കോഴിക്കോട്: രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും (ഏകദേശം 2.5 ലക്ഷം) യാതൊരു വിവേചനവുമില്ലാതെ അതിവേഗ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ഭാരത്നെറ്റ് പദ്ധതി കേരളത്തിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ധനകാര്യ മന്ത്രാലയവും കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയവും നിര്‍ദേശിച്ച പരിഷ്കരണ വ്യവസ്ഥകള്‍ പാലിച്ച് സംസ്ഥാന ഊര്‍ജ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
ഭാരത്നെറ്റ് പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച രണ്ടു പ്രധാന നിര്‍ദേശങ്ങള്‍ കേരളത്തില്‍ നടപ്പാക്കുന്നതിനാണ് ഉത്തരവ്. ഭാരത്നെറ്റ് പദ്ധതിയുടെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്, സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നല്‍കിയിട്ടുള്ള വൈദ്യുതി കണക്്ഷനുകളെ ‘ഗവണ്മെന്റ് കണക്ഷനുകള്‍’ ആയി പരിഗണിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. കേരളത്തിലെ എല്ലാ വൈദ്യുതി വിതരണ കമ്പനികളും നിശ്ചിത സമയപരിധിക്കുള്ളില്‍ ഈ മാറ്റം വരുത്തണം.
വൈദ്യുതി കണക്്ഷനുകള്ക്കായി ഏകീകൃത അപേക്ഷാ ഫോം ഏര്‍പ്പെടുത്തണമെന്നതാണ് ഉത്തരവിലെ രണ്ടാമത്തെ വ്യവസ്ഥ. സംസ്ഥാനത്തെ പ്രധാന വിതരണ ഏജന്‍സിയായ കെഎസ്ഇബിഎല്‍ ഇതിനോടകംതന്നെ ഇത് നടപ്പിലാക്കിയിട്ടുണ്ട്. മറ്റു ചെറുകിട വൈദ്യുതി വിതരണ ലൈസന്‍സികള്‍ ഈ വ്യവസ്ഥ നിശ്ചിത സമയത്തിനകം പൂര്‍ണമായി പാലിക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശമുണ്ട്.
വ്യവസ്ഥകള്‍ പാലിക്കുന്നതോടെ ഭാരത്നെറ്റ് ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ക്കാവശ്യമായ വൈദ്യുതി കണക്്ഷനുകള്‍ കൂടുതല്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ സാധിക്കും. രാജ്യത്തെ ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ വിപ്ലവം ലക്ഷ്യമിട്ട് കേന്ദ്ര കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിനു കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്സാണ് ഭാരത്നെറ്റ് പദ്ധതി നടപ്പാക്കുന്നത്. കേരളം, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ അതാത് സംസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള മാതൃകയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഗ്രാമപ്രദേശങ്ങളിലെ മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍, ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍, കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്ക് ഭാരത്നെറ്റ് വഴി ഇന്‍ഫ്രാസ്ട്രക്ചര്‍ സൗകര്യം ലഭ്യമാക്കും. ഇതു വഴി ഗ്രാമീണ-മേഖലകളില്‍ ഇ- ഹെല്‍ത്ത്, ഇ-എഡ്യൂക്കേഷന്‍, ഇ-ഗവേണന്‍സ് തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങള്‍ സുഗമമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കും.
ഗ്രാമങ്ങളിലെ സ്കൂളുകള്‍, ആശുപത്രികള്‍, പോസ്റ്റ് ഓഫീസുകള്‍, അങ്കണവാടികള്‍, പോലീസ് സ്റ്റേഷനുകള്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഭാരത്നെറ്റ് വഴി അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കും. 2011 ഒക്്ടോബറിലാണ് പദ്ധതിക്ക് കാബിനറ്റ് അംഗീകാരം നല്‍കിയത്.
ബിഎസ്എന്‍എല്‍, റെയില്‍ടെല്‍, പവര്‍ഗ്രിഡ് എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലവിലുള്ള കേബിള്‍ ശൃംഖലകള്‍ ഉപയോഗപ്പെടുത്തിയും പുതിയ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിച്ചും ബ്ലോക്ക് ആസ്ഥാനങ്ങളെ ഗ്രാമപഞ്ചായത്തുകളുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 2017 ഡിസംബറോടെ ഒന്നാം ഘട്ടത്തില്‍ ഒരു ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചു.
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ക്ക് പുറമേ റേഡിയോ, സാറ്റലൈറ്റ് എന്നീ മാധ്യമങ്ങളും കണക്റ്റിവിറ്റിക്കായി ഉപയോഗിക്കും.