ചാവക്കാട്: ദേശീയപാതയോരത്തെ കെട്ടിടനിർമാണ നിരോധന ദൂരപരിധി സംബന്ധിച്ച സുപ്രീം കോടതി വിധി സൃഷ്ടിക്കുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടലും തിരുത്തൽ ഹർജിയും ആവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയം ചാവക്കാട് നഗരസഭാ കൗൺസിൽ ഐകകണ്ഠ്യേന അംഗീകരിച്ചു. നഗരസഭ ചെയർപേഴ്സൺ എ. എച്ച്. അക്ബർ അവതരിപ്പിച്ച പ്രമേയത്തെ വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ പി. യതീന്ദ്രദാസ് പിന്തുണച്ചു. നിലവിലെ തീരദേശ പരിപാലനനിയമപ്രകാരം കെട്ടിട നിർമാണമോ, മറ്റു വികസന പ്രവർത്തനങ്ങളോ നടത്താൻകഴിയാത്ത നിലയിൽ പൊതുജനങ്ങൾ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ പുതിയ വിധി.
ഇതുവലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ചാവക്കാട്. ഏകദേശം 3.5 കിലോമീറ്റർ വീതിയും 4.5 കിലോമീറ്റർ നീളവും മാത്രമുള്ള നഗരസഭയിലൂടെ 4.5 കിലോമീറ്റർ ദൂരത്തിലാണ് ദേശീയപാത കടന്നുപോകുന്നത്.