തിരുവല്ല: ആശങ്കയും ദുരിതവും പേറി മഹാപ്രളയം. കിഴക്കൻ വെള്ളത്തിന്റെ വരവ് രണ്ടു ദിനം പിന്നിടുന്നതോടെ അപ്പർകുട്ടനാടിനെ പൂർണമായി മുക്കിയിരിക്കുകയാണ്. പമ്പ, മണിമല നദികൾ കരകവിഞ്ഞ് ഒഴുകുന്നതുമൂലം തിരുവല്ല താലൂക്കിന്റെ വിവിധ പ്രദേശങ്ങൾ രണ്ട് ദിനങ്ങളായി ഒറ്റപ്പെട്ട അവസ്ഥയിലാണ്. താലൂക്കിലെ നൂറുകണക്കിന് വീടുകൾ വെള്ളത്തിലാണ് . ഇന്നലെ രാവിലെ മുതൽ ഉച്ചവരെ അധികം മഴ പെയ്തിരുന്നില്ലെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞത് നേരിയ ആശ്വാസമായി.
എന്നാൽ വൈകുന്നേരമായതോടെ വീണ്ടും ജലനിരപ്പ് ഉയർന്നത് ജനങ്ങൾക്കിടയിൽ ആശങ്ക പരത്തിയിരിക്കുകയാണ്. താലൂക്കിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളായ നിരണം, കടപ്ര, നെടുമ്പ്രം, ചാത്തങ്കരി, മേപ്രാൽ, തലവടി തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്താൽ മൂടിയിരിക്കുകയാണ്. ഇതിനൊപ്പം തിരുവല്ല നഗരസഭയുടെ ചില മേഖലകളും വെള്ളത്തിലാണ്. എംസി റോഡ് അടക്കം തിരുവല്ലയിലെ പ്രധാന റോഡുകളിലും വെള്ളം കയറി.
പടിഞ്ഞാറൻ മേഖലയിലെ ഒട്ടുമിക്ക വീടുകളിൽ നിന്നും ആളുകൾ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് ഒഴിഞ്ഞുകൊണ്ടിരിക്കുകയാണ്. കൂടുതൽ ദിവസങ്ങൾ വീടുകളിൽ വെള്ളം കയറിക്കിടന്നാൽ കേടുപാടുകൾ സംഭവിക്കുമെന്നതും കുടിവെള്ള സ്രോതസുകൾ അടക്കം മലിനപ്പെടുന്നതും ആശങ്ക വർധിപ്പിക്കുന്നു.
എംസി റോഡിൽ തിരുമൂലപുരം ജംഗ്ഷന് സമീപം വെള്ളം കയറി കിടക്കുന്നതുമൂലം ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ പ്പെട്ടിരിക്കുകയാണ്. തിരുവല്ല - കുമ്പഴ റോഡിൽ നെല്ലാട്, വള്ളംകുളം ഭാഗങ്ങളിൽ വെള്ളം ഒഴിഞ്ഞിട്ടില്ല. തിരുവല്ല - അമ്പലപ്പുഴ റോഡിൽ രണ്ട് ദിവസമായി ഗതാഗതം പൂർണമായി തടസപ്പെട്ടിരിക്കുകയാണ്. തിരുവല്ല - മാവേലിക്കര റോഡിൽ പൊടിയാടി, കടപ്ര, സൈക്കിൾ മുക്ക് എന്നീ ഭാഗങ്ങളിൽ റോഡിൽ വെള്ളം കയറിയെങ്കിലും വാഹനങ്ങൾ കടന്നു പോകുന്നുണ്ട്.