ബറേലി: മസ്തിക മരണം സംഭവിച്ചെന്ന് കരുതിയ യുവതിയുടെ ശരീരത്തിൽ വീണ്ടും ജീവന്റെ തുടിപ്പുണർന്നത് ആംബുലൻസ് റോഡിലെ ഗട്ടറിൽ വീണതോടെ. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. മസ്തിഷ്ക മരണം സംഭവിച്ച യുവതിയെ ഇനി രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെ വെന്റെലേറ്റർ നീക്കി വീട്ടിലേക്ക് മടക്കിക്കൊണ്ടുപോവുകയായിരുന്നു. ഇതിനിടെയാണ് ആംബുലൻസ് റോഡിലെ കുഴിയിൽ വീണത്.
ഇതിന് പിന്നാലെയാണ് യുവതി ജീവിതത്തിലേക്ക് തിരികെ വരുന്നതിന്റെ സൂചന പ്രകടിപ്പിച്ചത്. യുവതി സ്വയം ശ്വാസമെടുക്കാൻ തുടങ്ങി. കൈകാലുകൾ അനക്കുകയും ചെയ്തു. ആദ്യം അമ്പരന്ന ബന്ധുക്കളും ആംബുലൻസ് ജീവനക്കാരും പിന്നാലെ യുവതിയെ തിരികെ ആശുപത്രിയിൽ എത്തിച്ചു. യുവതി ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സിൽ കഴിയുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
റോഡിലെ കുഴിയിൽ വീണുണ്ടായ ആഘാതത്തിൽ യുവതിയുടെ ശരീരത്തിലുണ്ടായ എന്ത് മാറ്റമാണ് ചലനശേഷി തിരികെ നൽകിയതെന്ന് ഡോക്ടർമാർ പരിശോധിച്ചുവരികയാണ്. തങ്ങളുടെ പ്രിയപ്പെട്ടവൾ ജീവിതത്തിലേക്ക് തിരിച്ചുവന്നതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് ഇപ്പോൾ കുടുംബം.