അകാലത്തിൽ വിട വാങ്ങിയ ഹരിമുരളിയെ അനുസ്മരിച്ച് നടി സീമ ജി. നായർ. എന്തിനാണ് ഇങ്ങനെ ചെയ്തതെന്നും വിശ്വസിക്കാനാകുന്നില്ലെന്നുമാണ് സീമ പറയുന്നത്. സംഭവമറിഞ്ഞ് ഹരിയുടെ അച്ഛനെ വിളിച്ചെന്നും സഹോദരിയാണ് ഫോൺ എടുത്തതെന്നും അവർ പറഞ്ഞു.
‘‘പ്രശസ്ത നാടക -സീരിയൽ നടൻ പയ്യന്നൂർ മുരളി ചേട്ടന്റെ മകൻ ഹരി മുരളി അന്തരിച്ചു(അപ്പൂസ്). എന്റെ കൂടെയും അവൻ അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി, മിടുക്കനായ മോൻ, എന്തിനാണ് നീ ഇത് ചെയ്തത്, ആദ്യം കേട്ടപ്പോൾ വിശ്വസിക്കാൻ മടിച്ചു. മുരളി ചേട്ടനെ വിളിച്ചപ്പോൾ, സഹോദരിയാണ് ഫോൺ എടുത്തത്, സത്യം ആണെന്ന് സ്ഥിരീകരിച്ചു.
എന്തായിരുന്നെങ്കിലും പൊന്നുമോനെ ഇങ്ങനെ ചെയ്യരുതായിരുന്നു, എങ്ങനെ സഹിക്കും നിന്റെ അച്ഛനമ്മമാരും, ബന്ധുക്കളും. എന്തോ മനസ്പതറുന്നു, മിടുക്കനല്ലായിരുന്നോ എന്റെ അപ്പൂസേ നീ. നിന്നെയും അച്ഛനെയും അമ്മയെയും അറിയുന്ന എത്ര പേർ അങ്ങോട്ടുമിങ്ങോട്ടും വിളിക്കുന്നു, ആർക്കും വിശ്വസിക്കാൻ ആവുന്നില്ലല്ലോ അപ്പൂസേ.’’ സീമ ജി. നായരുടെ വാക്കുകൾ.
പയ്യന്നൂർ അന്നൂരിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു ഹരിയെ. അഭിനയത്തിൽ സജീമല്ലാതിരുന്ന താരം എറണാകുളത്ത് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു.