തിരുവില്വാമല: ശരീരം തളർന്നു കിടപ്പിലായ ഭർത്താവിനെയും കെട്ടിടത്തിനു മുകളിൽ നിന്ന് ഗുരുതരമായി പരുക്കേറ്റ മകനെയും ജീവിതത്തിലേക്ക് തിരിച്ച് നടത്താൻ രോഗിയായ വീട്ടമ്മ സുമനസുകളുടെ കാരുണ്യം തേടുന്നു. പഴമ്പാലക്കോട് തൊട്ടിൻപള്ള കാഞ്ഞിരക്കാട് സുശീലയാണു ഭർത്താവിന്റെയും മകന്റെയും തുടർ ചികിത്സയ്ക്കു സഹായം തേടുന്നത്.
പഴമ്പാലക്കോട് തോട്ടിൻ പള്ളയിലുള്ള ഓടുമേഞ്ഞ കൂരയിൽ ഒരു കട്ടിലിൽ മകൻ സനീഷും (34) മറ്റൊന്നിൽ ഭർത്താവ് മാധവനും (70) മാസങ്ങളായി കിടപ്പിലാണ്. സനീഷ് തിരുവില്വാമല ടൗണിലെ ഒരു കടയിൽ ജീവനക്കാരനായിരുന്നു. ഈ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്.
ബസ് കണ്ടക്ടറായിരുന്നു മാധവൻ. ഒരു ഭാഗം തളർന്ന് എല്ലാം കിടന്ന കിടപ്പിലായ മാധവനെ കട്ടിലിൽനിന്ന് എഴുന്നേൽപ്പിക്കുന്നതിനിടയിൽ വീണ് സുശീലയുടെ ഇടുപ്പെല്ല് പൊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓപ്പറേഷൻ കഴിഞ്ഞ് അവരും കിടപ്പിലായി. പരസഹായമില്ലാതെ രണ്ടു പേർക്കും എഴുന്നേൽക്കാൻ കഴിയാതായതോടെ സനീഷിന് കടയിലെ ജോലിക്കു പോകാൻ പറ്റാതായി . ഇതിനിടെയാണ് വിധി സനീഷിനെയും തളർത്തിയത്.
പറക്കോട്ടുകാവ് താലപ്പൊലി തലേനാളിലെ പൂരക്കാഴ്ചകൾ കാണാനായി ബഹുനില കെട്ടിടത്തിനു മുകളിൽ നിന്ന സനീഷിന് താഴെ വീണാണു ഗുരുതരമായി പരുക്കേൽക്കുന്നത് . ജീവൻ തിരിച്ചുകിട്ടിയെങ്കിലും ശരീരമാസകലം പരിക്കേറ്റു. സുശീലക്ക് ഇപ്പോൾ നടക്കാൻ കഴിയുന്നുണ്ടെങ്കിലും ജോലിചെയ്യാനുള്ള ആരോഗ്യമില്ല . തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് എല്ലാവരുടെയും ചികിത്സ. മകന്റെ ആരോഗ്യം തിരിച്ചുകിട്ടണമെന്നുള്ള പ്രാർഥനയിലാണ് ഈ അമ്മ.
നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായം കൊണ്ടാണ് ഇതുവരെയുള്ള ചികിത്സയും കുടുംബച്ചെലവുകളും നടത്തിയിരുന്നത്. തുടർചികിത്സയ്ക്കും മരുന്നിനുമുള്ള പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണു നിർധന കുടുംബം. ഇവർക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ സുമനസുകളുടെ സഹായം ആവശ്യമാണ്. തങ്ങളുടെ ദയനീയാവസ്ഥ മനസിലാക്കി സഹായം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് കുടുംബം.
ബാങ്ക് അക്കൗണ്ട് നമ്പർ : 44460677923 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യതിരുവില്വാമല ഐഎഫ്എസ്സി കോഡ് SBIN 0070 294 ഫോൺ: (ഗുഗിൾപേ ) 730 6687191.