മഞ്ചേരി: വി.ഡി. സതീശന്റെ പേര് തന്റെ വാഹനങ്ങൾക്ക് നൽകി യുഡിഎഫ് പ്രവർത്തകൻ. മഞ്ചേരി എളങ്കൂർ കുട്ടശേരിയിലെ യുഡിഎഫ് പ്രവർത്തകനായ കൊടപ്പയിൽ കുഞ്ഞിമുഹമ്മദ് എന്ന നാണിയാണ് താൻ ജീവന് തുല്യം സ്നേഹിക്കുന്ന തന്റെ നേതാവായ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേര് വാഹനത്തിന് എഴുതിചേർത്തത്.
കോണ്ഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിച്ച ഉടൻ തന്നെ യുവാവ് തന്റെ കാറിലും ജീപ്പിലും വി.ഡി. സതീശൻ എന്ന് ആലേഖനം ചെയ്ത് പുറത്തിറക്കുകയും ഇത് സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയുമായിരുന്നു.
അരനൂറ്റാണ്ടിനപ്പുറം സംസ്ഥാനം എങ്ങനെയായിരിക്കണമെന്ന വി.ഡി. സതീശന്റെ കാഴ്ചപ്പാടും മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിക്കുന്ന നിലപാടുമാണ് തന്നെ വിഡിയുടെ ആരാധകനാക്കിയതെന്ന് നാണി പറഞ്ഞു.
വെള്ളുവങ്ങാട് യൂസ്ഡ് കാർ ഷോറൂം നടത്തുന്ന ഇദ്ദേഹം തന്റെ വാഹനങ്ങളിൽ മുഖ്യമന്ത്രിയുടെയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെയും ഫോട്ടോകൾ ഡിസൈൻ ചെയ്തുവയ്ക്കാനുള്ള ഒരുക്കത്തിലാണ്. എളങ്കൂർ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് കൂടിയാണ് കുഞ്ഞിമുഹമ്മദ്.