മട്ടന്നൂർ: അടച്ചിട്ട വീടിന്റെ വാതിൽ തകർത്തു 10 പവൻ സ്വർണാഭരണങ്ങളും 10000 രൂപയും കവർന്ന സംഭവത്തിൽ സ്ഥിരം മോഷ്ടാവ് പിടിയിൽ. കല്യാണത്തട്ടിപ്പുകാരനായ പാലക്കാട് വട്ടമന്നപുരം സ്വദേശി എം. നവാസിനെയാണ് (55) മട്ടന്നൂർ പോലീസ് പിടികൂടിയത്. മോഷണശേഷം കർണാടകയിൽ വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിക്കുകയായിരുന്ന നവാസിനെ ഇന്നു രാവിലെ വയനാട്ടിലെ കാട്ടിക്കുളത്ത് വച്ചാണ് പോലീസ് പിടികൂടിയത്.
തെരൂർ പാലയോട്ടെ പൗർണമിയിൽ ടി. നാരായണന്റെ വീട്ടിലാണ് മോഷണം നടന്നത്. നാരായണൻ തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്. ഈ മാസം 22ന് വീട് പൂട്ടി നാരായണൻ മകളുടെ ബെംഗളൂരുവിലെ വീട്ടിൽ പോയിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻ വശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്വർണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി.
ഒരു കരിമണി മാല, മൂന്ന് മോതിരം, ഒരു കമ്മൽ എന്നിവയാണ് മോഷണം പോയത്. മുൻ വശത്തെ വാതിൽ ആയുധങ്ങൾ ഉപയോഗിച്ചാണ് തകർത്തത്. വീടിനു ചുറ്റും സിസിടിവി കാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും വീടിന്റെ മുൻ ഭാഗത്തും പിൻ ഭാഗത്തും സ്ഥാപിച്ച കാമറകൾ തകർത്തു മോഷ്ടാവ് കൊണ്ടുപോയി. എന്നാൽ ഒരു സിസിടിവിയിൽ ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നു.