തിരുവനന്തപുരം: ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത തലമുറകള്‍ക്ക് പ്രചോദനമേകിയ മഹാ ഇടയനായിരുന്നുവെന്ന് സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഡോ. ആന്റണി പൂല. ഐക്യത്തിന്റെയും സത്യാന്വേഷണത്തിന്റെയും ഉത്തമമാതൃകയായിരുന്നു ധന്യന്‍ മാര്‍ ഈവാനിയോസ്.
ധന്യന്‍ മാര്‍ ഈവാനിയോസിന്റെ 73-ാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന സമൂഹബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍.
രാവിലെ നടന്ന സമൂഹബലിയില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാര്‍മികനായിരുന്നു. ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, കസാക്കിസ്ഥാനിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ജോര്‍ജ് പനംതുണ്ടില്‍, ബിഷപ്പുമാരായ സാമുവേല്‍ മാര്‍ ഐറേനിയോസ്, ജോസഫ് മാര്‍ തോമസ്, വിന്‍സെന്റ് മാര്‍ പൗലോസ്, തോമസ് മാര്‍ അന്തോണിയോസ്, ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, മാത്യൂസ് മാര്‍ പോളികാര്‍പ്പസ്, മാത്യൂസ് മാര്‍ പക്കോമിയോസ്, ആന്റണി മാര്‍ സില്‍വാനോസ്, യൂഹാനോന്‍ മാര്‍ അലക്സിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് എന്നിവരും സഹകാര്‍മികരായിരുന്നു.
മൂന്നൂറിലേറെ വൈദികരും സമൂഹബലിയില്‍ പങ്കുചേര്‍ന്നു. കത്തീഡ്രല്‍ കവാടത്തില്‍ കര്‍ദിനാള്‍ ആന്റണി പൂലയ്ക്ക് മലങ്കര കത്തോലിക്കാ സഭയുടെ ഔദ്യോഗിക സ്വീകരണം ഇതിനോടനുബന്ധിച്ച് നല്കി. തുടര്‍ന്ന് കബറിടത്തില്‍ അനുസ്മരണ പ്രാര്‍ഥന നടന്നു.
ധന്യന്‍ മാര്‍ ഈവാനിയോസ് ഉപയോഗിച്ചിരുന്ന അംശവടിയും സ്ലീബായുമാണ് കാതോലിക്കാബാവ ഉപയോഗിച്ചത്. റവ. ഡോ. സിറിള്‍ ആനന്ദ് ഒഐസി, റവ. ഡോ. പ്രമോദ് ഒഐസി എന്നിവര്‍ രചിച്ച പുസ്തകങ്ങള്‍ കാതോലിക്കാ ബാവ പ്രകാശനം ചെയ്തു.
നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വിശ്വാസികളുടെ വലിയ പങ്കാളിത്തം അനുസ്മരണ ശുശ്രൂഷകളില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ 15 ദിവസമായി നടന്നുവന്ന ഓര്‍മപ്പെരുന്നാള്‍ സമാപിച്ചു.