തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമിക്കുന്ന പുനരധിവാസ ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം ഒക്ടോബർ 31നകം പൂർത്തിയാക്കുമെന്ന് സർക്കാർ. ടൗൺഷിപ്പിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം നവംബർ 15നകം പൂർത്തിയാക്കാനും തീരുമാനിച്ചു. മന്ത്രിമാരായ എ.പി. അനിൽകുമാർ, ടി. സിദ്ദിഖ്, കെ.എം. ഷാജി എന്നിവരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ചേർന്ന കാബിനറ്റ് സബ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
നിർമാണം പൂർത്തിയാകുന്ന വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിന് നറുക്കെടുപ്പ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കാൻ വയനാട് ജില്ലാ കളക്ടർക്ക് നിർദേശം നൽകി. വീടുകൾ അനുവദിക്കേണ്ട ഗുണഭോക്താക്കളുടെ പട്ടിക അന്തിമമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അഭിപ്രായം കൂടി പരിഗണിക്കും. ദുരന്തബാധിതർക്ക് നിലവിൽ നൽകിവരുന്ന വാടകയും ഭക്ഷണ കൂപ്പണും തുടരും.