ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ബിസിനസുകൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഓൺലൈൻ അനുഭവങ്ങൾ നൽകാൻ വിവിധ തേർഡ്-പാർട്ടി പ്ലാറ്റ്ഫോമുകളെ ആശ്രയിക്കാറുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പ്രമുഖമായ ഒന്നാണ് ഒപ്റ്റിമൈസ്ലി. എന്നാൽ ഈ പ്ലാറ്റ്ഫോമിലുണ്ടായ സുരക്ഷാ വീഴ്ച ഡിജിറ്റൽ സുരക്ഷാ രംഗത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
മുൻനിര ആഗോള കമ്പനികളും സ്ഥാപനങ്ങളും തങ്ങളുടെ വെബ്സൈറ്റുകളും ആപ്പുകളും കൂടുതൽ ആകർഷകവും ഉപയോക്തൃ സൗഹൃദവുമാക്കാനാണ് ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്.
ഒപ്റ്റിമൈസ്ലി എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
എ/ബി ടെസ്റ്റിംഗ്: ഒരു വെബ്സൈറ്റിന്റെയോ ആപ്പിന്റെയോ ഏത് ഡിസൈൻ, ലേഔട്ട് അല്ലെങ്കിൽ ഫീച്ചറാണ് ഉപയോക്താക്കൾക്ക് കൂടുതൽ ഇഷ്ടപ്പെടുന്നത് എന്ന് പരിശോധിച്ചറിയാൻ കമ്പനികളെ ഇത് സഹായിക്കുന്നു. ഒരേ വെബ്സൈറ്റിന്റെ രണ്ട് വ്യത്യസ്ത രൂപങ്ങൾ (Version A, Version B) ഒരേസമയം ഉപയോക്താക്കൾക്ക് നൽകി ഏതാണ് കൂടുതൽ മികച്ച ഫലം നൽകുന്നത് എന്ന് കണ്ടെത്താൻ ഇതിലൂടെ സാധിക്കും.
കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം: വെബ്സൈറ്റുകളിലേക്ക് ആവശ്യമായ ഉള്ളടക്കങ്ങൾ (ആർട്ടിക്കിളുകൾ, ചിത്രങ്ങൾ, വീഡിയോകൾ) എളുപ്പത്തിൽ നിർമിക്കാനും കൈകാര്യം ചെയ്യാനും പ്രസിദ്ധീകരിക്കാനും സഹായിക്കുന്ന ശക്തമായ ടൂളുകൾ ഇതിലുണ്ട്.
വ്യക്തിഗത അനുഭവങ്ങൾ: വെബ്സൈറ്റ് സന്ദർശിക്കുന്ന ഓരോ ഉപയോക്താവിന്റെയും താൽപ്പര്യങ്ങൾ, മുൻകാല തെരഞ്ഞെടുപ്പുകൾ, ലൊക്കേഷൻ എന്നിവ അടിസ്ഥാനമാക്കി അവർക്ക് അനുയോജ്യമായ രീതിയിൽ ഉള്ളടക്കങ്ങളും ഉത്പന്നങ്ങളും പ്രദർശിപ്പിക്കാൻ ഒപ്റ്റിമൈസ്ലി സഹായിക്കുന്നു.
കൊമേഴ്സും ഡാറ്റ അനലിറ്റിക്സും: ഇ-കോമഴ്സ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ഉപയോക്താക്കളുടെ പെരുമാറ്റങ്ങൾ നിരീക്ഷിച്ചു കൃത്യമായ ഡാറ്റ വിശകലനം നടത്തുന്നതിനും ഒപ്റ്റിമൈസ്ലിയിൽ പ്രത്യേക സംവിധാനങ്ങളുണ്ട്.
ജാവാസ്ക്രിപ്റ്റ് സ്നിപ്പറ്റ്: ഒപ്റ്റിമൈസ്ലി ഉപയോഗിക്കുന്ന വെബ്സൈറ്റുകൾ തങ്ങളുടെ കോഡിംഗിൽ ഒരു ചെറിയ ജാവാസ്ക്രിപ്റ്റ് കോഡ് ചേർക്കുന്നു. ഇത് ഉപയോക്താക്കൾ വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ അവരുടെ ബ്രൗസറുകളിൽ ലോഡ് ആകുന്നു. ഈ കോഡുകൾ ഒപ്റ്റിമൈസ്ലിയുടെ കണ്ടെന്റ് ഡെലിവറി നെറ്റ്വർക്ക് (സിഡിഎൻ) വഴിയാണ് സേവനം നൽകുന്നത്. അതിനാൽ ബ്രൗസറുകൾ ഈ ഫയലുകളെ പൂർണമായും വിശ്വസനീയമായവയായി കണക്കാക്കുന്നു.
എന്തായിരുന്നു സുരക്ഷാ വീഴ്ച ?
ഒപ്റ്റിമൈസ്ലിയുടെ ‘വെബ് എക്സ്പീരിമെന്റേഷൻ' (Web Experimentation) ഉത്പന്നത്തിലാണ് ഗുരുതരമായ സുരക്ഷാ പിഴവ് കണ്ടെത്തിയത്. ഇത് ഉപയോഗിച്ച് ഹാക്കർമാർ പ്ലാറ്റ്ഫോമിന്റെ സംവിധാനങ്ങളിലേക്ക് അനധികൃതമായി പ്രവേശിക്കുകയും പ്രമുഖ ആഗോള ബ്രാൻഡുകളുടെയും സ്ഥാപനങ്ങളുടെയും വെബ്സൈറ്റുകളിലെ ജാവാസ്ക്രിപ്റ്റ് സ്നിപ്പറ്റുകളിലേക്ക് ദോഷകരമായ കോഡുകൾ (Malicious JavaScript / Malware Code) കടത്തിവിടുകയും ചെയ്തതായാണ് റിപ്പോർട്ട്.
ബിബിസി, സിഎൻഎൻ, സൂം, സെയിൽസ്ഫോഴ്സ്, ഐകിയ തുടങ്ങിയ നൂറിലധികം പ്രമുഖ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളെ ഈ ആക്രമണം പരോക്ഷമായി ബാധിച്ചു. ഒപ്റ്റിമൈസ്ലിയുടെ ഔദ്യോഗിക ഉള്ളടക്ക വിതരണ ശൃംഖല (സിഡിഎൻ) വഴിയാണ് ഈ സ്ക്രിപ്റ്റുകൾ ലോഡ് ആയത് എന്നതിനാൽ സന്ദർശകരുടെ ബ്രൗസറുകൾ ഇവയെ പൂർണമായും വിശ്വസനീയമായവയായി കരുതി.
ഒപ്റ്റിമൈസ്ലിയുടെ സോഫ്റ്റ്വെയർ സംവിധാനത്തിലോ അക്കൗണ്ട് സൈൻ-അപ്പ് ഫ്ലോയിലോ ഉണ്ടായ ഒരു ദൗർബല്യം മുതലെടുത്താണ് ഹാക്കർമാർ അകത്തുകടന്നതെന്നാണ് പ്രാഥമിക നിഗമനം.
ഉപയോക്താക്കൾക്ക് സ്വന്തമായി ജാവാസ്ക്രിപ്റ്റ് കോഡുകൾ ചേർക്കാൻ അനുവദിച്ചിരിക്കുന്ന ഭാഗങ്ങളിലേക്ക് (Custom JavaScript Field) ആക്രമികൾക്ക് റൈറ്റ് ആക്സസ് (Write Access) ലഭിച്ചു. ഇത് വഴി എല്ലാ വെബ്പേജുകളിലും ഈ മാൽവെയർ കോഡ് പ്രവർത്തിക്കാൻ ഇടയാക്കി.
ഉപയോക്താക്കളുടെ അനുമതികളിലും ആന്തരിക സുരക്ഷാ സംവിധാനങ്ങളിലും ഉണ്ടായ തകരാറുകൾ മൂലം ഉപഭോക്താക്കളുടെ പ്രോജക്റ്റുകളിൽ പുറത്തുനിന്നുള്ളവർക്ക് കടന്നുകൂടാനും കോഡുകളിൽ കൃത്രിമം കാണിക്കാനും സാധിച്ചു.
സുരക്ഷാ വിദ്ധഗരുടെ പരിശോധനയിലും ഒപ്റ്റിമൈസ്ലിയുടെ വിശദീകരണങ്ങളിലും വ്യക്തമായ പ്രധാന കാരണങ്ങളാണിവ. ഇത്തരം സുരക്ഷാ വീഴ്ചയിലൂടെ ഉപയോക്താക്കളുടെ ബ്രൗസറുകളിലേക്ക് എത്തിയ മാൽവെയർ ഉപയോക്താക്കളുടെ ക്രിപ്റ്റോകറൻസി വാലറ്റ് അഡ്രസുകൾ ഹാക്കർമാരുടെ സ്വന്തം വാലറ്റുകളിലേക്ക് വഴിതിരിച്ചുവിടുകയും ഫണ്ട് ചോർത്തുകയും ചെയ്തതായാണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കൂടാതെ വെബ്സൈറ്റുകളിലെ ഫോമുകൾ വഴി ഉപയോക്താക്കൾ നൽകുന്ന ക്രെഡിറ്റ് കാർഡ് വിവരങ്ങൾ രഹസ്യമായി ചോർത്തി. ഐഫോൺ, ഐപാഡ് തുടങ്ങിയ ആപ്പിൾ ഡിവൈസ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് പ്രത്യേക എക്സ്പ്ലോയിറ്റ് കിറ്റുകളും ഈ സ്ക്രിപ്റ്റ് വഴി വിതരണം ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
സംഭവം പുറത്തുവന്നയുടൻ തന്നെ പ്രശ്നം പരിഹരിക്കുകയും ബാധിക്കപ്പെട്ട പ്രോജക്റ്റുകളിൽ നിന്ന് മാൽവെയർ കോഡുകൾ പൂർണമായി നീക്കം ചെയ്തതായും ഒപ്റ്റിമൈസ്ലി അധികൃതർ അറിയിച്ചു.