മുട്ടം: അര്‍ധരാത്രിയില്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് റോഡരികില്‍ വാഹനം കാത്തിരുന്ന വയോധികനായ ഹൃദ്രോഗിക്ക് രക്ഷകരായി മുട്ടം പോലീസ്. കന്യാമല സ്വദേശിയായ ആശാരിപാറയില് പത്രോസിനാണ് (74) പോലീസിന്റെ സമയോചിത ഇടപെടലിലൂടെ ചികിത്സ ലഭിച്ചത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയായിരുന്നു സംഭവം.
കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പത്രോസ് സമീപത്തെ ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടറുടെ സേവനം ലഭ്യമല്ലാതിരുന്നതിനാല്‍ ചികിത്സ ലഭിച്ചില്ല. തുടര്‍ന്ന് ഭാര്യ അന്നക്കുട്ടിയോടൊപ്പം തുടങ്ങനാട് ലൂര്‍ദ് മാതാ ചാപ്പലിനു സമീപം വാഹനം കാത്തിരുന്നെങ്കിലും ലഭിച്ചില്ല. ഇവരുടെ മക്കള്‍ രണ്ടുപേരും അടിയന്തര ആവശ്യത്തിനായി എറണാകുളത്തായിരുന്നതിനാല്‍ സഹായത്തിനായി വിളിക്കാനാകാത്ത അവസ്ഥയായിരുന്നു.
ഇതിനിടെയാണ് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന മുട്ടം പോലീസിന്റെ വാഹനം അതുവഴി എത്തിയത്. ഷര്‍ട്ട് ഊരി അസ്വസ്ഥനായി ഇരുന്ന പത്രോസിനെയും ഭാര്യയെയുംകണ്ട് പോലീസ് വിവരം തിരക്കി. രോഗിയാണെന്നും മുമ്പും ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെന്നും മനസിലാക്കിയ ഉടന്‍തന്നെ പോലീസ് ഇരുവരെയും വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് തിരിച്ചു.
മുട്ടത്തെ ആശുപത്രിയില്‍ ഡോക്ടറില്ലെന്ന് അറിഞ്ഞതോടെ സമയം നഷ്ടപ്പെടുത്താതെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി. പോലീസിന്റെ സമയോചിതമായ ഇടപെടലോടെ പത്രോസിന് ചികിത്സ ലഭിച്ചു.
ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ട പത്രോസ് മുട്ടം പോലീസ് സ്റ്റേഷനിലെത്തി അര്‍ധരാത്രിയില്‍ സഹായഹസ്തം നീട്ടിയ പോലീസുകാരെ നേരില്‍ക്കണ്ട് നന്ദി അറിയിച്ച ശേഷമാണ് മടങ്ങിയത്.
മുട്ടം സ്റ്റേഷനിലെ സാന്റിനോയും നിബിന് പോളുമാണ് അര്‍ധരാത്രിയില്‍ മാനുഷിക ഇടപെടലിലൂടെ പത്രോസിന് തുണയായത്. ഇരുവരെയും സാമൂഹ്യമാധ്യമത്തിലൂടെ ഒട്ടേറെ പേര് അഭിനന്ദിച്ചു.