പത്തനംതിട്ട: ഹോട്ടൽ ഭക്ഷണത്തിനു ജില്ലയിൽ വില തോന്നുംപടി. നിരക്ക് ഏകീകരണമില്ല. പാചകവാതക സിലിണ്ടറുകളുടെ വില കൂട്ടിയതിനു പിന്നാലെ ജില്ലയൊട്ടാകെ ഹോട്ടലുകളും തട്ടുകടകൾ ഉൾപ്പെടെയുള്ളവരും ഭക്ഷണ, പാനീയങ്ങളിൽ വില കൂട്ടിയിരുന്നു. പിന്നാലെ പാൽ, പഞ്ചസാര, മറ്റ് നിത്യോപയോഗ സാധനങ്ങൾ ഇവയിൽ വർധനയുണ്ടായെന്ന പേരിൽ മറ്റൊരു വർധന കൂടി വന്നു. ഇതോടെ വിലയിൽ ഏകീകരണം നഷ്ടപ്പെട്ടു.
ചായയ്ക്കും കാപ്പിക്കും പത്തു രൂപയിൽനിന്ന് 12 രൂപയാക്കിയായിരുന്നു തുടക്കം. ഇതിപ്പോൾ 20 രൂപവരെ എത്തിയിട്ടുണ്ട്. 12, 13, 15, 17, 20 എന്നിങ്ങനെ വ്യത്യസ്ത നിരക്കിലാണ് വില്പന. ചില കടകളിൽ ഓരോ ദിവസവും ഓരോ വിലയാണ് വാങ്ങുന്നതെന്ന് ഉപഭോക്താക്കൾ പറയുന്നു. ഭക്ഷണസാധനങ്ങളുടെ വിലയിലും സമാനമായ വർധന വരുത്തി. ഊണിന് 70 രൂപയിൽനിന്ന് 100 രൂപയും 110 രൂപയും ആക്കിയിട്ടുണ്ട്. ചില കടകളിൽ 90 രൂപയ്ക്കും നൽകുന്നുണ്ട്. മത്സ്യം സ്പെഷ്യലായിട്ടുണ്ടെങ്കിൽ നിരക്ക് 200 കടക്കും. അപ്പം, പൊറോട്ട, ചപ്പാത്തി, ചെറുകടികൾ എന്നിവയുടെ വിലയിലും ഏകീകരണമില്ല. പാചക വാതക പ്രതിസന്ധി പരിഹരിച്ചെങ്കിലും കൂട്ടിയ വില ആരും കുറയ്ക്കാറില്ല. പാലിന്റെയും പഞ്ചസാരയുടെയും വില കൂട്ടിയതിന്റെ പേരിൽ മറ്റൊരു വർധന കൂടി അടിച്ചേല്പിക്കാനാണ് ശ്രമിച്ചത്.
വിലവിവരപ്പട്ടികയില്ല
പല ഹോട്ടലുകളിലും വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ല. ജില്ലാ ഭരണകൂടം അംഗീകരിച്ച് പുറത്തിറക്കുന്ന വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാൻ മുന്പ് നിർദേശമുണ്ടായിരുന്നു. എന്നാൽ ഇത് ശബരിമല തീർഥാടനകാലത്തു മാത്രമാണ് ഹോട്ടലുകൾ ബാധകമാക്കുക. മറ്റ് അവസരങ്ങളിൽ വിലനിയന്ത്രണത്തിൽ ജില്ലാ ഭരണകൂടം ഇടപെടാറില്ല. വില നിശ്ചയിക്കാനുള്ള അധികാരം തങ്ങൾക്കാണെന്ന് ഹോട്ടലുടമകൾ പറയുന്നു. ഇക്കാര്യത്തിൽ കോടതിവിധിയും തങ്ങൾക്ക് അനുകൂലമായിട്ടുണ്ടെന്നാണ് ഉടമകളുടെ വാദം. ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും പരിശോധനയ്ക്കെത്താറുണ്ടെങ്കിലും വിലയുടെ കാര്യത്തിൽ ഇടപെടാറില്ല.
നികുതിയില്ലെങ്കിലും തട്ടുകടകളിൽ ഇളവില്ല
യാതൊരുവിധ നികുതികളോ വാടകയോ നൽകാതെ വഴിയോരങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകളിലും ഹോട്ടലുകളിലെ നിരക്കിനു സമാനമാണ്. വാടകയും നികുതിയും നൽകി പ്രവർത്തിക്കുന്ന ഹോട്ടലുകളും മറ്റു ഭക്ഷണവില്പനശാലകളും വില കൂട്ടുന്പോൾ സമാനമായ തരത്തിൽ വില വർധിപ്പിക്കാൻ തട്ടുകടകളും ശ്രമിക്കുകയാണ്. തട്ടുകടകിലെ ഭക്ഷണവിലയെ സംബന്ധിച്ചും യാതൊരു നിയന്ത്രണവും അധികൃതർക്കില്ല.