ചിന്താവിഷയം
ഗ്രീക്ക് കവിയായ ഹോമർ മൂവായിരം വർഷംമുന്പ് രചിച്ച മഹാകാവ്യമാണ് ഒഡിസ്സി. ട്രോജൻ യുദ്ധത്തിനുശേഷം ഗ്രീക്ക് യുദ്ധവീരനായ ഒഡിസ്യസ് സ്വന്തം നഗരമായ ഇത്താക്കയിലേക്കു നടത്തുന്ന മടക്കയാത്ര വിവരിക്കുന്നതാണ് ഈ മഹത്തായ കൃതി. ഗ്രീക്കുകാരും ട്രോജൻ നഗരവും തമ്മിലായിരുന്നു യുദ്ധം. ഈ യുദ്ധത്തിൽ അഗമെംനോണ് സൈന്യത്തിന്റെ മുഖ്യനായകനായിരുന്നു. അക്കിലീസ് ആയിരുന്നു ഏറ്റവും ശക്തനായ യോദ്ധാവ്. എന്നാൽ ഒഡിസ്യസിന്റെ ബുദ്ധിശക്തിയും തന്ത്രപരമായ നീക്കങ്ങളുമാണ് യുദ്ധം വിജയിപ്പിച്ചത്. ആ കഥയാണ് അദ്ദേഹം രൂപകല്പനചെയ്ത് ആവിഷ്കരിച്ച ട്രോജൻ കുതിരയുടെ കഥ.
ഗ്രീക്കുകാരും ട്രോജൻ നഗരവും തമ്മിലുള്ള യുദ്ധം പത്തുവർഷം നീണ്ടുനിന്നു. ട്രോജൻ നഗരത്തിന്റെ പ്രതിരോധം തകർക്കാൻ സാധിക്കാതെവന്നതുകൊണ്ട് ഗ്രീക്ക് പോരാളികൾക്ക് അവിടെ പ്രവേശിക്കാൻ സാധിച്ചില്ല. അപ്പോഴാണ് തടികൊണ്ട് ഭീമാകാരനായ ഒരു കുതിരയെ നിർമിച്ച് അതിനുള്ളിൽ മുപ്പതു യോദ്ധാക്കളെ ഒളിപ്പിച്ച് അവർ ട്രോജൻ നഗരത്തിൽ കടക്കുകയും അതേത്തുടർന്ന് ഗ്രീക്കുകാർ ട്രോജൻ നഗരത്തെ തോൽപ്പിക്കുകയും ചെയ്തത്.
യുദ്ധം ജയിച്ചശേഷം ഒഡിസ്യസ് തന്റെ രാജ്യത്തേക്കുള്ള മടക്കയാത്ര ആരംഭിച്ചു. എന്നാൽ ആ മടക്കയാത്രയാകട്ടെ പത്തുവർഷം നീണ്ടുനിന്നു. പല പരീക്ഷണങ്ങളും പ്രലോഭനങ്ങളും നിറഞ്ഞ യാത്രയായിരുന്നു അത്. യാത്രയ്ക്കിടയിൽ ഒഡിസ്യസും കൂട്ടരും ഒരു ദ്വീപിലെത്തി. അവിടെ താമസിച്ചിരുന്ന ആളുകൾ വളരെ സൗമ്യരായിരുന്നു. അവർ അതിഥികൾക്ക് ലോട്ടസ് എന്ന വിചിത്ര പഴം നൽകി. മറവിയും മയക്കവും സൃഷ്ടിക്കുന്ന ഒരു പഴമായിരുന്നു അത്.
ലോട്ടസ് പഴം കഴിച്ച ഒഡിസ്യസിന്റെ പോരാളികൾ അതിവേഗം അവരുടെ ഭൂതകാലം മറന്നു. വീട്ടിലേക്കു മടങ്ങാനുള്ള ആഗ്രഹം അവർക്ക് ഇല്ലാതായി. ലോട്ടസ് പഴം നൽകിയ സുഖാനുഭൂതിയിൽ അവർ ലയിച്ചു. അവിടെ തുടർന്നു ജീവിക്കണമെന്ന് അവർ മോഹിച്ചു. എന്നാൽ ഒഡിസ്യസ് അതിവേഗം അപകടം മണത്തറിഞ്ഞു. അദ്ദേഹം ഉണർന്നു പ്രവർത്തിച്ചു. തന്റെ പോരാളികളെ ബലമായി വലിച്ചിഴച്ച് കപ്പലിലേക്കു കൊണ്ടുപോയി അവിടെ കെട്ടിയിട്ടു. അതേത്തുടർന്നാണ് അദ്ദേഹം മടക്കയാത്ര വീണ്ടും ആരംഭിച്ചത്. ആ ദ്വീപിൽ തുടർന്നാൽ അവർ ഒരിക്കലും വീട്ടിലേക്കു മടങ്ങില്ലെന്ന് ഒഡിസ്യസിന് അറിയാമായിരുന്നു. കാരണം അവർ ഒരു സ്വപ്നലോകത്തിൽ മുങ്ങിപ്പോയിരുന്നു.
ഈ കഥ നൂറ്റാണ്ടുകളായി കലാകാരന്മാരെയും എഴുത്തുകാരെയും ഏറെ ആകർഷിച്ചിട്ടുണ്ട്. ഇംഗ്ലീഷ് കവിയായ ആൽഫ്രഡ് ടെന്നിസണ് ഈ കഥയെ ആധാരമാക്കിയാണ് "ദി ലോട്ടസ് ഈറ്റേഴ്സ്' എന്ന കവിത രചിച്ചത്. ഉത്തരവാദിത്വങ്ങളിൽനിന്നും ജീവിതത്തിന്റെ യാഥാർഥ്യങ്ങളിൽനിന്നും അകന്നുമാറി സ്വപ്നലോകത്തിൽ മുങ്ങിപ്പോകുന്നവരെയാണ് ടെന്നിസണ് ഈ കവിതയിൽ അവതരിപ്പിക്കുന്നത്.
ബ്രിട്ടീഷ് സംഗീതജ്ഞനായ ഹ്യൂബെർട്ട് പാരി ഈ കവിതയെ ആധാരമാക്കി ഒരു ഓർക്കെസ്ട്രയ്ക്ക് രൂപംനൽകിയിട്ടുണ്ട് എന്നത് ഈ കഥയുടെ പ്രാധാന്യം എടുത്തുകാട്ടുന്നു. റിക്ക് റിയോർഡൻ എഴുതിയ "ദ ലൈറ്റ്നിംഗ് തീഫ്' എന്ന നോവലിൽ ഒരു ലോട്ടസ് ഹോട്ടൽ ആൻഡ് കസീനോ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ ഹോട്ടലിലെ വിനോദങ്ങളിൽ മുഴുകിക്കിടക്കുന്നവർക്ക് സമയംപോകുന്നത് അറിയുന്നില്ല. എന്നാൽ അതുവഴി അവരുടെ ജീവിതം പാഴായിപ്പോകുന്നു.
1935ൽ സ്റ്റാൻലി വെയ്ൻബൗം എഴുതിയ "ദി ലോട്ടസ് ഈറ്റേഴ്സ്' എന്ന ഒരു കഥയുണ്ട്. ഈ കഥയിൽ സസ്യസ്വഭാവമുള്ള ബുദ്ധിജീവികളെയാണ് അവതരിപ്പിക്കുന്നത്. മന്ദഗതിയിലുള്ള ജീവിതം നയിക്കുന്ന ഈ ജീവികൾക്ക് പോരാട്ടവീര്യമോ ലക്ഷ്യബോധമോ ഇല്ല.
ഹോമർ പറയുന്ന ലോട്ടസ് ദ്വീപിന്റെ കഥയും ആ കഥയെ അനുകരിച്ച് പിന്നീടു പ്രത്യക്ഷപ്പെട്ട മറ്റു സാഹിത്യസൃഷ്ടികളും നൽകുന്നത് ഒരേ സന്ദേശംതന്നെയാണ്. അതായത് മനുഷ്യജീവിതത്തിന്റെ ഏറ്റവും വലിയ ഭീഷണി കഷ്ടപ്പാടോ പരാജയമോ അല്ല. പ്രത്യുത, ലക്ഷ്യബോധമില്ലാത്ത സുഖാന്വേഷണമാണ്.
ഇന്നത്തെ മനുഷ്യനും ജീവിതത്തിൽ സുഖം അന്വേഷിക്കുന്നു. ചിലർ അതു സന്പത്തിൽ കണ്ടെത്തുന്പോൾ മറ്റു ചിലർ അധികാരത്തിലും സ്ഥാനമാനങ്ങളിലുമാണ് അതു ദർശിക്കുക. വേറേ ചിലരാകട്ടെ പ്രശസ്തിയുടെ പിന്നാലെയാണ് പായുന്നത്. സോഷ്യൽ മീഡിയയുടെയും മറ്റും മായാജാലത്തിൽ മയങ്ങിപ്പോകുന്നവരും ഏറെയാണ്.
ഇന്നത്തെ ലോകം മനുഷ്യനു നൽകുന്ന ലോട്ടസ് ഫലങ്ങൾ വേറേയുമുണ്ട്. ധാർമികത മറന്നു ജീവിക്കാൻ ഈ ഫലങ്ങൾ മനുഷ്യനെ പ്രേരിപ്പിക്കുന്നു. ഒന്നും തെറ്റല്ല എന്ന ചിന്താഗതിയോടെ ജീവിക്കാനും അങ്ങനെ നൈമിഷിക സുഖം തേടുവാനും അതു കാരണമാകുന്നു. തന്മൂലം സംഭവിക്കുന്നത് എന്താണെന്നോ? ജീവിതത്തിൽ ദിശാബോധം നഷ്ടപ്പെടുന്നു. ബന്ധങ്ങൾ ക്ഷയിച്ചുപോകുന്നു. സ്വപ്നങ്ങൾ മങ്ങുന്നു. ജീവിതം അർഥമില്ലാത്തതായി മാറുന്നു.
റോമൻ ചിന്തകനായ സെനക്ക ഒരിക്കൽ എഴുതി: ""നമുക്കു ജീവിക്കാൻ സമയം ധാരാളമുണ്ട്. എന്നാൽ നമ്മൾ അതു വെറുതെ കളയുന്നു.'' ഓസ്ട്രിയൻ സൈക്യാട്രിസ്റ്റായിരുന്ന വിക്ടർ ഫ്രാങ്കൽ എഴുതി: ""ജീവിക്കാൻ നമുക്കൊരു കാരണമുണ്ടെങ്കിൽ നാം ഏതു പ്രതിസന്ധിയും ധൈര്യപൂർവം നേരിടും. ശരിയായ ലക്ഷ്യബോധമില്ലാത്ത ജീവിതമാണ് പലരുടേയും.'' പക്ഷേ ആ ജീവിതം എത്ര സുഖകരമെന്നു തോന്നിയാലും അതിന്റെ അന്ത്യം വിനാശമായിരിക്കും.
ലോട്ടസ് ഈറ്റേഴ്സിന്റെ കഥ നമ്മെ ഓർമിപ്പിക്കുന്നത് ജീവിതം ഒരു യാത്രയാണെന്നുള്ളതാണ്. സന്തോഷവും സമാധാനവും നിറഞ്ഞുനിൽക്കുന്ന ഭവനത്തിലേക്കുള്ള ഒരു മടക്കയാത്ര. ആ യാത്രയ്ക്കിടയിൽ ശരിയായ സന്തോഷം അനുഭവിക്കുന്നതിൽ തെറ്റില്ല. എന്നാൽ സുഖം തേടലാണ് നമ്മുടെ ലക്ഷ്യമെങ്കിൽ യാത്ര ശരിയായ ലക്ഷ്യസ്ഥാനത്ത് എത്തുകയില്ലെന്നതാണ് വസ്തുത.
തത്വചിന്തകനും ദൈവശാസ്ത്രജ്ഞനുമായിരുന്ന സെന്റ് അഗസ്റ്റിൻ എഴുതി: ""ദൈവമേ, അങ്ങേക്കായി നീ ഞങ്ങളെ സൃഷ്ടിച്ചു. അങ്ങിൽ എത്തുന്നതുവരെ ഞങ്ങളുടെ ഹൃദയം അസ്വസ്ഥമായിരിക്കും.'' നാം ദൈവത്തിൽനിന്നാണല്ലോ വരുന്നത്. നാം മടങ്ങുന്നതും ദൈവത്തിലേക്കുതന്നെ. ഇതു മറക്കാതെവേണം നാം ജീവിക്കാൻ.
ലോട്ടസ് പഴം നൽകിയ നൈമിഷികസുഖത്തിന് അടിമകളായി ജീവിക്കാൻ ഒഡിസ്യസ് തന്റെ പോരാളികളെ അനുവദിച്ചില്ല. അവരെ സ്വന്തം ഭവനങ്ങളിൽ തിരിച്ചെത്തിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം അവരെ വലിച്ചിഴച്ചു കൊണ്ടുപോയത്. നമ്മെയും നമ്മെപ്പോലെ മറ്റുള്ളവരെയും യഥാർഥ ഭവനമായ സ്വർഗത്തിലെത്തിക്കണമെന്നുള്ളതായിരിക്കട്ടെ നമ്മുടെ ആത്യന്തിക ജീവിതലക്ഷ്യം. അപ്പോൾ യാത്രയ്ക്കിടയിൽ നാം ലോട്ടസ് ഫലം തേടി പോവില്ല.