മാഡ്രിഡ്: ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയുടെ ഹാട്രിക്കിലൂടെ സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ റയല്‍ മാഡ്രിഡിനു വമ്പന്‍ ജയം.
ഹോം ഗ്രൗണ്ടില്‍ അരങ്ങേറിയ മത്സരത്തില്‍ 40, 60, 80 മിനിറ്റുകളിലായിരുന്നു എംബപ്പെയുടെ ഗോളുകള്‍. സാന്റിയാഗൊ ബര്ണബ്യുവിന്റെ ഗാലറിയില്‍ തിങ്ങിനിറഞ്ഞ 72,226 കാണികളെ ആവേശത്തിലാക്കി റയല്‍ മാഡ്രിഡ് 4-1നു റയല്‍ സോസിഡാഡിനെ തകര്‍ത്തു. സീസണില്‍ റയല്‍ മാഡ്രിഡിന്റെ തുടര്‍ച്ചയായ ജയം, ഹോം ഗ്രൗണ്ടിലെ ആദ്യത്തേതും. 68-ാം മിനിറ്റില്‍ ബ്രസീല്‍ താരം വിനിസ്യൂസ് ജൂണിയറിന്റെ വകയായിരുന്നു റയല്‍ മാഡ്രിഡിന്റെ മറ്റൊരു ഗോള്‍.
105ല്‍ 100
ഹാട്രിക്കോടെ റയല്‍ മാഡ്രിഡിനായി ഗോള്‍ പങ്കാളിത്തത്തില്‍ സെഞ്ചുറി നേടാനും കിലിയന്‍ എംബപ്പെയ്ക്കു സാധിച്ചു. 105-ാം മത്സരത്തിലാണ് ഫ്രഞ്ച് താരം ഗോള്‍ പങ്കാളിത്തത്തില്‍ സെഞ്ചുറി തികച്ചത്. 89 ഗോളും 11 അസിസ്റ്റും ഉള്‍പ്പെടുന്നതാണ് എംബപ്പെയുടെ സെഞ്ചുറി പങ്കാളിത്തം.
റയലിനായി അതിവേഗം ഈ നേട്ടത്തിലെത്തിയത് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയാണ്. 86 മത്സരങ്ങളില്‍ റൊണാള്‍ഡോ 100 ഗോള്‍ പങ്കാളിത്തം പൂര്‍ത്തിയാക്കിയിരുന്നു (79 ഗോളും 21 അസിസ്റ്റും).