കോട്ടയം: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍നിന്ന് സസ്യശാസ്ത്ര ലോകത്തിന് പുതിയൊരു ചെടി കൂടി. സ്റ്റെല്ലേറിയ വിഭാഗത്തില്‍പ്പെടുന്ന പുതിയ സസ്യത്തെയാണ് ഗവേഷകർ കണ്ടെത്തിയത്. സ്റ്റെല്ലേറിയ ബെയ്ലിയെന്നാണ് പുതിയ സസ്യത്തിന് നൽകിയിരിക്കുന്ന ശാസ്ത്രനാമം.
മലയാളം അച്ചടിയുടെ പിതാവായി അറിയപ്പെടുന്ന ബെഞ്ചമിന്‍ ബെയ്ലിയുടെ സ്മരണയ്ക്കാണ് ഈ പേര് നൽകിയിരിക്കുന്നത്. ആഗ്രയില്‍ യമുനാ നദീതീരത്ത് നടത്തിയ പഠനത്തിലാണ് ഈ സസ്യം കണ്ടെത്തിയത്.
കോട്ടയം സിഎംഎസ് കോളജിലെ സസ്യശാസ്ത്ര വിഭാഗത്തിലെ ഡോ. റോജിമോന്‍ പി. തോമസ്, ചങ്ങനാശേരി എസ്ബി കോളജിലെ സസ്യശാസ്ത്ര വിഭാഗത്തിലെ ഡോ. ആര്യ സിന്ധു, ഉത്തര്‍പ്രദേശിലെ മാ സകുമ്പരി സര്വകലാശാാല ബോട്ടണി വിഭാഗത്തിലെ ഡോ. ഹര്‍ഷ സിംഗ് എന്നിവരടങ്ങിയ സംഘമാണ് പുതിയ സസ്യം കണ്ടെത്തിയത്. അന്താരാഷ്ട്ര സസ്യശാസ്ത്ര ജേണലായ ‘ഫൈറ്റോടാക്സി’ലാണ് ഗവേഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.