പഴയങ്ങാടി: ചെറുകുന്ന് താവത്ത് ആക്രിക്കടയിൽ വൻ തീപിടുത്തം. പഴയങ്ങാടി പുഴയോട് ചേർന്നുള്ള ചെറുകുന്ന് നാലിൽ റോഡിൽ പ്രമോദ്, ദിനേശ് എന്നിവരുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ പൊളിച്ചുവില്‍ക്കുന്ന ആക്രിക്കടയിലാണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ ഉച്ചയ്ക്കുണ്ടായ തീപിടിത്തത്തിൽ കട പൂർണമായും കത്തിനശിച്ചു. ഏകദേശം മൂന്നുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
പയ്യന്നൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നെത്തിയ നാല്ഫയർ ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകളോളം ശ്രമിച്ചാണ് തീയണച്ചത്.
സമീപത്തൊന്നും കെട്ടിടങ്ങൾ ഇല്ലാത്തത് അപകടത്തിന്റെ തീവ്രത കുറച്ചു. എന്നാൽ സ്ഥലത്തേയും സമീപ പ്രദേശങ്ങളിലേയും തെങ്ങുകൾ ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങൾ കത്തിനശിച്ചു. വാഹനങ്ങൾ പൊളിക്കുന്നതിനിടെ ഉണ്ടായ തീപ്പൊരിയാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്നാണ് സൂചന. വാഹനങ്ങളുടെ എണ്ണ ടാങ്കുകളും ഓയിൽ ടാങ്കുകളും പൊട്ടിത്തെറിച്ചത് തീപിടിത്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. തീപിടിത്തത്തിൽ നിരവധി പഴയ വാഹനങ്ങൾ കത്തിയമർന്നു. തീപിടിത്ത സമയത്ത് നാലു പേരാണ് ആക്രിക്കടയിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല.
പയ്യന്നൂർ ഫയർ സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ തോമസ് ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ച്. യാതൊരു അഗ്നി സുരക്ഷ സംവിധനങ്ങളും കെട്ടിടത്തിൽ ഇല്ലായിരുന്നെന്നാണ് ഫയർ ഫോഴ്സിന്റെ പ്രാഥമിക നിഗമനം.