ന്യൂഡൽഹി: നിങ്ങൾ ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ടോ, നിങ്ങളോട് സംസാരിക്കാൻ ആരുമില്ലെന്ന തോന്നലുണ്ടോ ? എന്നാൽ ഇതാ നിങ്ങൾക്കായി ഫ്രണ്ട് എത്തുന്നു, ഒറ്റപ്പെടൽ മാറ്റാനും എപ്പോഴും കൂടെയിരുന്ന് സംസാരിക്കാനുമായി എഐ അധിഷ്ഠിത പെൻഡന്റുമായി കലിഫോർണിയ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ 'ഫ്രണ്ട്'.
2024ൽ പുറത്തിറക്കിയ ആദ്യ പതിപ്പിന് ശേഷം, കൂടുതൽ പുതിയ ഫീച്ചറുകളോടെ 'ഫ്രണ്ട് 2.0' എന്ന പുതിയ പതിപ്പാണ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 249 ഡോളർ (ഏകദേശം 20,800 രൂപ) വിലയുള്ള ഈ പെൻഡന്റ് കമ്പനിയുടെ വെബ്സൈറ്റ് വഴി സ്വന്തമാക്കാം.
നേരത്തെ ടെക്സ്റ്റ് സന്ദേശങ്ങളിലൂടെ മാത്രം മറുപടി നൽകിയിരുന്ന പെൻഡന്റിൽ നിന്ന് വ്യത്യസ്തമായി, പുതിയ ഫ്രണ്ട് 2.0ൽ സ്പീക്കർ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ പെൻഡന്റിന് നേരിട്ട് ഉപയോക്താവിനോട് സംസാരിക്കാനാകും.
ഓപ്പൺഎഐയുടെ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഈ പെൻഡന്റിന് സ്വന്തമായി പേരും സ്വഭാവവും ശബ്ദവുമുണ്ടായിരിക്കും. ഉപയോക്താവുമായുള്ള സംഭാഷണങ്ങൾ 30 ദിവസം വരെ ഓർത്തുവെക്കാൻ ഇതിന് സാധിക്കും. മാസം 9.99 ഡോളറിന്റെ സബ്സ്ക്രിപ്ഷൻ എടുത്താൽ ഈ ഓർമകൾ സ്ഥിരമായി സൂക്ഷിക്കാനും സാധിക്കും.
അതേസമയം, മനുഷ്യബന്ധങ്ങൾക്ക് പകരം ഒരു ഡിജിറ്റൽ ഉപകരണം ഉപയോഗിക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്. ശാസ്ത്ര ഫിക്ഷൻ സിനിമയായ 'ബ്ലാക്ക് മിറർ' ഓർമിപ്പിക്കുന്ന തരത്തിലുള്ള സംഭവമാണിതെന്നും ഇത് മനുഷ്യരുടെ വികാരങ്ങളെ ചൂഷണം ചെയ്യുന്നതാണെന്നും ചിലർ അഭിപ്രായപ്പെട്ടു.
എന്നാൽ ഇതൊരു വോയ്സ് അസിസ്റ്റന്റോ പ്രണയ പങ്കാളിയോ അല്ലെന്നും, ആളുകളോട് സംസാരിക്കാനും മാനസിക പിന്തുണ നൽകാനുമുള്ള ഒരു യഥാർഥ കൂട്ടുകാരനാണെന്നുമാണ് കമ്പനിയുടെ 24കാരനായ സ്ഥാപകൻ ആവി ഷിഫ്മാന്റെ വിശദീകരണം.