കൂടരഞ്ഞി: കക്കാടംപൊയിൽ പീടികപ്പാറയ്ക്കു സമീപം ഓപ്പൺ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം ജില്ലയിലെ മാറാട് അണ്ടത്തോടത്ത് വാട്ടർ ടാങ്കിനു സമീപം താമസിക്കുന്ന സായന്താണു (25) മരിച്ചത്. അപകടത്തിൽ അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
മറ്റു രണ്ടുപേർക്ക് നിസാര പരിക്കേറ്റു. മലപ്പുറം സ്വദേശികളായ ആദർശ്, അമൽ, അക്ഷയ്, സനൂജ്, അഷ്റഫ്, അമിത്, മിഥുൻ എന്നിവർക്കാണു പരിക്കേറ്റത്. കക്കാടംപൊയിലിലെ വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ച് മടങ്ങുകയായിരുന്ന എട്ടംഗസംഘം സഞ്ചരിച്ച ഓപ്പൺ ജീപ്പാണ് ഇന്നലെ രാത്രി ഏഴോടെ അപകടത്തിൽപ്പെട്ടത്. വളവും ഇറക്കവുമുള്ള ഭാഗത്തു നിയന്ത്രണം നഷ്പ്പെട്ട ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ജീപ്പിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന വളവിൽ സുരക്ഷാ വേലി ഇല്ലാത്തത് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.