കൊച്ചി : നടുറോഡില്‍ ടെംപോ വാനിന് കുറുകെ ബൈക്ക് നിറുത്തി ഗതാഗത തടസമുണ്ടാക്കിയത് ചോദ്യം ചെയ്ത ട്രാഫിക് എഎസ്ഐയെ ഹെല്‍മെറ്റ് കൊണ്ട് മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാസർഗോഡ് പള്ളിക്കര മഠത്തില്‍ മുബാറക് ക്വാര്‍ട്ടേഴ്സില്‍ അജേഷിനെയാണ് (23) എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. സിറ്റി ട്രാഫിക് വെസ്റ്റ് എന്‍ഫോഴ്സ്മെന്റ് യൂണിറ്റിലെ ഗ്രേഡ് എഎസ്ഐ സി.കെ. ഉത്തംകുമാറി (48)നാണ് പരിക്കേറ്റത്.
തിങ്കളാഴ്ച വൈകിട്ട് പള്ളിമുക്ക് ജംഗ്ഷന് സമീപമായിരുന്നു സംഭവം. ബൈക്കിലെത്തി അജേഷ് ടെംപോ ട്രാവലര്‍ ഡ്രൈവറുമായി വാക്കേറ്റമുണ്ടാക്കുകയും ബൈക്ക് റോഡില്‍ നിർത്തിയിടുകയുമായിരുന്നു. സംഭവം കണ്ട ഉത്തംകുമാര്‍ ബൈക്ക് റോഡില്‍നിന്ന് മാറ്റാന്‍ ശ്രമിച്ചു. ഇതിനിടെ അജേഷ് ഹെല്‍മെറ്റ് ഉപയോഗിച്ച് ഉത്തംകുമാറിനെ അടിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും ഹെല്‍മെറ്റ് കൊണ്ട് ഇടിച്ചു. താഴെ വീണ ഉദ്യോഗസ്ഥന്റെ നെഞ്ചിനും മുഖത്തും ഇടിക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും അറസ്റ്റ് ചെയ്ത അജേഷിനെ കോടതിയില്‍ ഹാജരാക്കി.