ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിൽ ഇടതുപക്ഷവും ഹാട്രിക് വിജയം നേടുമോയെന്നാണു രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കാരണം, കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്കു പിണറായി വിജയനെത്തിയത് ധർമടത്തുനിന്നു ജയിച്ചാണ്. ഇടതിനൊപ്പം സഞ്ചരിച്ച പാരമ്പര്യമുള്ള ധർമടത്ത് വിജയത്തിൽ കുറഞ്ഞതൊന്നും എൽഡിഎഫ് പ്രതീക്ഷിക്കുന്നില്ല.
2016ൽ 36,905 വോട്ടിന്റെ ഭൂരിപക്ഷത്തിലും കഴിഞ്ഞ തവണ 50,123 വോട്ടിന്റെ ഭൂരിപക്ഷത്തിലുമാണു പിണറായി വിജയൻ ധർമടത്തുനിന്നും ജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന് രണ്ടു വർഷത്തിന് ശേഷമുള്ള ലോക്സഭാ തെരഞ്ഞെടുപ്പിൽ ധർമടത്ത് ബൂത്ത് തലത്തിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമായിരുന്നു. 165 ബൂത്തുകളിൽ 80ൽ യുഡിഎഫിനും 85ൽ എൽഡിഎഫിനുമായിരുന്നു ഭൂരിപക്ഷം. മുഖ്യമന്ത്രി പിണറായി വിജയന്റെ ബൂത്തായ ആർസി അമല സ്കൂളിൽ 794 വോട്ടായിരുന്നു എൽഡിഎഫിനു ലഭിച്ചത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 907 വോട്ട് ഇവിടെ എൽഡിഎഫിനു ലഭിച്ചതാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 2616 വോട്ടിന്റെ ഭൂരിപക്ഷവും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 25, 577 വോട്ടിന്റെ ഭൂരിപക്ഷവുമാണ് എൽഡിഎഫിനു ലഭിച്ചത്.
സംസ്ഥാനത്തിന്റെ വികസനതുടർച്ചയ്ക്കും എൽഡിഎഫ് സർക്കാരിന്റെ ഭരണതുടർച്ചയ്ക്കും വോട്ട് അഭ്യർഥിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലെ പ്രചാരണം. വലിയ ആവേശത്തോടെയാണ് മണ്ഡലത്തിലെ പ്രചാരണ പരിപാടികളിലെല്ലാം പിണറായി വിജയനെ ജനങ്ങൾ സ്വീകരിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന എൽഡിഎഫിന്റെ മറ്റ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും റാലികളിലും മുഖ്യമന്ത്രി കൂടുതൽ സജീവമാകുന്പോഴും മണ്ഡലത്തിൽ എൽഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രചാരണം സജീവമാണ്.
മുഖ്യമന്ത്രി പിണറായി വിജയനു തോൽവിയേക്കാൾ അപ്പുറം മികച്ച ഒരു മറുപടി നല്കാനാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ വി.പി. അബ്ദുൾ റഷീദിനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്.
2021ൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ തളിപ്പറന്പ് നിയോജക മണ്ഡലത്തിൽ റഷീദ് ഞെട്ടിച്ചിരുന്നു. 2016ൽ എൽഡിഎഫിലെ ജയിംസ് മാത്യു നേടിയ ഭൂരിപക്ഷം പകുതിയായി കുറയ്ക്കാൻ അബ്ദുൾ റഷീദിനു സാധിച്ചു. അതാണ് യുഡിഎഫിന്റെ തുറുപ്പുചീട്ടായി പിണറായി വിജയനെതിരേ മത്സരിക്കാൻ അബ്ദുൾ റഷീദിനെ നിയോഗിച്ചിരിക്കുന്നത്.
മണ്ഡലത്തിൽ പരിചിതനല്ലെങ്കിലും സംസ്ഥാന സർക്കാരിന്റെ പൊള്ളയായ നേട്ടങ്ങളെയും മുഖ്യമന്ത്രിയുടെ ഭരണത്തിലെ അഴിമതിയും സ്വജനപക്ഷപാതവും അക്കമിട്ട് നിരത്തുന്നുണ്ട് പ്രചാരണരംഗത്ത് റഷീദ്. യുവത്വത്തിന്റെ പ്രസരിപ്പോടെ മണ്ഡലത്തിൽ ഒാടിനടക്കുന്ന റഷീദിന്റെ പ്രചാരണരംഗം സജീവമാണ്.
ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്താണ് എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് എൻഡിഎയുടെ പ്രചാരണം.