ജറുസലെം: ഇന്ത്യയെ വൻശക്തിയെന്ന് വിശേഷിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അടുത്തയാഴ്ച നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തെ പരാമർശിക്കുന്നതിനിടെയാണ് നെതന്യാഹു ഇന്ത്യയെ വൻശക്തിയെന്ന് വിശേഷിപ്പിച്ചത്. ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) കേഡറ്റുകളുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഖ്യകക്ഷികളുമായുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള നടപടിയെടുക്കും. അടുത്തയാഴ്ച, ഇന്ത്യൻ പ്രധാനമന്ത്രി രാജ്യം സന്ദർശിക്കുന്നുണ്ട്-നെതന്യാഹു പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച അമേരിക്കൻ ജൂത സംഘടനകളുടെ പ്രസിഡന്റുമാരുടെ സമ്മേളനത്തിൽ മോദിയുടെ ഇസ്രയേൽ സന്ദർശനത്തെക്കുറിച്ച് നെതന്യാഹു പറഞ്ഞിരുന്നു.
ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള സഖ്യം സംബന്ധിച്ചും എല്ലാത്തരം സഹകരണത്തെക്കുറിച്ചും ചർച്ച ചെയ്യാൻ പോകുകയാണ്. ഇന്ത്യ ഒരു ചെറിയ രാജ്യമല്ല. 1.4 ബില്യൺ ജനങ്ങളുണ്ട്. ഇന്ത്യ വളരെയധികം ശക്തമായ രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു.
25ന് രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി ഇസ്രയേലിലേക്കുപോകും. അദ്ദേഹം ഇസ്രയേൽ പാർലമെന്റിൽ സംസാരിക്കും. നെതന്യാഹുവുമായും ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായും കൂടിക്കാഴ്ച നടത്തും.