ന്യൂഡൽഹി: ഡൽഹി ശാസ്ത്രി പാർക്കിലെ ഫർണിച്ചർ മാർക്കറ്റിൽ വൻ തീപിടിത്തമുണ്ടായി. തീ അണയ്ക്കാനെത്തിയ ഫയർഫോഴ്സ് വാഹനങ്ങൾക്ക് നേരെ നാട്ടുകാർ കല്ലെറിഞ്ഞു.
തീപിടിത്തമുണ്ടായ ആദ്യഘട്ടത്തിൽ രണ്ട് ഫയർഫോഴ്സ് വാഹനങ്ങൾ മാത്രമാണ് എത്തിയതെന്നും ഇത് തീ അണയ്ക്കാൻ പര്യാപ്തമല്ലെന്നും ആരോപിച്ച് കോപാകുലരായ നാട്ടുകാർ കല്ലെറിയുകയായിരുന്നു.
ഫയർഫോഴ്സ് അധികൃതർ പറയുന്നതനുസരിച്ച്, ശനിയാഴ്ച പുലർച്ചെ 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ ഉടൻ തന്നെ ആദ്യഘട്ട അഗ്നിശമന സേനാസംഘം സ്ഥലത്തെത്തി. എന്നാൽ തടിയും പ്ലൈവുഡും സൂക്ഷിച്ചിരുന്ന കടകളിലേക്ക് തീ അതിവേഗം പടരുന്പോഴും ഫയർഫോഴ്സ് വാഹനങ്ങളുടെ എണ്ണം കുറവായതെന്നാരോപിച്ചാണ് നാട്ടുകാർ കല്ലെറിഞ്ഞത്. പിന്നീട് 25 ഫയർഫോഴ്സ് വാഹനങ്ങൾ സ്ഥലത്തെത്തിച്ചാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.