മംഗലംഡാം: കടുവയെത്തിയ ഓടംതോട് സിവിഎം കുന്നിൽ കെ.ഡി. പ്രസേനൻ എംഎൽഎയുടെ നേതൃത്വത്തിൽ വനംവകുപ്പിന്റെ ഉന്നതതലസംഘം സന്ദർശനം നടത്തി. സമീപപ്രദേശങ്ങളിൽ കാടുപിടിച്ചു കിടക്കുന്ന തോട്ടങ്ങൾ കാടുവെട്ടി സംരക്ഷിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കും.
19 ന് കിഴക്കഞ്ചേരി പഞ്ചായത്ത് ഓഫീസിൽ രാവിലെ 10 നും ഉച്ചകഴിഞ്ഞ് രണ്ടിന് വണ്ടാഴി പഞ്ചായത്ത് ഓഫീസിലും ജനജാഗ്രതാ സമിതികൾ ചേരും. ആവശ്യമായ മറ്റു നടപടികൾ യോഗത്തിൽ തീരുമാനിക്കും. രണ്ടാഴ്ചയായി പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഇല്ലെന്നുള്ളതാണ് സ്ഥിരീകരണം. സിവിഎം ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ട്രാപ്പിംഗ് കാമറയിലും കടുവയുടെ സാന്നിധ്യമില്ലെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. ഇണചേരുന്ന സമയങ്ങളിൽ ഇത്തരത്തിൽ കടുവകൾ ആവാസവ്യവസ്ഥയുടെ പരിധി വിട്ടും യാത്ര ചെയ്യാറുണ്ട്. അങ്ങനെ എത്തിപ്പെട്ടതാകാമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.
നെന്മാറ ഡിഎഫ്ഒ പി. പ്രവീൺ, ആലത്തൂർ റേഞ്ച് ഓഫീസർ എൻ. സുബൈർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.എ. മുഹമ്മദ് ഹാഷിം, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരൻ, വാർഡ് മെംബർ എ. ഷെറീഫ്, സിപിഎം ഏരിയ സെക്രട്ടറി വി. രാധാകൃഷ്ണൻ, ലോക്കൽ സെക്രട്ടറി കെ.വി. രാജൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.