തൊടുപുഴ: അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 7.15ഓടെ വെങ്ങല്ലൂര്‍ ഷാപ്പുപടി ഭാഗത്താണ് അപകടമുണ്ടായത്. ആലക്കോട് ചവര്‍ണ സ്വദേശി തൈപ്പറമ്പില്‍ പരീതിന് (58) അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ വൈകുന്നേരം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സ്കൂട്ടറിനു പിന്നില്‍ യാത്ര ചെയ്ത പൂച്ചപ്ര സ്വദേശി സതീഷിനും (45) പരിക്കേറ്റു.
അപകടമുണ്ടാക്കിയ തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന "അബില്‍മോന്‍' ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. വെങ്ങല്ലൂര്‍ ഷാപ്പുംപടി ഭാഗത്തുനിന്നും നാലുവരി പാതയിലേയ്ക്ക് തിരിയുന്നതിനിടെ സ്കൂട്ടര്‍ യാത്രക്കാരെ അമിത വേഗത്തിലെത്തിയ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ ബസ് ഏതാനും മാസം മുന്‍പ് മൂവാറ്റുപുഴ റോഡില്‍ റോട്ടറി ജംഗ്ഷനില്‍ നിയന്ത്രണംവിട്ട് എതിര്‍വശത്തെ കെട്ടിടത്തില്‍ ഇടിച്ചാണ് നിന്നതെന്ന് പോലീസ് പറഞ്ഞു.
തൊടുപുഴയില്‍ സ്വകാര്യ ബസുകളുടെ അമിത വേഗം സംബന്ധിച്ച് വ്യാപകമായ പരാതികളുയര്‍ന്നിട്ടും മോട്ടോര്‍ വാഹന വകുപ്പും പോലീസും ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്.