National
ചെന്നൈ: ദിത്വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് അടുക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നിലവിൽ കാറ്റ് നാഗപ്പട്ടണം വേദാരണ്യത്തിന് 80 കിലോമീറ്റർ അകലെയാണ്. പുലർച്ചയോടെ വടക്കൻ തമിഴ്നാട് തീരത്തെത്തും.
മണിക്കൂറില് 80 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ടെന്നാണ് പ്രവചനം. തമിഴ്നാട് തീരത്തും പുതുച്ചേരിയിലും ശക്തമായ മഴയും കാറ്റും തുടരുകയാണ്. തിങ്കളാഴ്ച വരെ തമിഴ്നാട്, ആന്ധ്രാ തീരത്ത് മഴ തുടരും. പുതുച്ചേരിയിലും തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ചെന്നൈ അടക്കം 13 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ആകെ 6000 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി റവന്യൂവകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിലായി എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്. വേദാരണ്യത്ത് 9,000 ഏക്കർ ഉപ്പുപ്പാടം വെള്ളത്തിൽ മുങ്ങി.
അതേസമയം ശ്രീലങ്കയില് ദിത്വാ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ഇതോടെ ലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരണസംഖ്യ നൂറ് കടന്നതായാണ് റിപ്പോർട്ടുകൾ. കെലനി നദിയിൽ ജലനിരപ്പ് ഉയർന്നതോടെ കൊളംബോ പ്രളയഭീതിയിലാണ്.
Kerala
തിരുവനന്തപുരം: ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും അതീവ ജാഗ്രത. കഴിഞ്ഞ ദിവസം രാത്രിതന്നെ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ ആരംഭിച്ച സുരക്ഷാ പരിശോധന ഇന്നലെയും തുടർന്നു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കം പ്രധാന നഗരങ്ങളിൽ സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും ഉൾപ്പെടെ വിപുലമായ സുരക്ഷാ പരിശോധനയാണ് ഇന്നലെ നടന്നത്. സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കാൻ കഴിഞ്ഞ ദിവസം രാത്രി തന്നെ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ നിർദേശം നൽകിയിരുന്നു.
ജനബാഹുല്യമുള്ള റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ആരാധനാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇന്നലെ പരിശോധനയുണ്ടായത്. കൊച്ചി മെട്രോയിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി.
തിരുവനന്തപുരത്ത് തമ്പാനൂർ, പേട്ട തുടങ്ങി റെയിൽവേ സ്റ്റേഷനുകളിലും സെൻട്രൽ ബസ്സ്റ്റാൻഡ് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലും പരിശോധന നടന്നു. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള പരിശോധനയിൽ പങ്കെടുത്തു.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ 112 ൽ വിളിച്ച് അറിയിക്കേണ്ടതാണെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തുണ്ടായ സ്ഫോടനത്തിന് പിന്നാലെ രാജ്യത്ത് കനത്ത ജാഗ്രതാ നിർദേശം. മുംബൈയിലും മഹാരാഷ്ട്രയിലെ മറ്റ് പ്രധാനസ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് സുരക്ഷാ ഏജൻസി വൃത്തങ്ങൾ പറഞ്ഞു.
ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും എല്ലാ ജില്ലകളിലും പോലീസ് അതീവ ജാഗ്രതാ നിർദേശം നൽകി. ഈ സംസ്ഥാനങ്ങളിലെ ചില പ്രത്യേക മേഖലകളിൽ പട്രോളിംഗും പരിശോധനയും വർധിപ്പിക്കാൻ ഉത്തരവ് നൽകിയിട്ടുണ്ട്.
രാജസ്ഥാനിലും വലിയ ജാഗ്രതാ നിർദേശമാണ് നൽകിയിട്ടുള്ളത്. എല്ലാ റേഞ്ച് ഇൻസ്പെക്ടർ ജനറൽമാർക്കും ജില്ലാ സൂപ്രണ്ടുമാർക്കും ചില പ്രത്യേക പോലീസ് സ്റ്റേഷനുകൾക്കും അതീവ ജാഗ്രത പാലിക്കാൻ ഡിജിപി രാജീവ് ശർമ നിർദേശം നൽകി.
രാജസ്ഥാനിലെ അതിർത്തി ജില്ലകളിലെ പ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. ഇത് പ്രകാരം, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.
ഇന്ത്യ-നേപ്പാൾ അതിർത്തിയിലും സുരക്ഷ വർധിപ്പിച്ചു. അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന അതിർത്തി സുരക്ഷാ സേനയ്ക്ക് (ബിഎസ്എഫ്) പുറമേ, പ്രാദേശിക പോലീസിനും ജാഗ്രതാ നിർദേശം നൽകി.
നേപ്പാൾ അതിർത്തി കടക്കുന്ന എല്ലാവരെയും ബിഎസ്എഫും രഹസ്യാന്വേഷണ വിഭാഗവും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.