പത്തനംതിട്ട: ജില്ലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങളായിരിക്കും ജില്ലാ പഞ്ചായത്തിന്റേതെന്ന് പുതിയ അധ്യക്ഷ ദീനാമ്മ റോയിയും വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമലയും.
വികസന കാര്യത്തിൽ പുതിയ ഭരണസമിതിക്ക് വ്യക്തമായ കാഴ്പ്പാടുണ്ടെന്ന് പത്തനംതിട്ട പ്രസ്ക്ലബിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ദീനാമ്മ റോയിയും അനീഷ് വരിക്കണ്ണാമലയും പറഞ്ഞു.
ആരോഗ്യ മേഖലയിൽ ഒട്ടനവധി പ്രശ്നങ്ങളുണ്ടെന്നു മനസിലാക്കുന്നു. ജില്ലാ ആശുപത്രിയും പത്തനംതിട്ട ജനറൽ ആശുപത്രിയും നിലവിൽ ജില്ലാ പഞ്ചായത്തിനു കീഴിലാണ്.
അടിസ്ഥാനപരമായ പല പ്രശ്നങ്ങളും ഈ ആശുപത്രികൾ നേരിടുന്നുണ്ട്. നടന്നുവരുന്ന നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കുന്നതിനൊപ്പം ജനങ്ങൾക്ക് ചികിത്സാ സൗകര്യങ്ങൾ നിഷേധിക്കാൻ പാടില്ല. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റികൾ അടിയന്തരമായി യോഗം ചേർന്ന് വിഷയങ്ങൾ ചർച്ച ചെയ്തു പരിഹാരത്തിനു ശ്രമിക്കും.
ശബരിമല തീർഥാടനകാലത്തു പോലും അടിയന്തരമായി ഒരു വിഷയമുണ്ടായാൽ പത്തനംതിട്ടയിൽ ചികിത്സാ സൗകര്യമില്ലെന്നത് ഗൗരവമുള്ള വിഷയമാണ്. ജനറൽ ആശുപത്രി ജില്ലാ പഞ്ചായത്തിനു കീഴിൽ നിലനിർത്തുകയാണെങ്കിൽ ആവശ്യമായ ഫണ്ട് ലഭ്യമാക്കി പ്രവർത്തനം മെച്ചപ്പെടുത്താൻ നടപടികളുമായി മുന്പോട്ടു പോകും.
വിദ്യാഭ്യാസ രംഗത്ത് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാഫലങ്ങൾ പുറത്തുവരുന്പോൾ പത്തനംതിട്ടയുടെ സ്ഥാനം വളരെ പിന്നിലാണ്. ഇതു പരിഹരിക്കുന്നതിലേക്ക് കഴിഞ്ഞകാല ഭരണസമിതികൾ പല പ്രവർത്തനങ്ങളും നടത്തിയിരുന്നു. എന്നാൽ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തു നിന്നുള്ള നിസഹകരണം തടസമായതായി ചൂണ്ടിക്കാണിക്കുന്നു.
ഇത്തരം വീഴ്ചകൾ അനുവദിക്കാനാകില്ല. പരീക്ഷാഫലം മെച്ചപ്പെടണമെങ്കിൽ നേരത്തെതന്നെ നടപടികളും പിന്തുണയും നൽകണം. ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കും. ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് അധികൃതരുമായി അടിയന്തരമായി ബന്ധപ്പെട്ട് നിലവിലെ പ്രവർത്തന പുരോഗതികൾ വിലയിരുത്തുമെന്നും പ്രസിഡന്റ് പറഞ്ഞു.പ്രസ്ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. വിശാഖൻ നന്ദി പറഞ്ഞു.
പദ്ധതി വിനിയോഗത്തിൽ പാളിച്ച
കഴിഞ്ഞ ഭരണസമിതിയുടെ കാലയളവിൽ പദ്ധതി വിനിയോഗത്തിൽ ജില്ല വളരെ പിന്നോക്കമായിരുന്നു. പ്ലാൻ ഫണ്ട് പൊതു വിഭാഗത്തിൽ ഒന്പതു കോടിയോളം രൂപ ലഭിച്ചതിൽ 68.67 ശതമാനമാണ് ചെലവഴിച്ചത്. പട്ടിക ജാതിവിഭാഗത്തിൽ 59.39 ശതമാനവും പട്ടികവർഗ വിഭാഗത്തിൽ 67.09 ശതമാനവുമാണ് ചെലവഴിക്കാനായത്. ഇതിനു പിന്നിലെ കാരണങ്ങൾ ചർച്ച ചെയ്യണം.
പദ്ധതി ഫണ്ട് വിനിയോഗത്തിൽ വീഴ്ച ഉണ്ടാകാൻ അനുവദിക്കില്ല. ഫണ്ട് കൃത്യമായി ലഭിക്കാത്തതിന്റെ കുറവു കാരണം പണം നഷ്ടമാകുന്ന സാഹചര്യവും ഒഴിവാക്കണം.സർക്കാരിൽ നിന്നും കൃത്യമായും ഫണ്ടുകൾ ലഭിക്കുന്നതോടെ വികസന പദ്ധതികൾ വേഗത്തിൽനടപ്പാക്കാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്.
ഓക്സിജൻ പ്ലാന്റിന്റെ സ്ഥിതിപരിശോധിക്കണം
കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്തു സ്ഥാപിച്ച ഓക്സിജൻ പ്ലാന്റ് പ്രവർത്തനം തടസപ്പെട്ടിരിക്കുകയാണ്. പ്രവർത്തനം ആരംഭിച്ച് അധികം വൈകുന്നതിനു മുന്പുതന്നെ പ്ലാന്റ് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കരാറുകൾ പരിശോധിക്കും. ബന്ധപ്പെട്ടവരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ പരിഹാരമുണ്ടാകണം.
ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗത്തിൽ കൃത്യതയും സുതാര്യതയും ഉറപ്പാക്കും. കൊടുമൺ റൈസ് മില്ലിന്റെ പ്രവർത്തനവും തടസപ്പെട്ടിരിക്കുകയാണ്. റൈസ് മില്ലിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിന്റെ പങ്ക് സംബന്ധിച്ചു പരിശോധന നടത്തും. നിലവിൽ ഒരു സൊസൈറ്റിയെ റൈസ് മില്ല് ഏല്പിക്കാനുണ്ടായ സാഹചര്യവും വിലയിരുത്തും. ജില്ലയുടെ കാർഷിക പുരോഗതി ലക്ഷ്യമിട്ടു തുടങ്ങിയ പദ്ധതിയാണിത്.
പുളിക്കീഴിലെ എബിസി കേന്ദ്രം നിർമാണം പൂർത്തിയാക്കും. സാങ്കേതിക തടസങ്ങൾ പരിഹരിക്കപ്പെടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യം അടിയന്തര പ്രാധാന്യത്തോടെ പരിശോധിക്കും. കാട്ടുമൃഗ ശല്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്ക് സർക്കാർ സഹായത്തോടെ നടപടികൾ ആലോചിക്കും. ഇതുമായി ബന്ധപ്പെട്ടു നിലവിൽ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുമെന്നും പ്രസിഡന്റ് പറഞ്ഞു.
വീതംവയ്പ് വികസനത്തെ ബാധിക്കില്ല
പദവികൾ വീതം വയ്ക്കുന്നത് വികസന പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് ദീനാമ്മ റോയിയും അനീഷ് വരിക്കണ്ണാമലയും പറഞ്ഞു. ഒറ്റക്കെട്ടായുള്ള പ്രവർത്തനമായിരിക്കും ഭരണസമിതി നടത്തുക.
തൊഴിൽ തേടിയും വിദ്യാഭ്യാസ ആവശ്യവുമായി ബന്ധപ്പെട്ടും നാടുവിട്ടുപോകുന്ന ചെറുപ്പക്കാരുടെ എണ്ണം ജില്ലയിൽ കൂടിവരിയാണ്. യുവാക്കളുടെപ്രതീക്ഷകൾക്ക് അനുസൃതമായ പദ്ധതികൾക്ക് മുൻഗണന നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു.