പൂച്ചാക്കൽ: വൈക്കം സത്യാഗ്രഹത്തിന്റെ പോരാളിയും സാമൂഹിക പരിഷ്കർത്താവുമായ പെരിയാർ ഇ.വി. രാമസ്വാമിക്ക് അരുക്കുറ്റിയിൽ നിർമിക്കുന്ന സ്മാരകം അനിശ്ചിതത്വത്തിൽ. കേരള-തമിഴ്നാട് സർക്കാരുകളുടെ സംയുക്ത പദ്ധതിയായി വിഭാവനം ചെയ്ത സ്മാരകത്തിന്റെ നിർമാണമാണ് പാതിവഴിയിൽ നിലച്ചത്.
വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ പെരിയാർ തടവിലാക്കപ്പെട്ട അരൂക്കുറ്റി ജയിലിന്റെ സ്ഥാനത്താണ് സ്മാരകം ഉയരുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 26ന് തമിഴ്നാട് മന്ത്രി എ.വി. വേലുവും മന്ത്രി സജി ചെറിയാനും ചേർന്ന് ശിലാസ്ഥാപനം നടത്തിയ പദ്ധതിയാണിത്. നാല് കോടി രൂപ ചെലവിൽ 54 സെന്റ് സ്ഥലത്താണ് നിർമാണം. 1,141 ചതുരശ്ര അടി വിസ്തീർണത്തിൽ ആർട്ട് ഗാലറി, ഫോട്ടോ ഗാലറി, ലൈബ്രറി, പാർക്ക് എന്നിവ ഉൾപ്പെടുന്നതായിരുന്നു പദ്ധതി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകളും ഇരു സംസ്ഥാനങ്ങളിലെയും ഭരണമാറ്റങ്ങളും പദ്ധതിയുടെ വേഗതയെ ബാധിച്ചതായി സൂചനയുണ്ട്. അമിതവേഗത്തിൽ മുന്നേറിയിരുന്ന നിർമാണമാണ് ഇപ്പോൾ പാതിവഴിയിൽ നിലച്ചത്. തിരുവിതാംകൂർ കാലഘട്ടത്തിൽ പ്രധാന ചുങ്കപ്പിരിവ് കേന്ദ്രമായിരുന്ന അരുക്കുറ്റിയുടെ പഴയകാല പ്രതാപം വീണ്ടെടുക്കുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ടായിരുന്നു.
നിലവിൽ റെസ്റ്റോറന്റ് സൗകര്യങ്ങളും ടൂറിസം കേന്ദ്രങ്ങളുമുള്ള അരുക്കുറ്റിയിൽ ഈ സ്മാരകം കൂടി പൂർത്തിയായാൽ വിനോദസഞ്ചാര ഭൂപടത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമെന്നാണ് നാട്ടുകാരുടെ കണക്കുകൂട്ടൽ. സ്മാരകത്തിന്റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.