ഇരിട്ടി: ആറളത്ത് പൊതിയോടം മുക്കിലെ പൂട്ടിയിട്ട പഴയ ആശുപത്രി കെട്ടിട പരിസരത്തുനിന്ന് സ്റ്റീൽ ബോംബ് കണ്ടെത്തി. ഒമ്പതുവർഷം മുമ്പ് സ്റ്റീൽ ബോംബ് കണ്ടെത്തിയ സ്ഥലത്ത് നിന്നുതന്നെയാണ് വീണ്ടും സ്റ്റീൽ ബോംബ് കണ്ടെത്തിയത്. ഡോ. പി. വേലായുധന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.
പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി പഴയ ടോയ്ലറ്റിന്റെ ഭാഗം പൊളിച്ചുനീക്കുന്നതിനിടെ തൊഴിലാളികളാണ് പഴക്കം ചെന്ന് ദ്രവിച്ചു തുടങ്ങിയ ബോംബ് കണ്ടെത്തിയത്. തുടർന്ന് ആറളം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
2017ൽ ഇതേ പുരയിടത്തിൽ നിന്ന് മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു. അതേ സീരിസിൽപ്പെട്ട സ്റ്റീൽ ബോംബ് തന്നെയാകാനാണ് സാധ്യതയെന്നാണ് പോലീസ് പറയുന്നത്.
ബോംബ് സ്ക്വാഡ് ഉൾപ്പെടെ സ്ഥലത്തെത്തി ബോംബ് നിർവീര്യമാക്കി. നേരത്തെ ഉണ്ടായിരുന്ന രാഷ്ട്രീയ സംഘർഷത്തിന്റെ ഭാഗമായി എതിരാളികളെ ലക്ഷ്യമാക്കി സൂക്ഷിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്.