വിരുദുനഗർ: തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർകൂടി മരണത്തിനു കീഴടങ്ങി.
ഇതോടെ കട്ടനാര്പടിയിലെ വനജ പടക്കനിര്‍മാണ ശാലയിൽ ഞായറാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. ഇതിൽ 22 പേർ സ്ത്രീകളാണെന്നു പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു.
പരിക്കേറ്റു ചികിത്സയിലുള്ള എട്ട് പേർ അറുപതുശതമാനത്തിലേറെ പൊള്ളലേറ്റ നിലയിലാണ്. ഇവരിൽ ഏറെയും സ്ത്രീകളാണ്.തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണു ഭൂരിഭാഗം മൃതദേഹങ്ങളും എന്നതു വലിയ വെല്ലുവിളിയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ആഭരണങ്ങൾ പരിശോധിച്ചാണ് മരിച്ചവരെക്കുറിച്ച് ഏകദേശചിത്രം രൂപപ്പെടുത്തുന്നത്. ഇവരുടെ കുടുംബാംഗങ്ങളിൽ നിന്ന് ആരും മൃതദേഹങ്ങൾക്കായി സമീപിച്ചിട്ടില്ലെന്നാണു വിവരം.
സമീപത്തെ ശീർവൈകരംപട്ടി ഗ്രാമത്തിൽനിന്നുള്ളവരാണ് മരിച്ചവരിൽ ഏറെയും. അപകടത്തിനു പിന്നാലെ ഫാക്ടറി ഉടമ മുത്തുമാണിക്യം ഒളിവിൽപ്പോയി. ഇയാളെ പിടികൂടണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ഉൾപ്പെടെ റോഡ് ഉപരോധിച്ചു.
രക്ഷാപ്രവർത്തനത്തിനിടെ ഞായറാഴ്ച വൈകുന്നേരം ഉണ്ടായ സ്ഫോടനത്തിൽ എട്ടുപോലീസുകാർ ഉൾപ്പെടെ പന്ത്രണ്ടു പേർക്കും പരിക്കേറ്റിരുന്നു. ജെസിബി ഉപയോഗിച്ച് പ്രദേശത്തെ അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നതിനിടെയായിരുന്നു രണ്ടാമത്തെ സ്ഫോടനം.
അവധിദിവസമായ ഞായറാഴ്ച പ്രവർത്തിക്കാൻ കന്പനി അനുമതി തേടിയിരുന്നില്ലെന്ന് വിരുദനഗർ കളക്ടർ എൻ.ഒ. സുഖപുത്ര അറിയിച്ചു.
രാസവസ്തുക്കൾ കൂട്ടുന്നതിനിടെ സ്ഫോടനം നടന്നുവെന്നാണ് പ്രാഥമിക നിഗമനം. അതേസമയം നാഗ്പുരിലെ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പിഇഎസ്ഒ) അംഗീകാരം സ്ഥാപനത്തിന് ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞിരുന്നു.