ലക്നോ: രാമക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നതിനായി അയോധ്യയിലെത്തിയ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയെ വീട്ടുതടങ്കലിലാക്കിയതായി പരാതി. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പ് വിവാദത്തിനിടെയാണ് പുതിയ സംഭവവികാസങ്ങൾ.
അജയ് റായിയെ യാതൊരു കാരണവും കൂടാതെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കുമർഗഞ്ച് കാർഷിക സർവകലാശാല ഗസ്റ്റ് ഹൗസിൽ അജയ് റായിയെ തടഞ്ഞുവച്ചിരിക്കുകയാണ്.
റായ്ബറേലി എംപി കിഷോരി ലാൽ ശർമയെ അയോധ്യയ്ക്കു സമീപം തടഞ്ഞുവെന്നും ബാരാബങ്കി എംപി തനൂജ് പുനിയയെ അറസ്റ്റ് ചെയ്തെന്നും കോൺഗ്രസ് ആരോപിച്ചു. സംഭാവനത്തട്ടിപ്പുമായി ബന്ധപ്പെട്ട് അയോധ്യയിലെത്തി ജനങ്ങളോട് സംവദിക്കാനായി കോൺഗ്രസ് നിയോഗിച്ച സംഘത്തിലെ അംഗങ്ങളാണ് ഇവർ.
ഉത്തർപ്രദേശ് സർക്കാർ ഭയം കാരണമാണ് ഇങ്ങനെ ചെയ്യുന്നതെന്നും വീട്ടുതടങ്കലിലാക്കുന്നത് ഭീരുത്വം നിറഞ്ഞ നടപടിയാണെന്നും അജയ് റായ് എക്സിൽ കുറിച്ചു. ബിജെപി സർക്കാരിന്റെ ഏകാധിപത്യം അതിന്റെ മൂർധന്യത്തിലാണ്. ഉത്തർപ്രദേശ് കോൺഗ്രസ് സംഘം അയോധ്യ സന്ദർശിക്കാനും ശ്രീരാമ ദർശനം നടത്തി അനുഗ്രഹം വാങ്ങാനും ഇരുന്നതാണ്.
എന്നാൽ താൻ അയോധ്യയിലെത്തിയ ഉടൻ ബിജെപി സർക്കാർ ഭയന്നെന്നും അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു. അതേസമയം സംഭവത്തിൽ കോൺഗ്രസ് വ്യാപക പ്രതിഷേധം ഉയർത്തുകയാണ്.