ന്യുയോർക്ക് : സാംസങ് മെസേജസ് നിർത്തലാക്കാൻ തീരുമാനിച്ചതായി കമ്പനി അറിയിച്ചു. ആൻഡ്രോയിഡിൽ തടസ്സമില്ലാത്ത മെസേജിംഗ് സേവനം നിലനിർത്തുന്നതിനായി സാംസങ് സ്മാർട്ട്ഫോണുകളും മറ്റ് ഗാഡ്ജെറ്റുകളും ഉപയോഗിക്കുന്നവർ ഗൂഗിൾ മെസേജസിലേക്ക് മാറാൻ കമ്പനി ആവശ്യപ്പെട്ടു.
എല്ലാ സാംസങ് ഗാലക്സി ഫോണുകളും ഗൂഗിളിന്റെ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ഗൂഗിൾ മെസേജസിലേക്ക് മാറുന്നതിനായി, പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാനും അത്
ഡിഫോൾട്ട് ആപ്പായി സെറ്റ് ചെയ്യാനുമുള്ള നിർദ്ദേശങ്ങൾ സാംസങ് വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഇത് സംബന്ധിച്ച ഇൻ ആപ്പ് നോട്ടിഫിക്കേഷനുകളും ലഭിച്ചേക്കാം എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
സാംസങ് മെസേജസ് ജൂലൈയിൽ സേവനം ഔദ്യോഗികമായി നിർത്തുന്നതോടെ പിന്നീട് ഒരു ഉപകരണങ്ങളിലും ലഭ്യമാകില്ലെന്നും കമ്പനി അറിയിച്ചു. സേവനം എന്നുമുതൽ ഓഫ്ലൈനാകും എന്നതിനെക്കുറിച്ചുള്ള കൃത്യമായ തീയതി ഉപയോക്താക്കൾക്ക് ആപ്പിൽ തന്നെ പരിശോധിക്കാൻ സാധിക്കും. അമേരിക്കയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ ഈ മാറ്റം എപ്പോൾ പ്രാബല്യത്തിൽ വരും എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ സാംസങ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.