കാലിഫോർണിയ: കൃത്രിമബുദ്ധി രംഗത്ത് സഹപ്രവർത്തകരെയും എതിരാളികളെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ട് ഗൂഗിളിന്റെ പുതിയ മുന്നേറ്റം. 'ജെമിനി 4 ആർഗൺ' മോഡൽ പുറത്തിറക്കി വെറും രണ്ടാഴ്ചക്കുള്ളിൽ അതിലും ശക്തമായ 'ജെമിനി 4 കാർബൺ' ഗൂഗിൾ അവതരിപ്പിച്ചു. സങ്കീർണമായ പ്രോഗ്രാമിംഗ് പ്രക്രിയകൾക്കും സൈബർ സുരക്ഷാ കാര്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ രീതിയിലാണ് ഈ പുതിയ മോഡൽ വികസിപ്പിച്ചിരിക്കുന്നത്.
ആർട്ടിഫിഷ്യൽ അനാലിസിസ് ഇന്റലിജൻസ് ഇൻഡക്സിൽ (v5.0) 59 പോയിന്റോടെ
ജെമിനി 4 കാർബൺ ഒന്നാമതെത്തി. എതിരാളികളായ ക്ലോഡ് ഓപ്പസ് 5.5, ജിപിടി-6 ആസ്ട്ര എന്നിവയെ ബഹുദൂരം പിന്നിലാക്കിയാണ് ഈ നേട്ടം.
സോഫ്റ്റ്വെയറുകളിലെ സുരക്ഷാ വീഴ്ചകളും തകരാറുകളും കണ്ടെത്താൻ കാർബൺ മോഡലിന് പ്രത്യേക ശേഷിയുണ്ട്. കോഡുകളിലെ തകരാറുകൾ പരിഹരിക്കാനുള്ള സുരക്ഷിതമായ 'പാച്ചുകൾ' നിർമിക്കുന്നതിൽ മറ്റ് മോഡലുകളെക്കാൾ പത്തിരട്ടിയിലധികം കാര്യക്ഷമത ഇതിനുണ്ടെന്ന് ഗൂഗിൾ ദീപ്മൈൻഡ് ഭാരവാഹികൾ വ്യക്തമാക്കി.
എഐ നൽകുന്ന തെറ്റായ വിവരങ്ങൾ അല്ലെങ്കിൽ വ്യാജമായ ഉത്തരങ്ങൾ പഴയ ആർഗൺ മോഡലിനെ അപേക്ഷിച്ച് പകുതിയായി കുറയ്ക്കാൻ ഗൂഗിളിന് സാധിച്ചിട്ടുണ്ട്. തത്സമയ കോഡിംഗിൽ ഉണ്ടാകുന്ന പിശകുകൾ 80 ശതമാനത്തോളം കുറക്കാൻ ഇതിലൂടെ കഴിഞ്ഞു.
സാങ്കേതികവിദ്യയുടെ അതിരുകൾ വ്യാപിപ്പിക്കാൻ ഗൂഗിളിന് എത്ര വേഗത്തിൽ സാധിക്കുന്നു എന്നതിന്റെ തെളിവാണ് ജെമിനി 4 കാർബണിന്റെ വേഗത്തിലുള്ള റിലീസെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ 'എക്സ്' പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇതിന്റെ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജെമിനി 4 കാർബൺ വളരെ ശക്തമായ എഐ മോഡലായതിനാൽ എല്ലാവർക്കും ഇത് ഒറ്റയടിക്ക് ലഭ്യമാക്കില്ല. ഈ ആഴ്ച മുതൽ തെരഞ്ഞെടുക്കപ്പെട്ട ചില സൈബർ സുരക്ഷാ വിദഗ്ദ്ധർക്ക് മാത്രമേ ഇതിലേക്ക് ആദ്യഘട്ടത്തിൽ പ്രവേശനം ലഭിക്കൂ. തുടർന്ന് ഇന്റർനെറ്റ് സേവന ദാതാക്കൾക്കും മറ്റ് പങ്കാളികൾക്കും ഘട്ടംഘട്ടമായി നൽകിയ ശേഷം മാത്രമായിരിക്കും പൊതുജനങ്ങൾക്ക് ലഭ്യമാക്കുക.