മന്നത്ത് പത്മനാഭനെന്ന മഹാനുഭാവന് പെരുന്നയില് മന്നത്തു വീട്ടില് പാര്വതിയമ്മയുടെയും വാകത്താനം നീലമന ഇല്ലത്ത് ഈശ്വരന്നമ്പൂതിരിയുടെയും പുത്രനായി 1878 ജനുവരി രണ്ടിന് ജനിച്ചു. അഞ്ചാമത്തെ വയസില് അമ്മ എഴുത്തിനിരുത്തി. എട്ടു വയസുവരെ കളരിയാശാന്റെ ശിക്ഷണത്തില് എഴുതാനും വായിക്കാനും കണക്കു കൂട്ടാനും നല്ലതുപോലെ പഠിച്ചു. പിന്നീട് ചങ്ങനാശേരിയിലുള്ള സര്ക്കാര് സ്കൂളില് ചേര്ന്നെങ്കിലും സാമ്പത്തിക ദുരിതത്താല് അവിടെ തുടരാനായില്ല. പിന്നീട് ഒരു നാടകസംഘത്തില് ബാലനടനായി ചേര്ന്നു. രണ്ടുവര്ഷംകൊണ്ട് അനുഗൃഹീത നടന് എന്ന പേര് സമ്പാദിച്ചു.
ചങ്ങനാശേരി മലയാളം സ്കൂളില് പഠിച്ച് സര്ക്കാര് കീഴ്ജീവന പരീക്ഷ വിജയിച്ചശേഷം കാഞ്ഞിരപ്പള്ളിയില് വാധ്യാരായി ജോലിയില് പ്രവേശിച്ചു. ഒരു മാതൃകാധ്യാപകന് എന്ന മികവ് അദ്ദേഹത്തിനു ലഭിച്ചു. പല സര്ക്കാര് പ്രൈമറിസ്കൂളുകളിലും പ്രഥമാധ്യാപകനായി ജോലിനോക്കി. 27-ാമത്തെ വയസില് മിഡില് സ്കൂള് അധ്യാപകനായിരിക്കുമ്പോള് ഹെഡ്മാസ്റ്ററുടെ നീതിനിഷേധ നടപടിയില് പ്രതിഷേധിച്ച് ഉദ്യോഗം രാജിവച്ചു. രാജി പിന്വലിക്കാന് പലവിധത്തില് പ്രേരിപ്പിച്ചെങ്കിലും മന്നത്ത് പത്മനാഭന് വഴങ്ങിയില്ല. സര്ക്കാര് ജോലി വേണ്ടെന്നുവച്ചത് സാഹസികതതന്നെയായിരുന്നു. എടുത്ത തീരുമാനങ്ങളിലെല്ലാം പാറപോലെ ഉറച്ചുനിന്നു.
ഇതിന് രണ്ടുവര്ഷം മുമ്പ് തുറവൂര് സ്കൂളില് അധ്യാപകനായിരിക്കുമ്പോള് മജിസ്ട്രേറ്റ് പരീക്ഷയില് പ്രൈവറ്റായി ചേര്ന്നു ജയിച്ചിരുന്നതിനാല് സന്നതെടുത്ത് ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയില് വക്കീലായി പ്രാക്ടീസ് ചെയ്ത അദ്ദേഹം, അഭിഭാഷക വൃത്തിയിലും പേരെടുത്തു. തുടര്ന്ന് ഒന്നിനു പുറകേ മറ്റൊന്നായി അദ്ദേഹത്തിന്റെ സമുദായപ്രവര്ത്തനമണ്ഡലത്തിലേക്കു കടന്നു.
നായര് സര്വീസ് സൊസൈറ്റിയായി മാറിയ സമുദായ ഭൃത്യജനസംഘം
1914 ഒക്ടോബര് 31ന് നായര് സമുദായ ഭൃത്യജനസംഘം രൂപീകരിച്ച് അധികം കഴിയുന്നതിനു മുമ്പ് അതിന്റെ പേര് നായര് സര്വീസ് സൊസൈറ്റി എന്നാക്കി പ്രവര്ത്തനങ്ങള് ഊര്ജിതപ്പെടുത്തി. സൊസൈറ്റിയുടെ ആദ്യ സെക്രട്ടറിയായിത്തന്നെ മന്നത്തെ തെരഞ്ഞെടുത്തു.
1914 ഒക്ടോബര് 31 മുതല് 1945 ഓഗസ്റ്റ് 17 വരെ 31 വര്ഷം എന്എസ്എസിന്റെ ജനറല് സെക്രട്ടറിയായിരുന്നു. പിന്നീട് മൂന്നുവര്ഷം പ്രസിഡന്റായി. 1947ല് സംഘടനയുമായുള്ള ഔദ്യോഗിക ബന്ധങ്ങള് വേര്പെടുത്തി സ്റ്റേറ്റ് കോണ്ഗ്രസിനും ഉത്തരവാദഭരണ പ്രക്ഷോഭത്തിനും നേതൃത്വം നല്കി.
മുതുകുളത്തു ചേര്ന്ന സ്റ്റേറ്റ് കോണ്ഗ്രസ് യോഗത്തില് ചെയ്ത പ്രസംഗത്തെത്തുടര്ന്ന് അദ്ദേഹത്തിന് രണ്ടരമാസം ജയില്ശിക്ഷ അനുഭവിക്കേണ്ടിവന്നു. പ്രായപൂര്ത്തി വോട്ടവകാശപ്രകാരം തിരുവിതാംകൂറില് ആദ്യമായി നടന്ന തെരഞ്ഞെടുപ്പില് പത്തനംതിട്ട നിയോജകമണ്ഡലത്തില്നിന്നു വിജയിച്ച് അദ്ദേഹം നിയമസഭാ സാമാജികനായി. 1949 ഓഗസ്റ്റില് ആദ്യമായി രൂപീകരിച്ച തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ പ്രസിഡന്റായി. പത്തുകൊല്ലം സജീവരാഷ്ട്രീയത്തില് പ്രവേശിക്കാതെ സാമൂഹ്യപ്രവര്ത്തനങ്ങളിലും എന്എസ്എസിന്റെ വളര്ച്ചയിലും അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു.
തിരുക്കൊച്ചി സംസ്ഥാനവും അനന്തരം കേരള സംസ്ഥാനവും രൂപം പ്രാപിച്ചപ്പോള് കോണ്ഗ്രസ് അദ്ദേഹത്തെ വീണ്ടും ക്ഷണിച്ചെങ്കിലും രാഷ്ട്രീയപ്രവര്ത്തനത്തില് സജീവമായി ഏര്പ്പെട്ടില്ല. 1957ലെ തെരഞ്ഞെടുപ്പില് കോണ്ഗ്രസ് തോറ്റു; കമ്യൂണിസ്റ്റ് പാര്ട്ടി അധികാരത്തില് വന്നു.
വിമോചന സമരനായകന്
കമ്യൂണിസ്റ്റ് ഭരണത്തില് മനംമടുത്ത് അദ്ദേഹം വിമോചനസമരത്തിനു നേതൃത്വം നല്കി. ആ കമ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിടപ്പെടുകയും പ്രസിഡന്റ് ഭരണം നടപ്പിലാവുകയും ചെയ്തു. രാഷ്ട്രീയസമരരംഗത്ത് അദ്ഭുതം സൃഷ്ടിച്ച മഹാനായ സേനാനി എന്ന നിലയില് അദ്ദേഹം ലോകപ്രസിദ്ധനായി.
1924ല് നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹം, വൈക്കത്തുനിന്ന് കാല്നടയായി രാജധാനിയിലേക്കു പുറപ്പെട്ട സവര്ണജാഥ, ഗുരുവായൂര് സത്യഗ്രഹം തുടങ്ങിയവ അദ്ദേഹത്തിന്റെ സംഘടനാചാതുരിയും നേതൃപാടവവും പ്രക്ഷോഭ വൈദഗ്ധ്യവും വെളിപ്പെടുത്തുന്നതായിരുന്നു.
മന്നം സമാധി മണ്ഡപം നായര് സമുദായത്തിന്റെ ശക്തിസ്രോതസ്
1970 ഫെബ്രുവരി 25ന് മന്നം ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിന്റെ ആത്മസാന്നിധ്യം ജീവവായുവായി കരുതുന്ന സമുദായവും നായര് സര്വീസ് സൊസൈറ്റിയും അതിനായി ക്ഷേത്രമാതൃകയില് തന്നെ അദ്ദേഹത്തിന്റെ അന്ത്യവിശ്രമ സങ്കേതം സ്ഥാപിച്ച് അദ്ദേഹത്തെ ഈശ്വരതുല്യം ആരാധിക്കുന്നു. ഇന്ന് സര്വീസ് സൊസൈറ്റിയുടെ ഏതു നീക്കത്തിനും ആരംഭം കുറിക്കുന്നത് മന്നം സമാധിമണ്ഡപത്തില്നിന്നുമാണ്.
മന്നത്തിന്റെ സേവനപ്രവര്ത്തനങ്ങള് മുഖ്യമായും നായര് സമുദായത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നെങ്കിലും അതിന്റെ ഗുണഭോക്താക്കള് നാനാജാതി മതസ്ഥരായ ബഹുജനങ്ങളാണെന്ന വസ്തുത അംഗീകരിച്ച് 1966ല് രാജ്യം പത്മഭൂഷണ് പുരസ്കാരം നല്കി അദ്ദേഹത്തെ ആദരിച്ചു. കൂടാതെ, 1989ല് തപാല്വകുപ്പ് അദ്ദേഹത്തിന്റെ സ്മാരകമായി സ്റ്റാമ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു.
2014ല് കേരള സര്ക്കാര് അദ്ദേഹത്തിന്റെ ജന്മദിനം പൊതു അവധിയായി പ്രഖ്യാപിച്ചു. ഇപ്പോഴത്തെ സര്ക്കാര് നെഗോഷ്യബിള് ഇന്സ്ട്രമെന്റ്സ് ആക്ട് പ്രകാരമുള്ള അവധിയായി പ്രഖ്യാപിക്കുകയും ചെയ്തു. എല്ലാ വര്ഷവും ജനുവരി ഒന്ന്, രണ്ട് തീയതികളില് നായര് സര്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില് മന്നം ജയന്തി ആഘോഷിച്ചുവരുന്നു.