മാനന്തവാടി: 16 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് അടിസ്ഥാനരഹിതമാണെന്ന് പ്രതികളുടെ ബന്ധുക്കൾ.
പെണ്‍കുട്ടിയുടെ അച്ഛനും മാനന്തവാടി പോലീസും ചേർന്ന് കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രതികളിലൊരാളുടെ അമ്മ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. ജൂലൈ 12ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയെന്ന പിതാവിന്റെ പരാതിയിൽ മാനന്തവാടി പോലീസ് ആറുപേരെ അറസ്റ്റ് ചെയ്യുകയും കോടതി ഇവരെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ അന്ന് അത്തരത്തിലുള്ള യാതൊരു കുറ്റകൃത്യങ്ങളും നടന്നിട്ടില്ലെന്നാണ് പ്രതികളുടെ ബന്ധുക്കൾ പറയുന്നത്. സംഭവദിവസം രാത്രി ഒന്‍പതിന് പെണ്‍കുട്ടി തന്റെ സുഹൃത്തായ ജനിലിയയ്ക്കൊപ്പം രക്ഷിതാക്കളുടെ അറിവോടും സമ്മതത്തോടും കൂടിയാണ് ഭക്ഷണം കഴിക്കാൻ പോയതെന്ന് ബന്ധുക്കൾ പറയുന്നു.
തട്ടിക്കൊണ്ടുപോയതിനോ ഭീഷണിപ്പെടുത്തിയതിനോ ഉള്ള തെളിവുകൾ പ്രതികളുടെ ഫോണുകളിൽ നിന്നോ മറ്റോ ലഭിച്ചിട്ടില്ല. കൂടാതെ പെണ്‍കുട്ടിക്ക് നേരേ ശാരീരികമോ മാനസികമോ ആയ അതിക്രമങ്ങളോ നിർബന്ധിച്ച് മദ്യപിപ്പിക്കലോ ഉണ്ടായിട്ടില്ലെന്നും ഇവർ അവകാശപ്പെട്ടു. 13ന് വാഹനാപകടം നടന്ന വിവരം അറിഞ്ഞിട്ടും വീട്ടുകാർ ആദ്യം പരാതി നൽകിയിരുന്നില്ല. എന്നാൽ അപകടത്തിന് പിന്നാലെ ലഹരി മാഫിയ ബന്ധം ആരോപിച്ച് വാർത്തകൾ വന്നോടെ പെണ്‍കുട്ടിക്കെതിരേ നിയമനടപടി ഉണ്ടാകുമോ എന്ന ഭയത്താലാണ് പിതാവ് പിന്നീട് വ്യാജ പരാതി നൽകിയതെന്നാണ് പ്രതികളുടെ കുടുംബാംഗങ്ങളുടെ ആരോപണം. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു.