ചെന്നൈ: ജയിലിൽ കഴിയുന്ന ഗുണ്ടാ നേതാവ് ഹരി നാടാർ വോട്ട് ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. ചെന്നൈ പുഴൽ ജയിലിലാണ് നിലവിൽ ഹരി നാടാർ തടവിൽ കഴിയുന്നത്.
ഹരി നാടാർ വോട്ടവകാശം ഭരണഘടനാപരമായ അവകാശമാണെന്നും അത് തടയരുതെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. എന്നാൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഹരി നാടാരുടെ ആവശ്യം അംഗീകരിച്ചില്ല.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശക്തമായ എതിർപ്പ് കണക്കിലെടുത്താണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഹരി നാടാരുടേത് കരുതൽ തടങ്കൽ അല്ലെന്നും നിരവധി ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടും വിചാരണ നേരിട്ടും ജയിലിൽ കഴിയുന്ന വ്യക്തിയാണെന്നുമുള്ള കമ്മീഷന്റെ വാദം കോടതി ശരിവയ്ക്കുകയായിരുന്നു.
ജയിലിൽ കഴിയുന്ന തടവുകാർക്ക് വോട്ടവകാശമില്ലെന്ന നിയമപരമായ വശം ചൂണ്ടിക്കാട്ടിയാണ് കോടതി ഇടപെടൽ. നേരത്തെ ഹരി നാടാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമർപ്പിച്ച നാമനിർദേശ പത്രികയും തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു.