District News
തൊടുപുഴ: കടുത്ത ചൂടിന് ആശ്വാസമായി തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും ശക്തമായ വേനൽ മഴ. ജില്ലയിൽ ഇന്നലെ പലയിടങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചു. മഴയോടൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും ഉണ്ടായത് ജനങ്ങളിൽ ഭീതിയുണർത്തി. മരം വീണും മറ്റും വിവിധയിടങ്ങളിൽ നാശനഷ്ടമുണ്ടായി. വൈദ്യുതി ലൈനിലേക്ക് മരം വീണതിനെത്തുടർന്ന് ഏറെ സമയം വൈദ്യുതി തടസവും നേരിട്ടു.
കനത്ത മഴയിൽ തൊടുപുഴ ചുങ്കം സെന്റ് മേരീസ് പള്ളിവക കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും തകർന്നു. മേച്ചിൽ ഷീറ്റുകൾ പൂർണമായും പറന്നുപോയി. ഇതേത്തുടർന്ന് കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ നശിച്ച് ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായി.
ഇതിൽ ഒരു മുറിയിൽ ഹോം ബോക്സ് എന്ന സ്ഥാപനത്തിന്റെ സാനിറ്ററി സാമഗ്രികൾ സൂക്ഷിച്ചിരുന്നു. ഇതിൽ നല്ലൊരു ഭാഗവും നശിച്ചു. സമീപത്തെ കാവനാൽ ഇലക്ട്രിക്കൽസിന്റെ ഗോഡൗണിലും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. മണക്കാട് പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ മരംവീണും മറ്റും നാശം നേരിട്ടു.
മണക്കാട് വില്ലേജ് ഓഫീസിനു സമീപം ട്രാൻസ്ഫോർമറിലേക്ക് മരം വീണു. റോഡരികിൽനിന്ന മരം ട്രാൻസ്ഫോർമറിനു മുകളിലേക്ക് വീഴുകയായിരുന്നു. അൽ അസ്ഹർ കോളജിനു സമീപം, ഇടവെട്ടി മാർത്തോമ എന്നിവിടങ്ങളിലും മരം വൈദ്യുതി ലൈനിനു മുകളിൽ വീണു. ലൈൻ പൊട്ടിയതിനെത്തുടർന്ന് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി.
കഴിഞ്ഞ ദിവസങ്ങളിലും അന്തരീക്ഷം ഇരുണ്ടു മൂടിയെങ്കിലും കാര്യമായ തോതിൽ മഴ തൊടുപുഴ മേഖലയിൽ ലഭിച്ചിരുന്നില്ല.
എന്നാൽ ഇന്നലെ വൈകുന്നേരം നാലോടെ ആരംഭിച്ച വേനൽ മഴ രണ്ടു മണിക്കൂറോളം നേരം നീണ്ടുനിന്നു. മഴയോടൊപ്പം അതി ശക്തമായ ഇടിമിന്നലാണുണ്ടായത്. ഇടിമിന്നലിൽ പല വീടുകളിലും വൈദ്യുതി ഉപകരണങ്ങളും തകരാറിലായിട്ടുണ്ട്. ജില്ലയിൽ 12 വയസുള്ള പെണ്കുട്ടി ഉൾപ്പെടെ ഇടിമിന്നലിൽ കഴിഞ്ഞ ദിവസം മരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി നിർദേശിച്ചിട്ടുണ്ട്.
ജില്ലയിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.കത്തിനിൽക്കുന്ന കൊടും ചൂടിനു പുറമേ വരണ്ടുണങ്ങിയ നീർച്ചാലുകൾക്കും വേനൽ മഴ ആശ്വാസകരമായി.
Health
കത്തുന്ന വേനൽച്ചൂടിൽ സൂര്യാഘാതം ഏൽക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. സംസ്ഥാനത്ത് മിക്ക ജില്ലകളിലും മൂന്ന്-നാല് ഡിഗ്രി സെൽഷസ് വരെ ചൂട് കൂടുതാലാണെന്നാണ് റിപ്പോർട്ടുകൾ. ഉഷ്ണതരംഗ സമാനമായ സാഹചര്യത്തിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ ഏവരും ശ്രദ്ധപുലർത്തേണ്ടതുണ്ട്.
ശക്തമായ വെയിലേ റ്റാൽ ശരീരത്തിന്റെ താപനിലയുടെ നിയന്ത്രണം സാധ്യമാകാതെ വരികയും ആന്തരികാവയവങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കഠിനമായ തലവേദന, ഹൃദയമിടിപ്പ് വർധിക്കുക, ചർമത്തിലെ നിറം വ്യത്യാസം, ഓക്കാനം, ഛർദി, ബോധക്ഷയം തുടങ്ങിയവ ലക്ഷണങ്ങളാകാം. ചിലരിൽ ശരീരം ചുവന്നു തടിച്ചു വരും. വെള്ളം നിറഞ്ഞ് കുമിളകൾ പോലെ വന്ന് തൊലി പൊളിഞ്ഞുപോകുന്നതിനും സാധ്യതയുണ്ട്. സൂര്യാഘാതം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഇങ്ങനെ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം. രോഗിയെ തണലുള്ള സ്ഥലത്തേക്ക് മാറ്റുക, തണുത്ത വെള്ളം കുടിക്കാൻ നൽകുക തുടങ്ങിയ പ്രഥമശുശ്രൂഷകളും ഉടൻ ലഭ്യമാക്കണം.
സൂര്യരശ്മികൾ പതിച്ചാൽ മറ്റ് പ്രശ്നങ്ങളും
വേനൽക്കാലത്ത് ഏറ്റവും കൂടുതലായി കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ് അൾട്രാവയലറ്റ് രശ്മിയോടുള്ള അലർജി അഥവാ പോളിമോറസ് ലൈറ്റ് ഇറപ്ഷൻ. പുറത്തുനിന്നുള്ള കനത്ത വെയിൽ ഏറ്റവരിൽ കുറച്ചു സമയത്തിനകം ചൊറിച്ചിലോടുകൂടിയ ചുവന്ന തടിപ്പുകളോ കുരുക്കളോ കാണപ്പെടും. ഇത് നേരിട്ടുള്ള സൂര്യപ്രകാശം ഏറ്റവരിൽ മാത്രമല്ല ജനാലകളിൽകൂടി ശക്തമായ സൂര്യപ്രകാശം ഏൽക്കുന്ന ആളുകളിലും കാണപ്പെടാറുണ്ട്. പോളിമോറസ് ലൈറ്റ് ഇറപ്ഷൻ വരാതിരിക്കാൻ ശരീരം പൂർണമായി മൂടുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കണം.
കൂടുതലായി ചൊറിച്ചിലും അസ്വസ്ഥതകളും വന്നു കഴിഞ്ഞാൽ ഓയിന്റ്മെന്റുകളോ ഡോക്ടർമാരുടെ നിർദേശപ്രകാരം മരുന്നുകളോ കഴിക്കണം. സൂര്യരശ്മികൾ ഏൽക്കുന്നതു മൂലം ടാനിംഗ് ഉണ്ടാകാനും സാധ്യതയുണ്ട്. പുറത്തുനിന്നു സൂര്യപ്രകാശം ഏറ്റ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത നിറത്തിലുള്ള കരുവാളിപ്പ് ആണ് ടാനിംഗ്. ഇത് വരാതിരിക്കാൻ മികച്ച സൺസ്ക്രീൻ ഉപയോഗിക്കുകയോ ശരീരം പൂർണമായി കവർ ചെയ്യുന്ന വസ്ത്രങ്ങൾ ധരിക്കുകയോ വേണം. ടാനിംഗ് വന്നുകഴിഞ്ഞാൽ ചിലർക്ക് തനിയെ മാറും. ഇങ്ങനെ മാറിയില്ലെങ്കിൽ വൈദ്യസഹായം തേടി ഡി-ടാൻ ക്രീമുകൾ ഉപയോഗിച്ചു തുടങ്ങണം. ക്രീമുകൾ, സൺസ്ക്രീൻ എന്നിവ ഉപയോഗിച്ച ശേഷവും ടാനിംഗ് മാറിയില്ലെങ്കിൽ കെമിക്കൽ പീലിംഗ് എന്ന ലേസർ ചികിത്സാമാർഗത്തിലൂടെ ടാനിംഗ് കുറയ്ക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സൂര്യാഘാതം ഏൽക്കാതിരിക്കാൻ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെവെയിൽകൊണ്ട് വിവിധ ജോലികളിൽ ഏർപ്പെടുന്നവരും പുറത്തു പോകുന്നവരും അതീവ ജാഗ്രത പുലർത്തണം. അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ശരീരം കവർ ചെയ്തുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. കുട ഉപയോഗിക്കുക, തലയിൽ തൊപ്പി ധരിക്കുക, സൺഗ്ലാസ് ഉപയോഗിക്കുക എന്നിവയും ശീലമാക്കണം. അയവുള്ള കോട്ടൺ വസ്ത്രങ്ങളാണ് വേനൽക്കാലത്ത് അനുയോജ്യം.
ശരീരത്തിനു ഹാനികരമായ അൾട്രാവയലറ്റ് റേഡിയേഷനിൽനിന്നു സംരക്ഷണം ലഭിക്കാൻ സൺസ്ക്രീൻ ഉപയോഗിക്കാം. കുട്ടികളിലും സൺസ്ക്രീൻ ഉപയോഗിക്കണം.
സൺസ്ക്രീൻ ഉപയോഗിക്കുന്നവർ മൂന്നു-നാല് മണിക്കൂറിനുള്ളിൽ വീണ്ടും മാറി ഉപയോഗിക്കണം. മിനിമം എസ്പിഎഫ് 30 ഉള്ള സൺസ്ക്രീനാണ് ഉപയോഗിക്കേണ്ടത്. പുറത്തു പോകുന്നതിന്റെ 20 മിനിറ്റ് മുമ്പെങ്കിലും ശരീരത്തിൽ വെയിൽ ഏൽക്കുന്ന എല്ലാ ഭാഗങ്ങളിലും സൺസ്ക്രീൻ ഉപയോഗിക്കണം. കനത്ത വേനലിൽ ശരീരത്തിൽ ജലാംശം വേഗത്തിൽ നഷ്ടപ്പെടുമെന്നതിനാൽ ആവശ്യത്തിനു വെള്ളം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും സാലഡുകളും ആഹാരത്തിൽ ഉൾപ്പെടുത്തുകയും വേണം.
Leader Page
2026ൽ ആഗോള താപനില വ്യവസായവിപ്ലവ കാലഘട്ടത്തിന് മുമ്പുള്ളതിനേക്കാൾ 1.4 ഡിഗ്രി സെൽഷസ് മുതൽ 1.5 ഡിഗ്രി സെൽഷസ് വരെ ഉയർന്നേക്കാമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ കണക്കാക്കുന്നു. അടുത്തിടെ അവസാനിച്ച ലാ നിനയുടെ തണുപ്പിക്കൽ സ്വാധീനം ഉണ്ടായിരുന്നിട്ടും, 2026 ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടേറിയ വർഷങ്ങളിലൊന്നായി മാറിയേക്കാം. ഇന്ത്യയിൽ 1981ലെ താപനിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 2000 ആയപ്പോഴേക്കും ശരാശരി ദൈനംദിന പരമാവധി താപനില അര ഡിഗ്രി സെൽഷസും 2020 ആയപ്പോഴേക്കും ഒരു ഡിഗ്രി സെൽഷസും വർധിച്ചതായി അടുത്തയിടെ സയന്റിഫിക് റിപ്പോർട്ട്സ് ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നു.
വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും മധ്യ ഇന്ത്യയിലും ആന്ധ്രപ്രദേശിന്റെ തീരപ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതൽ വർധനയുണ്ടായത്. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശരാശരി ദൈനംദിന പരമാവധി താപനില ക്രമാതീതമായി വർധിച്ചുവരുന്നതായും ഗവേഷകർ കണ്ടെത്തി. താപതരംഗ ദിനങ്ങളുടെ എണ്ണവും തീവ്രതയും കൂടി.1981-2000നും 2001-2020നും ഇടയിൽ തീവ്രമായ ഉഷ്ണതരംഗ സാധ്യതയുള്ള പ്രദേശങ്ങളുടെ വ്യാപ്തി ഏകദേശം 1.5 മടങ്ങ് വർധിച്ചു. മാർച്ച് മുതൽ ജൂൺ വരെയുള്ള വേനൽമാസങ്ങളിൽ താപനില അസാധാരണമായി ഉയരുന്നത് കേരളത്തിലും പതിവായിട്ടുണ്ട്. പകൽ താപനിലയും രാത്രി താപനിലയും ഒരുപോലെ ഉയരുന്നു.
ചൂടും ഈർപ്പവും ചേരുന്നത് അപകടം
ചൂടു കൂടിയ അന്തരീക്ഷത്തിൽ കൂടുതൽ ഈർപ്പമുണ്ടായിരിക്കും. സാധാരണ ഉഷ്ണതരംഗങ്ങളേക്കാൾ അപകടകരമാണ് ഉയർന്ന ഈർപ്പവും അത്യുഷ്ണവും സംയോജിച്ച താപതരംഗങ്ങൾ. ചൂട് ഉയർന്നതല്ലെങ്കിലും ഉയർന്ന അന്തരീക്ഷ ആർദ്രതയുണ്ടെങ്കിൽ യഥാർഥത്തിൽ അനുഭവവേദ്യമാകുന്ന ചൂട് വളരെ കൂടുതലായിരിക്കും. അത്യുഷ്ണ സാഹചര്യങ്ങളെ കൂടുതൽ ആപത്കരമാക്കുന്നത് ഉയർന്ന അന്തരീക്ഷ ആർദ്രതയാണ്. സ്വാഭാവികമായി തണുക്കാനുള്ള ശരീരത്തിന്റെ ശേഷിയെ ഇത് ബാധിക്കും. വിയർപ്പ് പുറന്തള്ളാനാവാതെ ശരീരം അസ്വസ്ഥമാകും.
ഈർപ്പവും ചൂടും കൂടിയ കാലാവസ്ഥയിൽ കായികാധ്വാനം അപകടകരമാണ്. ‘വെറ്റ് ബൾബ്’ താപനിലയനുസരിച്ചാണ് ഇതിന്റെ തീവ്രത അളക്കുന്നത്. ഇന്ത്യയുടെ തീരപ്രദേശങ്ങളിൽ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി വെറ്റ്-ബൾബ് താപനില വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈർപ്പമുള്ള ചൂട് തീരമേഖലയിൽ ക്രമാതീതമായി കൂടുന്നുണ്ടെന്നും ഗവേഷകർ പറയുന്നു. ആർദ്രതയും ചൂടും കൂടിച്ചേർന്ന ഉഷ്ണ തരംഗങ്ങളുടെ ഭീഷണി ഇന്ത്യയിൽ ഏറ്റവും കൂടുതൽ നേരിടുന്നത് കേരളത്തിന്റെ തീരദേശ ജില്ലകളാണെന്ന് റെഡിംഗ് യൂണിവേഴ്സിറ്റിയിലെ അക്ഷയ് ദിയോറസിന്റെ നേതൃത്വത്തിൽ നടത്തിയ ഒരു പുതിയ പഠനത്തിൽ പറയുന്നു.
ഉപജീവനം തകരും, കൃഷി പ്രതിസന്ധിയിലാകും
കൊടുംചൂട് ആഗോളതലത്തിൽ നൂറു കോടിയിലധികം ആളുകളുടെ ഉപജീവനമാർഗത്തിനും ആരോഗ്യത്തിനും തൊഴിൽ ഉത്പാദനക്ഷമതയ്ക്കും കടുത്ത ഭീഷണിയാണെന്ന് ലോക ഭക്ഷ്യ കാർഷിക സംഘടനയും (എഫ്എഒ) ലോക കാലാവസ്ഥാ സംഘടനയും (ഡബ്ല്യുഎംഒ) ചേർന്ന് ഈ വർഷത്തെ ലോക ഭൗമദിനത്തിൽ പ്രസിദ്ധീകരിച്ച സംയുക്ത റിപ്പോർട്ടിൽ പറയുന്നു. കൊടുംചൂടിന്റെ ഏറ്റവും വലിയ ഭീഷണി നേരിടുന്നത് കർഷകരും കർഷകത്തൊഴിലാളികളും കാർഷിക- ഭക്ഷ്യോത്പാദന സംവിധാനങ്ങളുമാണ്. ഇന്ത്യയുൾപ്പെടെ ദക്ഷിണേഷ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉഷ്ണമേഖലാ സബ്-സഹാറൻ ആഫ്രിക്ക, മധ്യ-ദക്ഷിണ അമേരിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും പുറംജോലി ചെയ്യാൻ കഴിയാത്തവിധം അതികഠിനമായ ചൂടുള്ള ദിവസങ്ങളുടെ എണ്ണം പ്രതിവർഷം 250 ആയി ഉയർന്നേക്കാം. താപനിലയിൽ 20 ഡിഗ്രി സെൽഷസിൽനിന്നു മുകളിലേക്ക് ഓരോ ഡിഗ്രി ഉയരുമ്പോഴും തൊഴിൽ ഉത്പാദനക്ഷമത രണ്ട്-മൂന്നു ശതമാനം കുറയുന്നുവെന്ന് എഫ്എഒ-ഡബ്ല്യുഎംഒ റിപ്പോർട്ട് പറയുന്നു.
30 ഡിഗ്രി സെൽഷസിനു മുകളിലുള്ള താപനിലയിൽ പ്രധാനപ്പെട്ട കാർഷികവിളകളുടെ വിളവ് കുറയാൻ തുടങ്ങും. ഉരുളക്കിഴങ്ങ്, ബാർലി തുടങ്ങിയ ചില വിളകൾക്ക് ഇതു പോലും താങ്ങാനാവില്ല. കൊടുംചൂട് വളർത്തുമൃഗങ്ങളെയും പ്രതിസന്ധിയിലാക്കും. ഉയർന്ന താപനില വെള്ളത്തിൽ ലയിച്ചിരിക്കുന്ന ഓക്സിജന്റെ അളവ് കുറയ്ക്കും. ഉയർന്ന ശ്വസനനിരക്ക് നിലനിർത്താൻ മത്സ്യങ്ങൾ പാടുപെടുന്നതിനാൽ അവയ്ക്ക് ഹൃദയസ്തംഭനം സംഭവിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. അത്യുഷ്ണം വിളവ് മാത്രമല്ല, ധാന്യങ്ങൾ ഉൾപ്പെടെയുള്ള പ്രധാന ഭക്ഷ്യവിളകളുടെ പോഷകമേന്മയും കുറയ്ക്കും.
അത്യുഷ്ണം മനുഷ്യർക്കെന്നപോലെ ഇന്ത്യയിലെ കാർഷിക മേഖലയ്ക്കും വൻ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. 2022ലെ ഉഷ്ണതരംഗത്തിൽ ഇന്ത്യയിൽ ഗോതമ്പ് ഉത്പാദനം ഒമ്പതു മുതൽ 34 ശതമാനം വരെ കുറഞ്ഞതായി ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ പഠനങ്ങൾ വ്യക്തമാക്കുന്നു. മക്കച്ചോളത്തിന്റെ വളർച്ച മുരടിച്ചു, കീടങ്ങളുടെ ആക്രമണം കൂടി, വിളവ് 18 ശതമാനം വരെ കുറഞ്ഞു. പയർ വർഗവിളകളുടെ വളർച്ചയും മുരടിച്ചു. മിക്ക പച്ചക്കറി വിളകൾക്കും കൊടുംചൂട് താങ്ങാനാവില്ല. പഴവർഗ വിളകളുടെ കായ്പിടിത്തം കുറയും.
ഉത്പാദനം കുത്തനെ ഇടിയും. കീടങ്ങളുടെ ആക്രമണം കൂടും. വർധിച്ചുവരുന്ന ചൂടും ക്രമം തെറ്റിയ മഴയും നെൽകൃഷിയുടെ താളം തെറ്റിക്കും. പകൽ താപനില 33 ഡിഗ്രി സെൽഷസിൽ കൂടിയാൽ ഏലം കരിഞ്ഞുണങ്ങാൻ തുടങ്ങും. ഉഷ്ണതരംഗങ്ങൾ നാളികേരോത്പാദനം 25 ശതമാനം കണ്ട് കുറയ്ക്കും. മറ്റു തോട്ടവിളകളുടെ ഉത്പാദനവും കുറയും 2022ൽ ഉഷ്ണതരംഗം വീശിയ പ്രദേശങ്ങളിൽ പാൽ ഉത്പാദനം 15 ശതമാനം കുറഞ്ഞതായി ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ പറയുന്നു.
കരയിലേതുപോലെ സമുദ്രത്തിലെ ഉഷ്ണതരംഗങ്ങളും വർധിച്ചുവരികയാണ്. ഇത് മത്സ്യങ്ങളുടെ എണ്ണത്തെയും സമുദ്ര ആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നു. ചൂട് കുറഞ്ഞ മേഖലകളിലേക്ക് മത്സ്യങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യും. മത്സ്യലഭ്യത കുറയും. മിന്നൽ പ്രളയംപോലെ മിന്നൽ വരൾച്ചയും വ്യാപകമാകും. 1990കളിൽ ആഗോള ഭൂവിസ്തൃതിയുടെ 10 ശതമാനം ഭാഗത്തെയാണ് വരൾച്ച ബാധിച്ചിരുന്നതെങ്കിൽ 2025ൽ അത് 30 ശതമാനമായി ഉയർന്നു. കൃഷി ചെയ്യാൻ അനുയോജ്യമായ ഭൂമിയുടെ വിസ്തുതി ഗണ്യമായി കുറയും.
(അവസാനിച്ചു)
National
ജയ്പുർ: കൊടുംചൂടിൽ വെന്തുരുകി രാജസ്ഥാൻ. പടിഞ്ഞാറൻ രാജസ്ഥാനിലെ ബാർമറിൽ ശനിയാഴ്ച രേഖപ്പെടുത്തിയത് 45.7 ഡിഗ്രി സെൽഷസാണ്.സംസ്ഥാനത്തെ മിക്കയിടങ്ങളും കൊടുംചൂടിന്റെ പിടിയിലാണ്.
ജയ്സാൽമെറിൽ 44.9 ഡിഗ്രി സെൽഷസാണു താപനില. ബിക്കാനിർ (44.5) ജോധ്പുർ (44.4) കോട്ട (43.3), ചിത്തോർഗഡ് (44.2) ശ്രീഗംഗാനഗർ (43.9) പിലാനി (43.7) എന്നിവിടങ്ങളിലും കൊടുംചൂട് തുടരുകയാണ്.
അടുത്ത രണ്ടുമൂന്ന് ദിവസങ്ങളിൽ താപനില രണ്ടു ഡിഗ്രി വരെ വീണ്ടും ഉയർന്നേക്കാമെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്. ഉഷ്ണതരംഗ സാധ്യതയും പ്രവചിക്കപ്പെടുന്നു.
Kerala
തൃശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ വിലയിരുത്തൽ. ഷോർട് സർക്യൂട്ട് സാധ്യതയിൽ ഉൾപ്പടെയാണ് പരിശോധന നടത്തുന്നത്.
അതേസമയം, ഇലക്ട്രിക്കൽ ഇൻസ്പെക്ടട്രേറ്റ് പരിശോധന പൂർത്തിയായി. അപകട കാരണം എന്താണ് എന്നതിൽ ഈ റിപ്പോർട്ട് നിർണായകമാകും.
മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ഇതുവരെ 14 പേരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട നാലു പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് തൃശൂർ കളക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. നാലു പേരുടെയും ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരിക്കുമെന്നും ഡിഎൻഎ ഫലം മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ലഭ്യമാക്കുമെന്നും അവർ പറഞ്ഞു.
32 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. നിലവിൽ ഒൻപത് മൃതദേഹങ്ങളിൽ എട്ട് പേരുടെയും മൃതദേഹങ്ങൾ വിട്ടു കൊടുത്തെന്നും കളക്ടർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: അടുത്ത നാലു ദിവസം കൂടി സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
പാലക്കാട് ജില്ലയിൽ ദിവസങ്ങളായി പകൽതാപനില 40 ഡിഗ്രി സെൽഷ്യസിനടുത്തുതന്നെയാണ്. ഇടുക്കിയും വയനാടും ഒഴികെയുള്ള മറ്റു ജില്ലകളിലും പകൽച്ചൂട് പിടിവിട്ടു കുതിക്കുകയാണ്.
വരും ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ പകൽച്ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ ആകാൻ സാധ്യതയുണ്ട്.
കൊല്ലത്ത് 39 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി വരെയും ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും ജാഗ്രത തുടരണമെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
Kerala
കൊച്ചി: കൊടും ചൂടിൽ കൊച്ചിക്ക് ആശ്വാസമായി വേനൽ മഴയെത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ വേനൽ മഴ ലഭിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശിയപ്പോൾ ആലുവയിലടക്കം ജില്ലയിൽ പലയിടത്തും മരങ്ങൾ കടപുഴകി.
കാറ്റിൽ മരങ്ങൾ വീണതിനെത്തുടർന്ന് ചില പ്രദേശങ്ങളിൽ ഗതാഗതവും വൈദ്യുതി ബന്ധവും തടസപ്പെട്ടു. ആലുവ കരുമാലൂരിൽ വീടിന്റെ മേൽക്കൂര പറന്നുപോയി. ദിനനാഥന്റെ വീടിന്റെ മേൽക്കൂരയാണ് ശക്തമായ കാറ്റിൽ പറന്നുപോയത്. ആർക്കും പരിക്കില്ല.
ഒരു മണിക്കൂറിലധികം സമയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തകർത്ത് പെയ്തു. കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും പെയ്ത മഴ ചൂടിന് വലിയ ശമനമാണ് നൽകിയത്. അതിനിടെ സംസ്ഥാനത്ത് 22 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Kerala
കൊച്ചി: ചൂടുകാല വിപണി ലക്ഷ്യമിട്ട് നഗരങ്ങളിലെ കടകളില് വ്യാജ ശീതളപാനീയങ്ങള് നിറയുന്നു.
പ്രമുഖ ബ്രാന്ഡ് ഉത്പന്നങ്ങളുടെ പേരിനോടു സാമ്യം തോന്നുന്ന ഗുണനിലവാരം തീരെയില്ലാത്ത വ്യാജന്മാരാണ് വേനല്ചൂട് മുതലെടുത്ത് വിപണിയില് സജീവമായിട്ടുള്ളത്. ഇവ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്ക്ക് കാരണമാകുമെന്നതിനാല് പരിശോധനയ്ക്കും നടപടിക്കും ഒരുങ്ങുകയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം.
ശീതളപാനീയം ഉണ്ടാക്കാന് ഉപയോഗിക്കുന്ന വെള്ളം, ഐസ്, പാല്, തൈര് എന്നിവ നിശ്ചിത ഗുണനിലവാരമുള്ളതും സുരക്ഷിതവുമായിരിക്കണമെന്നാണ് നിബന്ധന. എന്നാല് പലയിടത്തും ഇത് പാലിക്കപ്പെടുന്നില്ലെന്നാണ് കണ്ടെത്തല്.
10 രൂപ മുതല് 40 രൂപ വരെയുള്ള നിരക്കിലാണ് വ്യാജ ശീതള പാനീയങ്ങളുടെ വില്പന. അനധികൃതമായുള്ള ഉത്പന്നമാണെങ്കിലും ഉയര്ന്ന കമ്മീഷന് ലഭിക്കുന്നതിനാല് പല കടകളും സാമ്പത്തിക ലാഭം കണ്ട് വില്പനയ്ക്ക് തയാറാവുകയാണ്.
അതിനിടെ കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില് മഞ്ഞപ്പിത്തം ഉള്പ്പെടെയുള്ള ജലജന്യ രോഗങ്ങള് പടരാന് സാധ്യതയുള്ളതിനാല് ശുദ്ധജലം മാത്രം ഉപയോഗിക്കണമെന്നും അനധികൃതവും അംഗീകാരമില്ലാത്തതുമായ ഇത്തരം വ്യാജ ഉത്പന്നങ്ങള്ക്കെതിരേ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും മുന്നറിയിപ്പ് നല്കുന്നു.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മന്ദഗതിയിലായിരുന്ന പരിശോധനകള് തെരഞ്ഞെടുപ്പ് തിരക്കുകള് പൂര്ത്തിയായതോടെ വേഗത്തിലാക്കാനൊരുങ്ങുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനില വീണ്ടും കുതിച്ചുയരുന്നു. പ്രതീക്ഷിച്ചതു പോലെ വേനൽ മഴ ലഭിക്കാത്തതിനെ തുടർന്ന് ഭൂരിഭാഗം ജില്ലകളിലും ശരാശരി പകൽ താപനില 36 ഡിഗ്രി സെൽഷസിനടുത്തുതന്നെ തുടരുകയാണ്.
പാലക്കാട് പകൽച്ചൂടിന്റെ കാഠിന്യം കുറഞ്ഞെങ്കിലും ഇന്നലെ രേഖപ്പെടുത്തിയ ശരാശരി പകൽ താപനില 36.8 ഡിഗ്രി സെൽഷസാണ്.
തിരുവനന്തപുരത്ത് ഉയർന്ന താപനില 35.8 ഡിഗ്രിയും പുനലൂരിൽ 36.2 ഡിഗ്രിയും കോട്ടയത്ത് 36.5 ഡിഗ്രിയും കൊച്ചിയിൽ 35.5 ഡിഗ്രിയും കോഴിക്കോട് 35.2 ഡിഗ്രിയും കണ്ണൂരിൽ 36.5 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇടവിട്ട് വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച മഴ ലഭിക്കാത്തതാണ് ചൂടേറ്റുന്നത്. ഇതിനു പുറമെ സംസ്ഥാനത്തിന്റെ പല മേഖലകളിലും കുടിവെള്ള ക്ഷാമവും രൂക്ഷമായി തുടങ്ങിയിട്ടുണ്ട്.
മേയ് മാസത്തിൽ അനുഭവപ്പെടുന്ന ചൂടാണ് ഇപ്പോൾതന്നെ സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ വേനൽമഴ ശക്തമായില്ലെങ്കിൽ കേരളം ഉഷ്ണതരംഗ ആശങ്കയുടെ നിഴലിലാകുമെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
District News
അനൂപ് ജേക്കബ്
കത്തുന്ന വേനൽച്ചൂടിനൊപ്പം പിറവത്ത് പ്രചാരണച്ചൂടും. വോട്ടർമാരെ നേരിൽ കണ്ടും സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളും സന്ദർശിച്ചുമാണ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി അനൂപ് ജേക്കബ് എടയ്ക്കാട്ടുവയൽ പഞ്ചായത്തിൽ പര്യടനം നടത്തി. കെപിസിസി വൈസ് പ്രസിഡന്റ് ജെയ്സൺ ജോസഫ് പര്യടനം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിൽ അനുവദിച്ച വികസന പദ്ധതികൾ ചൂണ്ടിക്കാണിച്ചാണ് അനൂപ് വോട്ട് അഭ്യർഥിക്കുന്നത്. വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാർ സ്വീകരണമൊരുക്കി. എടയക്കാട്ടുവയലിലെ പേപ്പതിയിൽ നിന്നുമാരംഭിച്ച പര്യടനം 29 സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ട് വട്ടപ്പാറയിലാണ് സമാപിച്ചത്. ഇന്ന് മണീട് പഞ്ചായത്തിൽ പര്യടനം നടത്തും.
ഷിബു തെക്കുംപുറം
പഞ്ചായത്തുകൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ കോതമംഗലത്തെ സ്ഥാനാർഥികൾ. യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിന്റെ നാലാംദിന തെരഞ്ഞെടുപ്പ് പര്യടന പരിപാടിയുടെ ഉദ്ഘാടനം കവളങ്ങാട് പഞ്ചായത്തിലെ നീണ്ടപാറയിൽ യുഡിഎഫ് കോതമംഗലം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ബാബു ഏലിയാസ് നിർവഹിച്ചു.
യുഡിഎഫ് നേര്യമംഗലം മണ്ഡലം ചെയർമാൻ ജൈമോൻ ജോസ് അധ്യക്ഷനായി. ഷമീർ പനക്കൻ, കെ.പി. ബാബു, ബോബൻ ജേക്കബ്, പി.എം. സക്കറിയ, എ.ടി. പൗലോസ്, മാത്യു ജോസഫ്, എ. സി. രാജശേഖരൻ, പി.സി ജോർജ്ജ്, ബാബു പോൾ തുടങ്ങിയവർ പ്രസംഗിച്ചു. 25 ഓളം കേന്ദ്രങ്ങളിൽ സ്ഥാനാർഥിക്ക് വോട്ടർമാരുടെ നേതൃത്വത്തിൽ സ്വീകരണമൊരുക്കി.
മാത്യു കുഴല്നാടൻ
കേരളത്തെ കൈപിടിച്ചുയര്ത്തുന്ന യുഡിഎഫ് സര്ക്കാരാണ് ഇനി ഭരണത്തില് വരുന്നതെന്ന് ഫ്രാന്സിസ് ജോര്ജ് എംപി. യുഡിഎഫ് സ്ഥാനാര്ത്ഥി മാത്യു കുഴല്നാടന്റെ ആവോലി പഞ്ചായത്ത് പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് മണ്ഡലം ചെയര്മാന് ജോര്ജ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.
പുളിക്കായത്ത് കടവില്നിന്ന് ആരംഭിച്ച് എലീവിച്ചിറ കുന്ന്, നടുക്കര ഗ്രോട്ടോ, അറക്കപ്പീടിക, അടുപറമ്പ്, ആനിക്കാട്, കോട്ടപ്പുറം, കാട്ടുകണ്ടം കവല, നെല്ലിപ്പള്ളി, അടൂപറമ്പ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഹോസ്റ്റല് പടിയില് സമാപിച്ചു. മഞ്ഞള്ളൂരില് സംഘടിപ്പിച്ച പര്യടന പരിപാടി യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല് സെക്രട്ടറി കെ.എം. ജോര്ജ് ഉദ്ഘാടനം ചെയ്തു.
വി.പി. സജീന്ദ്രന്
ദുർഭരണത്തിൽ മനം മടുത്ത ജനങ്ങൾ ഇടത് സർക്കാരിനെതിരെ വിധിയെഴുതുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ. കുന്നത്തുനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി വി.പി.സജീന്ദ്രൻ മഴുവന്നൂർ മണ്ഡലത്തിൽ നടത്തിയ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാത്യു കുരുമോളത്ത് അധ്യക്ഷനായി. ഐ.കെ. രാജു, സി.പി. ജോയ്, എം.ടി. ജോയി, കെ.വി. എൽദോ, പോൾസൺ പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു. ആക്കാംപാറയിൽ നിന്ന് ആരംഭിച്ച പര്യടനം നെല്ലാട് സമാപിച്ചു.
രാവിലെ പൂത്തൃക്ക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥി പ്രവർത്തകരോടൊപ്പം സന്ദർശനം നടത്തി. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ്, വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ തുടങ്ങി വിവിധയിടങ്ങളിൽ വോട്ടു തേടി.
സാബു കെ. ജേക്കബ്
എൽഡിഎഫ് സ്ഥാനാർഥി സാബു കെ. ജേക്കബ് രാമമംഗലം, മണീട് പഞ്ചായത്തുകളിൽ പര്യടനം നടത്തി. പിറവത്തിന്റെ വികസന മുരടിപ്പും പ്രാദേശികമായി അവഗണിക്കപ്പെട്ടിരിക്കുന്ന പദ്ധതികളും ചൂണ്ടിക്കാട്ടിയാണ് പ്രചാരണം. രാമമംഗലം ഊരമന ശിവലിയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. 20 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം രാമമംഗലം കടവ് കവലയിലാണ് പര്യടനം അവസാനിച്ചത്.
ഉച്ചകഴിഞ്ഞ് നെച്ചൂർ കടവിൽ നിന്നാണ് മണീട് പഞ്ചായത്തിലെ പര്യടനം ആരംഭിച്ച് ഏഴക്കരനാട് ശ്രാപ്പിള്ളിയിൽ സമാപി കെ. എൻ. സുഗതൻ ഉദ്ഘാടനം ചെയ്തു. എം. എം. ഏലിയാസ് അധ്യക്ഷനായി.
ആന്റണി ജോൺ
എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോണിന്റെ പര്യടനം വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂരിൽ നിന്നാരംഭിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.സി അയ്യപ്പൻ അധ്യക്ഷനായി.
വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി, വാരപ്പെട്ടി, ഇളങ്ങവം സർക്കാർ സ്കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ നിർമാണം, ഈ സ്കൂളുകളിലേക്ക് അനുവദിച്ച ബസുകൾ, വാരപ്പെട്ടി ടെക്നിക്കൽ സ്കൂളിന്റെ ഒന്നാം നിലയുടെ നിർമാണം എന്നിവയടക്കം വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ചാണ് വോട്ട് അഭ്യർഥന. കിഴക്കേ കള്ളാട്ട്, കള്ളാട്ട്, ചേലാട് പള്ളിത്താഴം, മിനിപ്പടി, ഓലിമല കവല, രാമല്ലൂർ അങ്കണവാടി പടി, തോണികണ്ടം, കുമ്പളത്ത് മുറി തുടങ്ങിയ ഇടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം വലിയപാറയിൽ സമാപിച്ചു.
എൻ. അരുൺ
എല്ഡിഎഫ് സ്ഥാനാര്ഥി എന്. അരുണ് ഇന്നലെ വാഴക്കുളം മേഖലയില് പര്യടനം നടത്തി. കല്ലൂര്ക്കാട് പഞ്ചായത്തിലെ മണലി പീടിക ജംഗ്ഷനില് നിന്ന് ആരംഭിച്ച പൊതുപര്യടനം സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. ഉച്ചകഴിഞ്ഞ് മഞ്ഞള്ളൂര് പഞ്ചായത്തിലെ അച്ചന് കവലയില് നിന്നും ആരംഭിച്ച പര്യടനം രാത്രി വാഴക്കുളം പിഎച്ച്സി ജംഗ്ഷനില് സമാപിച്ചു. ഇന്ന് ആവോലി പഞ്ചായത്തിലും മൂവാറ്റുപുഴ നഗരസഭയിലും പര്യടനം നടത്തും.
പി.വി. ശ്രീനിജിൻ
സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് എൽഡിഎഫ് സ്ഥാനാർഥി പി.വി. ശ്രീജിജിൻ വോട്ട് തേടുന്നത്. പൂതൃക്ക പഞ്ചായത്തിലായിരുന്നു ആറാം ദിവസത്തെ പര്യടനം. രാവിലെ ചോയിക്കരമുകളിൽ സിപിഐ നേതാവ് എം.പി. ജോസഫ് ഉദ്ഘാടനം ചെയ്തു.
ചൂണ്ടി ലക്ഷം വീട്, ചൂണ്ടി, പത്താംമൈൽ, ചെമ്മല കോളനി, കാരക്കാട്ടുമല, അമ്പലപ്പടി, മീമ്പാറ, കുറിഞ്ഞി തുടങ്ങിയ കേന്ദ്രങ്ങളിൽ വോട്ട് അഭ്യർഥിച്ചെത്തി. വട്ടേക്കാട്ട് നഗറിൽ സ്ഥാനാർഥിക്ക് സ്വീകരണം നൽകി. പൂതൃക്ക, കുടുംബനാട് എന്നിവിടങ്ങളിലെ സ്വീകരണ ശേഷം വള്ളശേരി കവലയിൽ സമാപിച്ചു. ഉച്ചയ്ക്കുശേഷം കാവനാചോട്ടി കവലയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. കോരംകടവ് പാലം യാഥാർഥ്യമാക്കിയ സാരഥിക്ക് വൻ സ്വീകരണമാണ് നൽകിയത്.
ജിബി ഏബ്രഹാം
എന്ഡിഎ സ്ഥാനാര്ഥി ജിബി ഏബ്രഹാമിന്റെ വാഹന ര്യടനത്തിന് തിരുവാങ്കുളത്തുനിന്ന് തുടക്കമായി. ബിജെപി ജില്ലാ പ്രസിഡന്റ് പി. പി. സജീവ് ഉദ്ഘാടനം ചെയ്തു. ഇരുമ്പനത്ത് നിന്ന് ആരംഭിച്ച പര്യടനം തിരുവാങ്കുളം, ചോറ്റാനിക്കര ചുറ്റി എരുവേലിയിൽ സമാപിച്ചു. ഇന്ന് കൂത്താട്ടുകുളം നഗരസഭിലും ഇലഞ്ഞി പഞ്ചായത്തിലും പര്യടനം നടത്തും . ഇടയാര് എംപി ഐയുടെ മുന്നില് നിന്ന് രാവിലെ 8.30 ന് പര്യടനം ആരംഭിക്കും.
അജി നാരായണൻ
എൻഡിഎ സ്ഥാനാർഥി അജി നാരായണൻ കുട്ടമ്പുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. മാമലക്കണ്ടം ആദിവാസി കോളനി, മാമലക്കണ്ടം ഗുരുമന്ദിരം, മണികണ്ഠൻ ചാൽ ഗുരുമന്ദിരം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.വോട്ടർമാരുടെ വീടുകൾ സന്ദർശിച്ചു.
വാസയോഗ്യമല്ലാത്ത വീടുകൾ, പട്ടയ പ്രശ്നങ്ങൾ, വന്യമൃഗ ശല്യം, വൈദ്യതി, ശുദ്ധജലം, ശുചിമുറി എന്നിവയുടെ അഭാവം എന്നിങ്ങനെ ആദിവാസി കോളനിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് അജി നാരായണൻ ജനങ്ങൾക്ക് ഉറപ്പു നൽകി.
സണ്ണി കടൂത്താഴെ
നിയോജകമണ്ഡലം എന്ഡിഎ സ്ഥാനാര്ത്ഥി സണ്ണി കടൂത്താഴെയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എന്ഡിഎ പായിപ്ര പഞ്ചായത്ത് കണ്വന്ഷന് ബിജെപി മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് ടി. ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് ബിനു കുരുവിള അധ്യക്ഷത വഹിച്ചു.
ഒബിസി മോര്ച്ച ജില്ലാ പ്രസിഡന്റ് എ.എസ്. വിജുമോന്, ട്വന്റി20 നിയോജക മണ്ഡലം പ്രസിഡന്റ് ചാള്സ് പോള്, ഹിസ്റ്റി എം. സാനി, പി.യു. ഗോപാലകൃഷ്ണന് തുടങ്ങിയവര് പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കനത്തതോടെ അൾട്രാ വയലറ്റ് (യുവി) വികിരണത്തോത് ഉയരുന്നു. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി (കെഎസ്ഡിഎംഎ) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം എട്ട് കേന്ദ്രങ്ങളിൽ 'ഓറഞ്ച് അലർട്ട്' പ്രഖ്യാപിച്ചു.
യുവി സൂചിക ഒൻപത് രേഖപ്പെടുത്തിയ പാലക്കാട് ജില്ലയിലെ തൃത്താലയിലാണ് ഏറ്റവും ഉയർന്ന യുവി നിരക്ക്. തൊട്ടുപിന്നിൽ കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, മൂന്നാർ, ഒല്ലൂർ, പൊന്നാനി എന്നീ സ്ഥലങ്ങളാണ്. ഇവിടെ സൂചിക എട്ട് രേഖപ്പെടുത്തി. യുവി സൂചിക എട്ട് മുതൽ 10 വരെ രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുക.
ശരീരത്തിനു ഹാനികരമായേക്കാവുന്ന ഉയർന്ന വികിരണത്തോതാണ് എട്ട് മുതൽ 10 വരെയുള്ളത്. കളമശേരി, ബേപ്പൂർ, മാനന്തവാടി (സൂചിക - ഏഴ്), ധർമടം, ഉദുമ (സൂചിക - ആറ്) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ യുവി നിരക്ക്. ഇവിടെ യെലോ അലർട്ട് നൽകിയിട്ടുണ്ട്.
രാവിലെ 11 മുതൽ വൈകിട്ട് നാലു വരെ നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. തുടർച്ചയായി വെയിലേറ്റാൽ സൂര്യാതപം, ചർമരോഗങ്ങൾ, കണ്ണിന് അസുഖങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നും ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പു നൽകി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ജാഗ്രതാനിർദേശങ്ങൾ പുറപ്പെടുവിച്ചു.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.
Business
കൊച്ചി: കടുത്ത ചൂടിലാണ് കേരളം. മാര്ച്ച്, ഏപ്രില് മാസങ്ങളില് 40 ഡിഗ്രി സെല്ഷ്യസിന് മുകളിലേക്കു ചൂട് കൂടും. എന്നാല്, കേരളത്തില് ഇത്തവണ ജനുവരി അവസാനത്തോടെതന്നെ ചൂട് വര്ധിച്ചുകഴിഞ്ഞു. ചൂടിന്റെ കാഠിന്യം വര്ധിച്ചതോടെ എസി സാധാരണക്കാരുടെ ഗൃഹോപകരമായി മാറിക്കഴിഞ്ഞു. ഒരു കാലത്ത് ആഡംബര ജീവിതത്തിന്റെ ഭാഗമായാണ് ആളുകള് എസിയെ കണ്ടിരുന്നതെങ്കില് ഇന്ന് എസി ഇല്ലാത്ത വീടുകള് കേരളത്തില് കുറവാണ്.
ഇഎംഐയിലൂടെയും ലോണ് എടുത്തും എസി വാങ്ങുന്നവരുടെ എണ്ണവും വര്ധിച്ചിട്ടുണ്ട്. ഇന്ത്യയില് ഏറ്റവും കൂടുതല് ചൂട് രേഖപ്പെടുത്താന് ആരംഭിച്ചത് 2024 മുതലാണ്. അന്നു മുതല്തന്നെ എസിയുടെ വില്പനയിലും വര്ധന രേഖപ്പെടുത്താന് ആരംഭിച്ചു. കേരളത്തിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളിലും എസി വില്പ്പന തകൃതിയാണ്.
എഐ ഫീച്ചറുകളും സെല്ഫ് ക്ലീനിംഗ് മോഡലുകളും എത്താന് ആരംഭിച്ചതോടെ എസി വൃത്തിയാക്കാന് ടെക്നീഷന് പോലും വേണ്ട എന്നതാണ് 2026ല് എത്തുന്ന എസി ട്രെന്ഡ്. ഫെബ്രുവരി, മാര്ച്ച് മാസങ്ങളില് വലിയ മഴ ലഭിച്ചില്ലെങ്കില് ഈ ട്രെന്ഡ് എസി വില്പ്പനയില് വിപ്ലവം തന്നെ സൃഷ്ടിച്ചേക്കും. ഏപ്രില് ആകുമ്പോഴേക്കും 80 ശതമാനത്തോളം ആളുകള് എസി വാങ്ങിയേക്കും എന്നാണ് പിട്ടാപ്പിള്ളില്, ബിസ്മി, വൈറ്റ്മാര്ട്ട്, പോത്തിസ് തുടങ്ങിയ വ്യാപാര സ്ഥാപനങ്ങള് പറയുന്നത്.
പിട്ടാപ്പിള്ളില് എംഡി - പീറ്റര് പോള്
ഈ ബുധനാഴ്ച മുതലാണ് എസിയുടെ വ്യാപാരം വര്ധിച്ചിരിക്കുന്നത്. ഫെബ്രുവരി ആദ്യ ആഴ്ചയേക്കാള് ഇരുപതു ശതമാനം വര്ധനവ് ഈയാഴ്ച ഉണ്ടായിട്ടുണ്ട്. ചൂട് ആരംഭിച്ചു തുടങ്ങിയിട്ടേയുള്ളു. ഇനിയുള്ള ദിവസങ്ങളില് വില്പ്പന വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടയ്ക്കു വലിയ മഴ പെയ്തില്ലെങ്കില് ഈ ട്രെന്ഡ് തുടര്ന്നു പോകാനാണ് സാധ്യത. മിക്ക ബ്രാന്ഡുകളും എഐ ഫീച്ചറുകള് എസിയില് ഉള്പ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി ഉപഭോഗത്തിന്റെ വിവരങ്ങള് അടക്കം എസിയില് തന്നെ കാണാനാകും.
23,900 രൂപയ്ക്ക് ലോക്കല് എസികളുടെ വില ആരംഭിക്കുന്നത്. 28,000 മുതലാണ് സ്റ്റാന്ഡേര്ഡ് എസികള് ആരംഭിക്കുന്നത്. പ്രീമിയം എസികള്ക്ക് 34,000 രൂപ മുതലാണ് തുടങ്ങുന്നത്. പുതിയ മോഡലുകള് സെല്ഫ് ക്ലീനിംഗ് ഉള്ളതാണ്. അതുകൊണ്ട് എസി ക്ലീന് ചെയ്യാന് ടെക്നീഷനെ വിളിക്കേണ്ട ആവശ്യമില്ല. വില അല്പ്പം കൂടുതലാണെങ്കിലും അധികം കൂടില്ല. വീട്ടില് ആളില്ലെങ്കിലും തനിയെ ഒാഫ് ആകുന്ന ഫീച്ചറുകളും ഇപ്പോഴുണ്ട്.
ബിസ്മി - അഫ്സല് അല് അസ്ഹര്
എസിയുടെ സെയില് കൂടിയിട്ടുണ്ട്. ശിവരാത്രിക്കു ശേഷമാണ് എസിയുടെ വില്പ്പന കൂടിയത്. ആരാധനാലയങ്ങളും ഇപ്പോള് എസി വാങ്ങുന്നുണ്ട്. മസ്ജിദുകളിലും ക്രിസ്ത്യന് പള്ളികളിലും എസി വയ്ക്കുന്നുണ്ട്. എന്നാല്, കൂടുതലും വീടുകളിലേക്കു തന്നെയാണ് എസി വാങ്ങുന്നത്. എസിയുടെ 26 മോഡലുകള് ഇറങ്ങി തുടങ്ങി.
ചിലത് ഫ്രീ ഇന്സ്റ്റലേഷന് നല്കുന്നുണ്ട്, എക്സ്ചേഞ്ച് ഓഫറുകള് നല്കുന്നുണ്ട്, പഴയ എസി മാറ്റി ഇന്വേര്ട്ടര് എസിയിലേക്കു വരുമ്പോള് വൈദ്യുതി ഉപഭോഗം കുറയുന്നുണ്ട്. എക്സ്ചേഞ്ച് സ്കീം, കമ്പനി ഓഫറുകളും നല്കുന്നുണ്ട്. കേരളത്തില് ഒരു ടണ് എസിക്കാണ് ഏറ്റവും കൂടുതല് മാര്ക്കറ്റ്. അതു കഴിഞ്ഞാല് 1.5 പിന്നെ 2 ടണ്. കേരളം എസിക്ക് സാധ്യതകളുള്ള മാര്ക്കറ്റ് ആണ്. എസി എന്നു പറയുന്നത് നേരത്തെ ഒരു ആഡംബര വസ്തുവായിട്ടാണ് എല്ലാവരും കണ്ടിരുന്നത്. എന്നാല്, ഇപ്പോള് എല്ലാ വീടുകളിലും ഒരു എസി എങ്കിലും വയ്ക്കുന്നുണ്ട്. ആ ഒരു ധാരണയിലേക്ക് കേരളം മാറി.
വൈറ്റ്മാര്ട്ട് - ജെറി മാത്യു
കഴിഞ്ഞ രണ്ടു ദിവസമായ എസിയുടെ കച്ചവടം കൂടുന്നുണ്ട്. റൂം എസികളാണ് കൂടുതലും പോയി കൊണ്ടിരിക്കുന്നത്. 2026ല് എസിയുടെ സ്റ്റാര് റേറ്റിംഗ് മാറിയിട്ടുണ്ട്. 2026 മുതല് കൂടുതല് എനര്ജി എഫിഷ്യന്റ് ആയ എസികള് വന്നു തുടങ്ങി.
എസിയുടെ കൂടെതന്നെ എയര് പ്യൂരിഫിക്കേഷനും വരുന്നുണ്ട്. എസിയുടെ കൂടെ ഒരു പുതപ്പും വെറ്റ്മാര്ട്ട് നല്കുന്നുണ്ട്. 2024 മുതല് സാധാരണക്കാര് മുതല് എസി വാങ്ങുന്ന ലെവലിലേക്ക് എത്തിയിട്ടുണ്ട്. ഒരു വീടു പണിതാല് ഫാന് വാങ്ങുന്നത് പോലെതന്നെ ഇപ്പോള് എസിയും വാങ്ങുന്നുണ്ട്.
പോത്തിസ് - അരവിന്ദ് - സൂപ്പര്വൈസര്
ആവശ്യക്കാര് കൂടുതല് എത്തുന്നുണ്ട്. എല്ജി, ബ്ലൂ സ്റ്റാര്, ലോയ്ഡ് എല്ലാ പ്രമുഖ ബ്രാന്ഡുകള്ക്കും ആവശ്യക്കാരുണ്ട്. ഇപ്പോള് കൂടുതല് വരുന്നത് കണ്വേര്ട്ടിംഗ് മോഡല്, ഡ്യൂവല് ഇന്വര്ട്ടര്, വൈഫൈ മോഡല്, ഓട്ടോ ക്ലീനിംഗ്, സെല്ഫ് ക്ലീനിംഗ് വരുന്ന മോഡലുകള് എല്ലാം വരുന്നുണ്ട്. 25,000 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഏതു ബ്രാന്ഡ് ആണോ എടുക്കുന്നത് ആ കമ്പനികള് ഡിസ്കൗണ്ടുകളും നല്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. അതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണെന്നു മുന്നറിയിപ്പിൽ പറയുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണെന്ന് മുന്നറിയിപ്പിൽ പറയുന്നു.