നെയ്യാറ്റിന്കര : മണലാരണ്യത്തിലെ പത്തു വര്ഷത്തോളമുള്ള അധ്വാനത്തിനു ശേഷം നാട്ടിലെത്തിയപ്പോള് സുഹൃ ത്ത് മോഹനന്റെ ഉപദേശവും നിര്ദേശവും സ്വീകരിച്ച പി. നേശന് നിലവില് കുളത്തൂര് പഞ്ചായത്തിലെ അറിയപ്പെടുന്ന കര്ഷകനാണ്.
മണ്ണും കൃഷിയും പകരുന്ന സംതൃപ്തി മറ്റൊരിടത്തുനിന്നും ലഭ്യമാകില്ലായെന്ന് നേശന് അടിവരയിട്ട് ആവര്ത്തിക്കുന്നു. കര്ഷകന് മണ്ണിന്റെ കാവലാളെന്നതാണ് നേശന്റെ തത്വപ്രമാണം. പ്രവാസിയായിരുന്നതിനെക്കാള് കൂടുതല് കര്ഷകനായതിലുള്ള സന്തോഷമാണ് നേശനെ കൃഷിയിടത്തില് കരുത്തോടെ നിലനിര്ത്തുന്നത്. രണ്ടരയേ ക്കറോളം കൃഷിയിടം പാട്ടത്തിനെടുത്തിട്ടുള്ള നേശന് മുഴുവന് സമയകര്ഷകനാണെന്ന് നിസ്സംശയം പറയാം.
രാവിലെ പാടത്തിറങ്ങിയാല് ഊണിന് ഉച്ചയ്ക്ക് വീട്ടിലെത്തും. അല്പ്പനേരത്തെ പതിവു വിശ്രമത്തിനുശേഷം വീണ്ടും കൃഷിയിടത്തിലേയ്ക്ക്. സന്ധ്യയാകും പിന്നത്തെ മടക്കം. പയര്, തക്കാളി, മുളക് മുതലായ പച്ചക്കറിയിനങ്ങളും വാഴയും ഇപ്പോള് കൃഷി ചെയ്തിട്ടുണ്ട്. ഏത്തനും കപ്പയുമാണ് വാഴയുടെ വിഭാഗത്തില് കൂടുതലായുള്ളത്. തിരുവനന്തപുരത്തെ വിപണിയിലും ഹോര്ട്ടിക്കോര്പ്പിന്റെ അരിയല്ലൂരിലെ ശാഖയിലും പൂഴിക്കുന്ന് ചന്തയിലുമൊക്കെയാണ് ഉത്പന്നങ്ങള് നല്കുന്നതെന്നും നേശന് പറഞ്ഞു. ജൈവവളമാണ് ഉപയോഗിക്കുന്നത്. വിഷരഹിത ഭക്ഷണം സമൂഹത്തിന്റെ ആരോഗ്യത്തിന് നിദാനമെന്ന വാസ്തവം നെഞ്ചേറ്റിയാണ് ഉള്ളൂര്ക്കോണം കിഴക്കിന്കര പുത്തന്വീട്ടില് നേശന്റെ കാര്ഷിക പ്രവര്ത്തനങ്ങള്.
ഭാര്യ ഓമനയ്ക്കും മക്കളായ ബൈജുവിനും ബിനുവിനും സുജയ്ക്കുമെല്ലാം കൃഷിയോട് മമതയുണ്ടെന്നും നേശന് "ദീപിക' യോട് പറഞ്ഞു.