തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദികൾക്കു പൂക്കളുടെ പേരുകൾ. കലകളുടെ വർണക്കാഴ്ചയ്ക്കു പൂവിനോളം ഭംഗിയുള്ള മറ്റൊരു പേരില്ല എന്ന ചിന്തയിൽനിന്നാണു വേദികൾക്കു പൂക്കളുടെ പേരിടാൻ തീരുമാനിച്ചതെന്നു പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ എം.എ. അരുണ്‍കുമാർ.
തേക്കിൻകാട് എക്സിബിഷൻ ഗ്രൗണ്ടിലെ പ്രധാന വേദിക്കു സൂര്യകാന്തി എന്നാണ് പേര്. പാരിജാതം, നീലക്കുറിഞ്ഞി, പവിഴമല്ലി, ശംഖുപുഷ്പം, ചെന്പകം, മന്ദാരം, കനകാംബരം, ഗുൽമോഹർ, ചെന്പരത്തി, കർണികാരം, നിത്യകല്യാണി, പനിനീർപ്പൂവ്, നന്ത്യാർവട്ടം, ഡാലിയ, വാടാമല്ലി, മുല്ലപ്പൂ, ആന്പൽപ്പൂ, തുന്പപ്പൂ, കണ്ണാന്തളി, പിച്ചകപ്പൂ, ജമന്തി, തെച്ചിപ്പൂ, താഴന്പൂ, ചെണ്ടുമല്ലി എന്നിങ്ങനെയാണ് മറ്റു വേദികളുടെ പേരുകൾ.
ഓരോ വേദിയോടുചേർന്നും ആ പൂവിനെക്കുറിച്ചുള്ള ചെറിയ വിവരണം പ്രദർശിപ്പിക്കും. പൂവിന്റെ ചിത്രങ്ങൾ, ശാസ്ത്രീയനാമം, ഉത്ഭവം, എവിടെയാണ് ഉണ്ടാകുക, പ്രത്യേകതകൾ തുടങ്ങിയ വിവരങ്ങളാണ് കുറിപ്പുകളിലുണ്ടാകുക. കലോത്സവം കാണാനെത്തുന്നവരിലേക്കു പൂവിനെക്കുറിച്ചുള്ള വിവരങ്ങൾ പകരുക എന്ന ഉദ്ദേശ്യത്തോടെയാണിത്.
ഓരോ വേദിയിലും പരിപാടിയുടെ ഇടവേളകളിൽ ആ വേദിയുടെ പേരിലെ പൂവിനെക്കുറിച്ചുള്ള പാട്ടുകൾ കേൾപ്പിക്കും. ഇതിനായി പാട്ടുകൾ തെരഞ്ഞെടുക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 25 വേദികളുടെ പേരിനെക്കുറിച്ചുള്ള അഞ്ച് പാട്ടുകളാണ് ശേഖരിക്കുന്നത്. നിലവിൽ നന്ത്യാർവട്ടത്തെക്കുറിച്ചുള്ള പാട്ട് ഒഴികെയുള്ള ശേഖരണം ഏകദേശം പൂർത്തിയായി.