കണ്ണൂർ: ശക്തമായ മഴയിൽ വനമേഖലയിൽ ഉരുൾപൊട്ടലുൾപ്പെടെയുണ്ടായതിനെ തുടർന്ന് ജില്ലയിൽ വ്യാപക നാശനഷ്ടം. ജില്ലയിൽ ആകെ 11 ദുരിതാശ്വാസ ക്യാമ്പുകളിലായി 571 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. പുഴകളിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി. വീടുകളിലും കടകളിലും വെള്ളം കയറി വലിയ നാശനഷ്ടങ്ങളുണ്ടായി.
ഇരിട്ടി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊട്ടിയൂര്‍ പാല്‍ചുരത്തില്‍ ചെകുത്താന് തോടിന് സമീപം ശക്തമായ മണ്ണിടിച്ചിലുണ്ടായി. വലിയ പാറക്കല്ലുകളും മണ്ണും റോഡിലേക്ക് വീണതിനെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു.
ജില്ലയിൽ ഏറ്റവും കൂടുതൽ ക്യാന്പുകൾ ഇരിട്ടി താലൂക്കി ലാണ്. ഇരിട്ടിയിൽ നാലു ക്യാന്പു കളും തളിപ്പറമ്പ് താലൂക്കിൽ നാലുംം പയ്യന്നൂർ താലൂക്കിൽ മൂന്ന് ക്യാന്പുകളും ആരംഭിച്ചിട്ടുണ്ട്. ഇരിട്ടി താലൂക്കിലെ ക്യാമ്പുകളിൽ 162 പേരാണുള്ളത്. തളിപ്പറന്പിലെ ക്യാന്പുകളിൽ 243 പേരും പയ്യന്നൂരിൽ 166 പേരുമാ ണുള്ളത്. വയത്തൂർ നൂറുൽ ഹുദാ മദ്രസ, വയത്തൂർ കോളിത്തട്ട് സെന്റ് ജോൺസ് എൽ പി സ്കൂൾ, ആറളം ഓമനമുക്ക് അങ്കണവാടി, ആറളം കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്. തളിപ്പറമ്പ് താലൂക്കിൽ എരുവേശി വില്ലേജിലെ രത്നഗിരി സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂൾ, വെള്ളാട് വില്ലേജിലെ കാപ്പിമല വിജയഗിരി ജിയുപിഎസ്, പയ്യാവൂർ വില്ലേജിൽ ചന്ദനക്കാംപാറ ചെറുപുഷ്പം സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ.
ഏരുവേശി വില്ലേജിലെ മാന്ധംകുണ്ട് പുഴയിൽ ജലനിരപ്പ് ഉയർന്നതിനാലാണ് മുൻകരുതലായി ആറ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്.ചീത്തംപാറ ഉന്നതി നിവാസികളായ 140 പേരാണ് ചന്ദനക്കാംപാറ ക്യാമ്പിലുള്ളത്. ഇരിട്ടി താലൂക്ക് വയത്തൂര് വില്ലേജിലെ ഉളിക്കല്‍, പേരട്ട, തൊട്ടിപ്പാലം മേഖലയില്‍ വീടുകളില്‍ വെള്ളം കയറി. എട്ട് കുടുംബങ്ങളെ നൂറുല്‍ ഹുദ മദ്രസ കെട്ടിടത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് വീടുകളില്‍ കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി.
ഒന്‍പത് പുരുഷന്മാരും എട്ട് സ്ത്രീകളും ഒന്‍പതു കുട്ടികളും ഉള്‍പ്പെടെ 26 പേരെയാണ് മാറ്റിത്താമസിപ്പിച്ചത്. ഇതേ വില്ലേജില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കോളിത്തട്ട് സെന്റ് ജോണ്‍സ് എല്‍പി സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലേക്ക് 11 പുരുഷന്മാരും 10 സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടെ 26 പേരെ മാറ്റിത്താമസിപ്പിച്ചു. ഇന്നലെ മൂന്ന് തവണ ജില്ലാ ദുരന്തനിവാരണ അഥോറിട്ടി ചെയർമാനായ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഓൺലൈൻ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
ആറളത്ത് വീടുകളിൽ വെള്ളം കയറി
ആറളം: ശക്തമായ മഴയില്‍ കക്കുവ പുഴയിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ആറളം ഫാമിന്റെ 11, 13 ബ്ലോക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ രണ്ട് ക്യാന്പുകളിലേക്ക് മാറ്റി. 16 പുരുഷന്മാരും 15 സ്ത്രീകളും 19 കുട്ടികളും ഉള്‍പ്പെടെ 50 പേരെ ഓമനമുക്ക് അങ്കണവാടിയിലേക്കും അഞ്ചു പുരുഷന്മാരും 35 സ്ത്രീകളും 20 കുട്ടികളും ഉള്‍പ്പെടെ 60 പേരെ കമ്യൂണിറ്റി ഹാളിലേക്കുമാണ് മാറ്റിത്താമസിപ്പിച്ചത്.
അറബി രണ്ടാംകൈയിൽ ഉരുൾപൊട്ടലിൽ എട്ടോളം വീടുകളിൽ വെള്ളം കയറി. കർണാടക വനത്തിൽ ഉരുൾ പൊട്ടിയതോടെ പേരട്ട പുഴ കരകവിഞ്ഞ് എട്ട് വീടുകളിൽ വെള്ളം കയറി. ആറളം ഫാമിലെ പതിനൊന്നാം ബ്ലോക്കിൽ അമ്മിണി, ഗോപാലൻ, വിജയൻ, ശാന്ത ,നാരായണി. നങ്ങ ,ശാരദ ,ശാന്ത-രാജു എന്നീ കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. കക്കുവ പുഴയോരത്തെ ചങ്ങാലിമറ്റം അന്നക്കുട്ടി, പാലക്കോടൻ സക്കീന എന്നിവരുടെ വീടുകളിലും വെള്ളം കയറി. ആറളത്തും അയ്യൻകുന്നിലും 24 മണിക്കൂറിനുള്ളിൽ 100 മില്ലി മീറ്റർ കൂടുതൽ മഴപെയ്തതാണ് കണക്ക്.
ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ , വൈസ് പ്രസിഡന്റ് ജിമ്മി അന്തീനാട്ട് ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി , വൈസ് പ്രസിഡന്റ് ടോമി ജോസഫ് , മുഴുവൻ ഭരണ സമിതി അംഗങ്ങളും മറ്റ് ജനപ്രതിനിധികളും, റവന്യു ,പഞ്ചായത്ത്, ആരോഗ്യവകുപ്പ് ജീവനക്കാർ , സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലാണ് ദുരിതാശ്വസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
മണിക്കടവിൽ വെള്ളം കയറി
മണിക്കടവ്: വയത്തൂർ പുഴ കരകവിഞ്ഞതോടെ ഉളിക്കൽ പഞ്ചായത്തിലെ മണിക്കടവ് ടൗൺ പൂർണമായും വെള്ളത്തിലായി. നിരവധി കടകൾ വെള്ളത്തിലായി. മഴക്ക് ശമനമില്ലാതെ തുടരുന്നത് കൂടുതൽ ഭീഷണി ആയിരിക്കുകയാണ്. കടകളിൽ വെള്ളം കയറി കനത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഉളിക്കൽ ടൗണിന് സമീപം നുച്യാടും പരിക്കളത്തും വെള്ളം കയറി. ഇവിടെനിന്നും കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പഞ്ചായത്തും റവന്യൂ വകുപ്പും നടപടി ആരംഭിച്ചു. വയത്തൂർ പുഴയിലെ ജലനിരപ്പ് വീണ്ടും അപകടകരമായി ഉയരുന്നതിനാലാണ് കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നത്.
പേര്യ ചുരത്തിൽ മണ്ണിടിച്ചിൽ
പേരാവൂർ: ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന നെടുംപൊയിൽ-പേര്യ ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാത്രി ഏഴോടെ 29ാം മൈലിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അഗ്നിരക്ഷാസേനയും മറ്റു ദുരന്തനിവാരണ സേനകളും സ്ഥലത്തെത്തി മണ്ണു നീക്കൽ പ്രവർത്തി ആരംഭിച്ചു.
മട്ടന്നൂർ പ്രദേശങ്ങളിൽ വെള്ളം കയറി
മട്ടന്നൂർ: പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ മണ്ണൂർ, ചോലത്തോട്, വെളിയമ്പ്ര മേഖലയിൽ വീടുകളിൽ വെള്ളം കയറി. വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. ഇന്നലെ വൈകുനേരത്തോടെയാണു വീടുകളിൽ വെള്ളം കയറി തുടങ്ങിയത്.
മണ്ണൂരിൽ കെ.പി. സുബൈദ, സി. പ്രേമ, ടി. ഉത്തമൻ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ഇവരെ ബന്ധുക്കളുടെ വീട്ടിലേക്കാണ് മാറ്റിപ്പാർപ്പിച്ചത്. ചോലത്തോട് മേഖലയിലും വീടുകളിൽ വെള്ളം കയറി. കൊട്ടാരം-പെരിയത്തിൽ റോഡ് വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു.
കൊട്ടാരം പ്രദേശത്തെ ഇരുപതോളം വീടുകളിൽ വെള്ളക്കെട്ടുണ്ട്. മഴയുടെ ശക്തി വർധിച്ചാൽ കൂടുതൽ വീടുകളിലേക്ക് വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്. കർണാടക വനമേഖലയിലെ ഉരുൾപൊട്ടലും പഴശി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയതുമാണ് ജലനിരപ്പ് ഉയരാൻ ഇടയാക്കിയത്. നഗരസഭാ കൗൺസിലർമാർ ഉൾപ്പടെയുള്ളവർ ഇടപെട്ടാണ് വീട്ടുകാരെ മാറ്റിയത്. പുഴയോരത്തുള്ള നിടുകുളം കടവ് പാർക്കിലും വെള്ളം കയറി.
കൊട്ടിയൂർ: ബാവലിപ്പുഴ നിറഞ്ഞൊഴുകുന്നതിനാല്‍ പാല്‍ചുരം ഉന്നതിയിലെ വെള്ളം കയറാന്‍ സാധ്യതയുള്ള കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ഇരിട്ടി താലൂക്കിലെ വയത്തൂര് അറബിക്കുളത്തിന് സമീപം രണ്ടാംകൈയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് സുധീഷ് നടുവിലെപുരക്കല്‍ എന്നയാളുടെ വീട്ടില്‍ ഭാഗികമായി വെള്ളം കയറി. കുടുബാംഗങ്ങളെ ബന്ധു വീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചു. പുഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഉളിക്കല്‍ പഞ്ചായത്തിലെ വട്ട്യാംതോട് പാലത്തില്‍ വെള്ളം കയറി. ഉളിക്കല്‍ ഗ്രാമപഞ്ചായത്തിലെ മണിക്കടവ് ചപ്പാത്ത് പാലം വെള്ളത്തിനടിയിലായി.
മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും
ട്യൂഷൻ സെന്ററുകൾക്കും അവധി
കണ്ണൂർ: ശക്തമായ മഴ തുടരുന്നതിനാൽ ഇന്ന് മദ്രസകളടക്കമുള്ള മതവിദ്യാഭ്യാസ കേന്ദ്രങ്ങൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല പരീക്ഷകൾ, പൊതുപരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് മാറ്റുമുണ്ടാകില്ല.