ന്യൂഡൽഹി: ആൻഡ്രോയിഡ് ഉപയോക്താക്കളുടെയും കുട്ടികളുടെയും ഡിജിറ്റൽ സുരക്ഷ മുൻനിർത്തി നിർണായക ചുവടുവെപ്പുമായി ഗൂഗിൾ. പ്ലേ സ്റ്റോറിലെ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്ന ഉപയോക്താക്കളുടെ പ്രായം നിർണയിക്കുന്നതിനുള്ള 'പ്ലേ ഏജ് സിഗ്നൽ എപിഐ' സംവിധാനം ലോകമെമ്പാടും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ.
2026 അവസാനത്തോടെ അമേരിക്ക ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളിലും ഈ പുതിയ സുരക്ഷാ സംവിധാനം നിലവിൽ വരുമെന്ന് ഗൂഗിൾ ഔദ്യോഗികമായി അറിയിച്ചു. ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കാതെ തന്നെ അവരുടെ പ്രായപരിധി ആപ്പ് ഡെവലപ്പർമാർക്ക് സ്ഥിരീകരിക്കാൻ സാധിക്കുന്ന സംവിധാനമാണിത്. ഇതിനായി ഐഡി കാർഡുകളോ സെൽഫി ചിത്രങ്ങളോ നൽകേണ്ടതില്ല.
ഗൂഗിളിന്റെ നിലവിലുള്ള 'ഫാമിലി ലിങ്ക്' ആപ്പ് വഴിയാണ് ഇത് പ്രവർത്തിക്കുന്നത്. മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ അക്കൗണ്ടുകൾക്കായി ഒരു നിശ്ചിത പ്രായപരിധി സെറ്റ് ചെയ്തു നൽകാം. രക്ഷിതാക്കൾ നിശ്ചയിക്കുന്ന പ്രായപരിധിക്ക് അനുയോജ്യമായ ആപ്പുകളും ഉള്ളടക്കങ്ങളും മാത്രമേ കുട്ടികൾക്ക് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാനാകൂ. കുട്ടികളുടെ പ്രായം കൂടുന്നതിനനുസരിച്ച് ഈ പരിധികളിൽ മാറ്റം വരുത്താനും സാധിക്കും.
കുട്ടികൾക്കായി ആപ്പ് സ്റ്റോറുകളിൽ കർശനമായ പ്രായപരിധി പരിശോധന നടത്തണമെന്ന് യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ ആവശ്യപ്പെട്ടുവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഗൂഗിളിന്റെ പുതിയ നീക്കം. സ്വകാര്യതാ വിദഗ്ധർ ഇതിനെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ഇന്റർനെറ്റിലെ വ്യക്തിഗത സ്വകാര്യത ഇല്ലാതാകുമോ എന്ന ആശങ്കയും ചിലർ പങ്കുവെക്കുന്നുണ്ട്.
ഗൂഗിളിന്റെ ഈ പുതിയ സംവിധാനത്തിൽ ചില വെല്ലുവിളികളും ഉയർന്നുവരുന്നുണ്ട്.ഡെവലപ്പർമാർ ഈ ഏജ് സിഗ്നൽ സംവിധാനം തങ്ങളുടെ ആപ്പുകളിൽ ഉപയോഗിക്കണമെന്നത് പൂർണമായും നിർബന്ധമല്ല.പുതിയ ഗൂഗിൾ അക്കൗണ്ടുകൾ ഉണ്ടാക്കി തെറ്റായ ജനനത്തീയതി നൽകി കുട്ടികൾക്ക് ഈ സുരക്ഷാ വേലികൾ മറികടക്കാൻ കഴിയും. രക്ഷിതാക്കൾ ഫാമിലി ലിങ്ക് വഴി പ്രായപരിധി നിശ്ചയിച്ചാൽ മാത്രമേ ഈ ഫീച്ചർ പൂർണതോതിൽ ഫലപ്രദമാകൂ.
പ്ലേ സ്റ്റോറിൽ വരുന്ന ഈ മാറ്റം ആൻഡ്രോയിഡ് ആപ്പ് അനുഭവങ്ങളെയും കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തെയും കാര്യമായി സ്വാധീനിക്കുമെന്നാണ് കരുതപ്പെടുന്നത്.