2025 വർഷം ഇന്ന് വിടപറയും. നാളെ പുതുവർഷം പിറക്കുന്പോൾ ഇന്ത്യൻ കായിക ലോകത്തിന് മികവ് സമ്മാനിച്ച ഒരു വർഷം അവസാനിച്ച് പ്രതീക്ഷയുടെ വർഷം പിറക്കും. ലോക കായിക രംഗത്ത് വിജയങ്ങളുടെ പെരുമ തെളിയിച്ച കാലമായിരുന്നു ഇന്ത്യക്ക് 2025. വനിതാ ക്രിക്കറ്റിലെ ലോക കിരീടത്തിനായുള്ള രാജ്യത്തിന്റെ കാത്തിരിപ്പ് അവസാനിച്ച വർഷം. ചെസിൽ ദിവ്യ ദേശ്മുഖും അത്ലറ്റിക്സിൽ നീരജ് ചോപ്രയും പാരാ ആർച്ചറിയിൽ ശീതൾ ദേവിയുമെല്ലാം രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തി.
2025 @ തുടക്കം
ജനുവരിയിൽ മലേഷ്യയിൽ നടന്ന അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിൽ ജേതാക്കളായാണ് ഇന്ത്യ 2025 കായികരംഗത്തെ വിജയക്കുതിപ്പിന് തുടക്കമിട്ടത്. ഇന്ത്യ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത് ഒന്‍പത് വിക്കറ്റിന്. അണ്ടർ 19 വനിതാ ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം കിരീടനേട്ടം.
ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ മലയാളിത്തിളക്കമായി വയനാട് കൽപറ്റ സ്വദേശിനി വി.ജെ. ജോഷിത.
വനിതകളുടെ പോരാട്ട വീര്യം
രണ്ട് തവണ കൈവിട്ടുപോയ വനിതാ ഏകദിന ലോകകപ്പ് കിരീടമെന്ന ഇന്ത്യൻ ടീമിന്റെ കാത്തിരിപ്പിനു വിരാമം സംഭവിച്ചു. ചരിത്രമെഴുതി ഹർമൻപ്രീത് കൗറും സംഘവും ലോകകപ്പുയർത്തി. ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനു തോൽപിച്ച് ടീം ഇന്ത്യ ട്രോഫിയിൽ മുത്തമിട്ടു. വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ ട്രോഫി. തോറ്റും ജയിച്ചും പോരാടിയാണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചെത്തിയത്. ഫൈനലിൽ ഷെഫാലി വർമയായിരുന്നു താരം.
ഇന്ത്യ ചാന്പ്യൻ
ഐസിസി ഏകദിന ക്രിക്കറ്റ് കിരീടത്തിനായുള്ള 12 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യൻ പുരുഷ ടീം ചാന്പ്യൻസ് ട്രോഫി ജേതാക്കളായി. ദുബായിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ നാല് വിക്കറ്റിനു തോൽപ്പിച്ചു. ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മൂന്നാം കിരീടം.
ഏഷ്യൻ രാജാവ്
വിവാദങ്ങൾ നിറഞ്ഞ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് കിരീടം. സെപ്റ്റംബറിൽ ദുബായിൽ നടന്ന ടൂർണമെന്റ് ഫൈനലിൽ പാക്കിസ്ഥാനെതിരേ അഞ്ച് വിക്കറ്റ് ജയം. ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ പുരുഷ ടീമിന്റെ ഒന്‍പതാം കിരീടം.
ചരിത്രത്തിലാദ്യം
രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഫൈനൽ കളിച്ച് കേരളം. ഫെബ്രുവരിയിൽ നാഗ്പുരിൽ നടന്ന ഫൈനൽ സമനിലയിൽ അവസാനിച്ചപ്പോൾ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ വിദർഭ ചാന്പ്യൻമാരായി.
ആർസിബി കപ്പുയർത്തി
18 വർഷത്തെ ഐപിഎൽ കിരീടത്തിനുള്ള കാത്തിരിപ്പിന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും വിരാട് കോഹ്ലിയും അവസാനമിട്ടു. ആവേശ ഫൈനലിൽ പഞ്ചാബ് കിംഗ്സിനെ വീഴ്ത്തിയാണ് ആർസിബി കപ്പുയർത്തിയത്.
ചരിത്രം എയ്ത് ശീതൾ
ലോക പാരാ ആർച്ചറിയിൽ ഇന്ത്യയുടെ ആദ്യ വനിതാ ലോക ചാന്പ്യനായി ജമ്മു കശ്മീർ സ്വദേശിനി ശീതൾ ദേവി. സെപ്റ്റംബറിൽ കൊറിയയിൽ നടന്ന ചാന്പ്യൻഷിപ്പിൽ വ്യക്തിഗത കോംപൗണ്ട് ആർച്ചറിയിലാണ് ഇരു കൈകളും ഇല്ലാതെ ഞാണ് വലിക്കുന്ന പതിനെട്ടുകാരി ശീതൾ ജേതാവായത്.
ദിവ്യം ചെസ്
വനിതാ ചെസിൽ ഇന്ത്യക്ക് പുതിയ ലോക ചാന്പ്യനെ കിട്ടിയ വർഷമാണ് 2025. വനിതാ ലോകകപ്പിൽ സഹതാരം കൊനേരു ഹംപിയെ തോൽപിച്ചാണ് ദിവ്യയുടെ ചരിത്രനേട്ടം. ലോകകപ്പ് ജേതാവുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കിയ പത്തൊൻപതുകാരി ഗ്രാൻഡ് മാസ്റ്റർ പദവിയും സ്വന്തമാക്കി.
ലക്ഷ്യം നേടി
ബാഡ്മിന്റനിൽ കിരീട വരൾച്ച നേരിട്ട വർഷം ഇന്ത്യക്ക് ആശ്വാസമായത് ലക്ഷ്യ സെന്നിന്റെ വിജയം. ഓസ്ട്രേലിയൻ ഓപ്പണ്‍ സൂപ്പർ 500 ബാഡ്മിന്റനിൽ ജേതാവായ ഇരുപത്തിനാലുകാരൻ ലക്ഷ്യ ഫോമിലേക്ക് തിരിച്ചെത്തി. ഓഗസ്റ്റിൽ നടന്ന ലോക ചാംപ്യൻഷിപ്പിൽ സാത്വിക് സായ്രാജ്- ചിരാഗ് ഷെട്ടി ഡബിൾ സഖ്യം വെങ്കലം നേടി.
ഹോക്കി കിരീടം
എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഏഷ്യാ കപ്പ് പുരുഷ ഹോക്കി കിരീടം തിരിച്ചുപിടിച്ച് ഇന്ത്യൻ പുരുഷ ടീം. ഫൈനലിൽ നിലവിലെ ചാന്പ്യന്മാരായ ദക്ഷിണ കൊറിയയെ 4-1ന് തോൽപ്പിച്ചു. വനിതാ ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ത്യ റണ്ണറപ്പായി.
നീരജ് @ 90
ജാവലിൻ ത്രോയിലെ സ്വപ്നദൂരമായ 90 മീറ്റർ ഇന്ത്യൻ താരം നീരജ് ചോപ്ര പിന്നിട്ട വർഷം കൂടിയാണ് മറയുന്നത്. മേയിൽ ദോഹ ഡയമണ്ട് ലീഗ് മീറ്റിൽ 90.23 മീറ്റർ ദൂരത്തിൽ ജാവലിൻ പായിച്ച നീരജ് കരിയറിലെ നിർണായക നേട്ടം സ്വന്തമാക്കി.
ഓഗസ്റ്റിൽ ഡയമണ്ട് ലീഗ് ഫൈനൽസിൽ നീരജ് വെള്ളിയും നേടി. ബംഗളൂരുവിൽ സ്വന്തം പേരിൽ നീരജ് ചോപ്ര ക്ലാസിക് മത്സരം നടത്തി. പ്രമുഖ താരങ്ങൾ പങ്കെടുത്ത മത്സരത്തിൽ നീരജ് ചോപ്ര സ്വർണം നേടി.
ഇന്ത്യന്‍ ഫുട്ബോള്‍ താഴേക്ക്!
തിരിച്ചടികളിലൂടെ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം സമീപകാലത്തെ ഏറ്റവും മോശം റാങ്കിംഗിലേക്ക് വീണപ്പോൾ വനിതകൾക്ക് അഭിമാന നിമിഷം. തായ്ലന്‍ഡ്്, ഇറാക്ക്, മംഗോളിയ തുടങ്ങിയവരെ തോൽപ്പിച്ച് എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യത നേടി.
ചരിത്രം കുറിച്ച് മാളവിക
26 വർഷങ്ങൾക്കു ശേഷം ഇന്ത്യൻ ഫുട്ബോൾ ടീമിനായി ബൂട്ടണിഞ്ഞ മലയാളി പെണ്‍കുട്ടിയെന്ന നേട്ടം കാസർകോട് നീലേശ്വരം ബങ്കളം സ്വദേശി പി. മാളവികയ്ക്ക് സ്വന്തമായത് ഈ വർഷം.
ഡെംബലെ വർഷം
ഫ്രഞ്ച് താരം ഉസ്മാന് ഡെംബലെ ബാലണ്‍ദ്യോറും ഫിഫ ദ ബെസ്റ്റും നേടിയെങ്കിലും അർജന്റീനക്കാരൻ ലയണൽ മെസിയും പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും തന്നെയാണ് ആഗോള ഫുട്ബോളിനെ ഭരിച്ചത്.
മെസി ഇന്ത്യയില്‍
ലയണല്‍ മെസി കേരളത്തിലെത്തിയില്ലെങ്കിലും ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകരുടെ മനംനിറച്ച് രാജ്യത്ത് സന്ദര്‍ശനം നടത്തിയ വര്‍ഷം കൂടിയാണിത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ എത്തി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്തെണ്ടുല്ക്കറടക്കമുള്ള താരങ്ങള്‍ക്കൊപ്പം ഒന്നിച്ച് കാണാനും ആരാധകര്‍ക്ക് അവസരം ലഭിച്ചു.