ന്യൂയോർക്ക്: സ്കൂൾ ബസിന്റെ വാതിലിൽ ബാഗ് കുടുങ്ങിയ അഞ്ചുവയസുകാരനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ വനിതാ ഡ്രൈവർ അറസ്റ്റിൽ. ക്ലിന്റൺ സെൻട്രൽ സ്കൂൾ ഡിസ്ട്രിക്റ്റിലെ ബസ് ഡ്രൈവറായ താഷ വാൻ ഡെയ്ൻ (37) ആണ് പിടിയിലായത്.
സ്കൂൾ സമയം കഴിഞ്ഞ് വിദ്യാർഥികളെ ബസിൽൽ നിന്നും ഇറക്കുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. അവസാനമായി പുറത്തേക്കിറങ്ങിയ കുട്ടിയുടെ ബാഗ് വാതിലുകൾക്കിടയിൽ കുടുങ്ങുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ഡ്രൈവർ വാതിലടച്ച് വാഹനം മുന്നോട്ടെടുത്തതോടെ കുട്ടി ബസിന് പുറകിലായി റോഡിലൂടെ കുറേദൂരം വലിച്ചിഴയ്ക്കപ്പെട്ടു.
അപകടത്തിൽ കുട്ടിക്ക് നിസാര പരുക്കേറ്റു. അശ്രദ്ധമായി വാഹനമോടിച്ചതിനും കുട്ടിയുടെ ജീവന് അപകടകരമായ സാഹചര്യമുണ്ടാക്കിയതിനും ഡ്രൈവർക്കെതിരെ പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ നവംബർ 16-ന് കോടതിയിൽ ഹാജരാക്കും. ഡ്രൈവറെ സ്കൂൾ ബസ് സർവീസിൽ നിന്ന് അടിയന്തരമായി സസ്പെൻഡ് ചെയ്തതായി സ്കൂൾ അധികൃതർ വ്യക്തമാക്കി.