ഇന്ത്യൻ വിപണിക്ക് പുറമേ യുകെ, കാനഡ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച് സ്ട്രീമിംഗ് സേവനമായ ജിയോഹോട്ട്സ്റ്റാർ. 12ലധികം ഭാഷകളിലായി 1,60,000 മണിക്കൂറിലധികം ദൈർഘ്യമുള്ള വിനോദ പരിപാടികളാണ് അന്താരാഷ്ട്ര ഉപഭോക്താക്കൾക്കായി പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്.
അന്താരാഷ്ട്ര ഉപഭോക്താക്കൾക്കായി പാദവാർഷിക, വാർഷിക പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. നിലവിലുള്ള ഹോട്ട്സ്റ്റാർ ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ ജിയോഹോട്ട്സ്റ്റാറിലേക്ക് മാറാം.
ബിഗ് ബോസ് റിയാലിറ്റി ഷോകളിലെ ലൈവ് വോട്ടിംഗ് സൗകര്യം ഇനി മുതൽ ഈ രാജ്യങ്ങളിലുള്ളവർക്കും ഉപയോഗിക്കാം. കാനഡയിലും യുകെയിലും 24x7 ലൈവ് ഫീഡ് ലഭ്യമാണ്.
ജിയോസ്റ്റാർ നെറ്റ്വർക്കിന് കീഴിലുള്ള ഏഷ്യാനെറ്റ് , സ്റ്റാർ പ്ലസ്, കളേഴ്സ് തുടങ്ങിയ ടിവി ചാനലുകളിലെ സീരിയലുകൾ ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് കാണാനുള്ള "ബിഫോർ-ടിവി' സൗകര്യവും കാനഡയിലും സിംഗപ്പൂരിലും ലഭ്യമാകും.
മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, കന്നഡ, മറാത്തി തുടങ്ങി 12ൽ അധികം ഭാഷകളിലായി സബ്ടൈറ്റിലുകളും ഡബ്ബിംഗും ലഭ്യമാക്കിയിട്ടുണ്ട്. സ്മാർട്ട്ഫോണുകളിലും കണക്റ്റഡ് ടിവികളിലും ആപ്പിൾ ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവ വഴി ജിയോഹോട്ട്സ്റ്റാർ ആപ്പ് ഡൗൺലോഡ് ചെയ്യാം.