ആപ്പിൾ മാപ്പിൽ പുതിയതായി അവതരിപ്പിക്കുന്ന പരസ്യ സംവിധാനങ്ങളുടെ നിബന്ധനകൾ കമ്പനി പുറത്തുവിട്ടു. ഗൂഗിളിന്റെ പരസ്യ ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തവും കർശനവുമായ നിയന്ത്രണങ്ങളാണ് ആപ്പിൾ തങ്ങളുടെ മാപ്പ് പരസ്യങ്ങൾക്കായി ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രധാനമായും പ്ലംബിംഗ്, ഇലക്ട്രിക്കൽ, ലോക്ക്സ്മിത്ത്, പെസ്റ്റ് കൺട്രോൾ, റൂഫിംഗ് തുടങ്ങിയ ഹോം സർവീസ് വിഭാഗത്തിൽപ്പെട്ട ബിസിനസുകൾക്ക് ആപ്പിൾ മാപ്പിൽ പരസ്യം നൽകാൻ അനുമതി ഉണ്ടായിരിക്കില്ല. ഉപഭോക്താക്കൾ നേരിട്ട് സന്ദർശിക്കുന്ന നിശ്ചിത വിലാസമുള്ള ബിസിനസുകൾക്ക് മാത്രമായിരിക്കും തുടക്കത്തിൽ മാപ്പിൽ പരസ്യങ്ങൾ നൽകാൻ സാധിക്കുക.
ഗൂഗിളിനെ സംബന്ധിച്ച് ഹോം സർവീസ് പരസ്യങ്ങൾ വലിയൊരു വരുമാന സ്രോതസ്സാണ്. എന്നാൽ വ്യാജ പരസ്യങ്ങൾ തടയുന്നതിനും ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ആപ്പിൾ ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്നത്.
ഹോം സർവീസുകൾക്ക് പുറമെ ക്രിപ്റ്റോകറൻസി എടിഎമ്മുകൾ, ജാമ്യപ്പത്ര സേവനങ്ങൾ എന്നിവയ്ക്കും വിലക്കുണ്ട്. അതേസമയം മെഡിക്കൽ സേവനങ്ങളുടെ പരസ്യങ്ങൾ കർശനമായ പരിശോധനകൾക്ക് ശേഷമേ അനുവദിക്കൂ എന്നും ആപ്പിൾ വ്യക്തമാക്കിയിട്ടുണ്ട്.
ഗൂഗിൾ മാപ്പിൽ ഒന്നിലധികം പരസ്യങ്ങൾ കാണിക്കുമ്പോൾ, ആപ്പിൾ മാപ്പിലെ സെർച്ച് റിസൾട്ടിൽ ഒരൊറ്റ പരസ്യം മാത്രമേ ഉപഭോക്താക്കൾക്ക് ദൃശ്യമാകൂ. പരസ്യങ്ങൾ നൽകുന്ന ബിസിനസ് ലൊക്കേഷനുകൾക്ക് ചുറ്റും ഒരു ചെറിയ 'നീല നിറത്തിലുള്ള വലയം' ഉണ്ടായിരിക്കും. കൂടാതെ ' സജസ്റ്റഡ് പ്ലേസസ്, ലിസ്റ്റിൽ ഇവ പരസ്യമാണെന്ന് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്യും.
ഉപഭോക്താക്കൾ ഏത് പരസ്യത്തിലാണ് ക്ലിക്ക് ചെയ്യുന്നത് എന്ന വിവരങ്ങൾ ആപ്പിൾ ശേഖരിക്കുകയോ മറ്റ് തേർഡ് പാർട്ടി കമ്പനികൾക്ക് കൈമാറുകയോ ഇല്ല. ഈ വിവരങ്ങൾ ഉപഭോക്താവിന്റെ ഡിവൈസിൽ മാത്രമായിരിക്കും സൂക്ഷിക്കുക.
അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ ഈ വർഷം പകുതിയോടെ പുതിയ പരസ്യ സംവിധാനം നിലവിൽ വരുമെന്നാണ് സൂചന. ഒരു വെബ് സെർച്ച് എഞ്ചിന്റെ ഭാഗമായല്ല, മറിച്ച് കൃത്യമായ നാവിഗേഷൻ ലക്ഷ്യമിട്ടുള്ള ഒരു പ്രീമിയം ഉത്പന്നമായി മാപ്പിനെ നിലനിർത്താനാണ് ആപ്പിൾ ഇതിലൂടെ ശ്രമിക്കുന്നത്.