞ്ഞത്. നേരം പുലർന്നപ്പോൾ പുഴയിൽ കുളിക്കാനിറങ്ങിയ ഉന്നതി നിവാസികളാണ് പുഴയിൽ ചില്ലുകഷണങ്ങൾ കണ്ടത്.
തുടർന്ന് പഞ്ചായത്തംഗത്തിന്റെയും ആരോഗ്യപ്രവർത്തകരുടെയും സാന്നിധ്യത്തിൽ പരിശോധന നടത്തിയപ്പോൾ അക്സം ബസിന്റെ സ്റ്റിക്കർ ശ്രദ്ധയിൽപെട്ടു. നാട്ടുകാർ രാജപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് ബസുടമയെ വിളിച്ചുവരുത്തി. തുടർന്ന് ബസുടമയുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ചില്ലുകഷണങ്ങളെല്ലാം പുഴയിൽനിന്ന് തിരികെ എടുപ്പിക്കുകയായിരുന്നു.