ധാക്ക: ബംഗ്ലാദേശിന്റെ ഭാവിയിൽ അതിനിർണായകമായ പൊതുതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. പതിമൂന്നാം പാർലമെന്റിനെ തെരഞ്ഞെടുക്കുന്നതിനു പുറമേ ജൂലൈ നാഷണൽ ചാർട്ടർ എന്നു പേരിട്ടിരിക്കുന്ന 84 ഇന പരിഷ്കരണ പാക്കേജിനെക്കുറിച്ചുള്ള ജനഹിത പരിശോധനയും തെരഞ്ഞെടുപ്പിലൂടെ പൂർത്തിയാകും.
പ്രാദേശികസമയം ഇന്നലെ വൈകുന്നേരം 4:30 നു വോട്ടെടുപ്പ് പൂർത്തിയായി. പിന്നാലെ വോട്ടെണ്ണൽ തുടങ്ങി. ആകെയുള്ള 300 മണ്ഡലങ്ങളിൽ 299 എണ്ണത്തിലാണു വോട്ടെടുപ്പ്. 42,779 പോളിംഗ് ബൂത്തുകളിലായി അന്പതുലക്ഷത്തോളം കന്നിവോട്ടർമാർ ഉൾപ്പെടെ 12.7 കോടി വോട്ടർമാർ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ഒട്ടേറെ ജില്ലകളില്‍ നിന്ന് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗോപാല്‍ഗഞ്ച് സദറിലെ പോളിംഗ് ബൂത്തിനുനേരേ ഒരു സംഘം ക്രൂഡ് ബോംബ് എറിഞ്ഞു. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.
ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസ്, ബിഎൻപി അധ്യക്ഷൻ താരിഖ് റഹ്മാൻ, ജമാഅത്ത് ഇസ്ലാമി തലവൻ ഷാഫിഖുർ റഹ്മാൻ തുടങ്ങിയ പ്രമുഖർ വോട്ട് രേഖപ്പെടുത്തി. പുതിയ സർക്കാരിന്റെ ഭാഗമാകാൻ ആഗ്രഹമില്ലെന്ന് മുഹമ്മദ് യൂനുസ് വ്യക്തമാക്കിയിട്ടുണ്ട്.
ബംഗ്ലാദേശ് നാഷണൽ പാർട്ടിയും (ബിഎൻപി) ഒരുകാലത്ത് അവരുടെ സഖ്യകക്ഷിയായിരുന്ന ജമാ അത്ത് ഇസ്ലാമിയും തമ്മിലാണു പ്രധാനപോരാട്ടം. നൊബേൽപുരസ്കാര ജേതാവ് മുഹമ്മദ് യൂനിസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനു പകരം രാജ്യത്തെ ആരുഭരിക്കുമെന്ന ആകാംക്ഷ ബംഗ്ലാദേശിൽ മാത്രമല്ല ഇന്ത്യയും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഉൾപ്പെടെ അയൽരാജ്യങ്ങളിലും ശക്തമായിക്കഴിഞ്ഞു.
2024ലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെത്തുടര്‍ന്നു ഷെയ്ക്ക് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാർ നിലംപൊത്തിയതാണ് സംഭവപരന്പരകളുടെ തുടക്കം. പ്രക്ഷോഭം അടിച്ചമർത്താൻ ഉത്തരവിട്ടതിനെത്തുടർന്ന് അവാമി ലീഗിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്ക് ഉണ്ട്. ഒരു കക്ഷിയുടെ പങ്കാളിത്തമില്ലാതെ നടന്ന തെരഞ്ഞെടുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് അവാമി ലീഗ് ആരോപിച്ചു. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യവും അവർക്കുണ്ട്.