കോട്ടയം: പച്ചപുതച്ച മരങ്ങള്‍, അതില്‍ കൂടു കൂട്ടിയും മധുര പഴങ്ങള്‍ കഴിച്ചും ചെറുകിളികള്‍, കളകളാരവം മുഴക്കി ഒഴുകുന്ന ചെറു അരുവി, അരുവിയിലെ വെള്ളം ഒഴുകിയെത്തിയ ചേറില്‍ അരിമണികളാകാനുള്ള നെല്‍ച്ചെടികള്‍, പഴമയുടെ പുതുമയില്‍ മനോഹരമായ വീട്.
മനുഷ്യനും ജീവജാലങ്ങളും ഒരുമിച്ച് ജീവിക്കുന്ന പ്രകൃതിയുടെ മനോഹരമായ ഒരു ആവാസവ്യവസ്ഥ.
രാമപുരം, മരങ്ങാട് മുണ്ടയ്ക്കല്‍ വീട്ടില്‍ രഞ്ജിത്ത് സഖറിയാസ് ജോസഫിനു മരങ്ങള്‍ ജീവനാണ്. മരത്തെ ജീവനാക്കിയ രഞ്ജിത്തിന്റെ വീടിനു ചുറ്റുമായി ഒരേക്കറോളം വനമാണ്. മനുഷ്യനിര്‍മിതമായ വനം. വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന പിതൃസഹോദരന്റെ പ്രോത്സാഹനത്തിലാണ് പ്രകൃതിയോടും മരങ്ങളോടും രഞ്ജിത്തിന് താത്പര്യം തോന്നിത്തുടങ്ങുന്നത്. അദ്ദേഹം തുടങ്ങിവച്ച മരം വച്ചുപിടിപ്പിക്കല്‍ രഞ്ജിത്ത് വേഗത്തിലാക്കിയപ്പോള്‍ മുണ്ടയ്ക്കല്‍ തറവാട്ടുവീട് ഇപ്പോള്‍ ഒരു വനമായി മാറിയിരിക്കുകയാണ്.
നാട്ടിലും വനത്തിലും കാണുന്ന ഇരുനൂറിലധികം മരങ്ങളാണ് ഈ വനത്തില്‍ പച്ചപുതച്ചു നില്‍ക്കുന്നത്. അരയാഞ്ഞിലി, നെടുനാര്, ചെന്നാങ്ക്, അകില്, കുളമാവ്, ശെന്തുരുണി, താന്നി, അറയോണ് തുടങ്ങിയവ നിരവധിയായിട്ടുണ്ട്. വേനല്‍ക്കാലത്ത് ചൂടിനെ പ്രതിരോധിക്കുന്നതിനൊപ്പം വീടിനും വീട്ടുമുറ്റത്തിനും നല്ല ഒരു തണുപ്പ് ഈ വനത്തിലൂടെ ലഭിക്കുന്നുണ്ട്.
പഴയ തറവാട്ടുവീട് ഷൂട്ടിംഗിനായി നല്കിയപ്പോള് എത്തിയ ചലച്ചിത്രതാരം ദുല്‍ഖര്‍ സല്മാന് രഞ്ജിത്തിന്റെ വനം ഇഷ്ടപ്പെടുകയും പ്രകൃതി സ്നേഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഓര്‍മയ്ക്കായി വെള്ള അകില് എന്ന മരവും വനത്തില്‍ നട്ടതിനു ശേഷമാണ് ദുല്‍ഖര്‍ മടങ്ങിയത്. ദുല്‍ഖര്‍ മരം എന്ന പേരില്‍ രഞ്ജിത്ത് ഈ മരത്തെ സംരക്ഷിച്ചു വരുന്നു.
വനത്തിലെ മരങ്ങള്‍ പടര്‍ന്നു പന്തലിച്ചപ്പോള്‍ ധാരാളം കിളികൾ വന്നെത്തുകയും കൂടുകൂട്ടുകയും ചെയ്തു. മരങ്ങളെ സ്നേഹിക്കുന്നതിനൊപ്പം പക്ഷി നിരീക്ഷകന് കൂടിയായ രഞ്ജിത്ത് സ്വന്തമായി നിര്‍മിച്ചെടുത്ത വനത്തില്‍നിന്ന് 80ലധികം പക്ഷികളെ തിരിച്ചറിഞ്ഞു കഴിഞ്ഞു.
സീസണുകളില്‍ നിരവധി പക്ഷികളാണ് ഈ വനത്തിലെത്തുന്നത്. ഇസ്രയേലിന്റെ ദേശീയ പക്ഷിയായ ഹൂപോയെ വരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരത്തില്‍ അവയുടെ പേരും ശാസ്ത്രീയ നാമവും രേഖപ്പെടുത്തിയിരിക്കുന്നതിനൊപ്പം തന്നെ വനത്തില്‍നിന്നു തിരിച്ചറിഞ്ഞ പക്ഷികളുടെ പേരും രഞ്ജിത്തിൻെ കൈവശമുണ്ട്. വനം നിര്‍മിച്ചാല്‍ ആദായം ലഭിക്കില്ല എങ്കിലും സ്ഥലമുള്ളയാളുകൾ അരയേക്കറെങ്കിലും മരങ്ങളെയും പക്ഷികളെയും സംരക്ഷിക്കാനായി നീക്കിവയ്ക്കണമെന്നും പരിസ്ഥിതി സംരക്ഷണത്തിനായി യുവാക്കള്‍ കൂടുതലായി രംഗത്തുവരണമെന്നുമാണ് രഞ്ജിത്ത് പറയുന്നത്.
ഇവിടം വനസ്ഥലി
കോട്ടയം: ‘വനസ്ഥലിയില്‍ പാരിജാതം പൂത്തൂ, വനസ്ഥലിയില്‍ ചക്കക്കാലം തുടങ്ങി, വനസ്ഥലിയില്‍ മാമ്പഴക്കാലം ആരംഭിച്ചു’’ ഇങ്ങനെ രണ്ടു വാചകമെഴുതിയ പോസ്റ്റ് കാര്‍ഡുകള്‍ വര്‍ഷത്തില്‍ മൂന്നു തവണ പതിവു തെറ്റാതെ പരിസ്ഥിതിയെ സ്നേഹിക്കുന്നവരുടെ വീടുകളില്‍ എത്തിയിരുന്നു. ഈ കാര്‍ഡുകള്‍ കിട്ടിയാല്‍ ഉടന്‍തന്നെ അവര്‍ പൂഞ്ഞാര്‍ പാതാമ്പുഴയ്ക്കു സമീപം മലയിഞ്ചിപ്പാറയിലുള്ള വനസ്ഥലി എന്ന വനത്തിലെത്തും ഒരുമിച്ചുകൂടും, കഥകള്‍ പറയും, കവിതകള്‍ ചൊല്ലും, കാട്ടിലെ ഭക്ഷണങ്ങള്‍ കഴിക്കും, ഒരു മരം കൂടി വച്ചു മടങ്ങും.
പാതാമ്പുഴയില്നിന്ന് ചോലത്തടത്തിനുള്ള കുത്തനെ കയറ്റത്തിലുള്ള റോഡിലാണ് ഈ ആറേക്കര്‍ മനുഷ്യനിര്‍മിത കാട്. പൂണ്ടിക്കുളത്തില് ദേവസ്യാച്ചന് എന്നയാള്‍ തപസുപോലെ അനുഷ്ഠിച്ചുവന്ന കര്‍മത്തിന്റെ ഫലപ്രാപ്തിയാണ് ഈ മനോഹരമായ കാട്.
ധന-തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായിരുന്ന പൂണ്ടിക്കുളത്ത് ദേവസ്യാ സെബാസ്റ്റ്യന്‍ എന്ന ദേവസ്യാച്ചന് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം കഴിഞ്ഞ ഉടനെ ജോലി ലഭിച്ചെങ്കിലും മലയിഞ്ചിപ്പാറയിലെ തന്റെ പിതൃസ്വത്തായ കൃഷിഭൂമി അദ്ദേഹത്തെ മാടിവിളിച്ചുകൊണ്ടിരുന്നു. ജോലി ഉപേക്ഷിച്ച് തിരികെയെത്തി ദേവസ്യാച്ചന് കൃഷിയിടത്തില്‍ അധ്വാനിക്കാന്‍ തീരുമാനിച്ചു.
കുടുംബാംഗങ്ങളും പരിചയക്കാരും സ്ഥലത്ത് റബര്‍ വളര്‍ത്തി ആദായമെടുക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും സസ്യലതാദികളും വൃക്ഷവിളകളും നിറഞ്ഞ് സമൃദ്ധമായ ഒരു വനയിടം ദേവസ്യാച്ചന് അപ്പോഴേക്കും സ്വപ്നം കണ്ടുതുടങ്ങിയിരുന്നു.
ഒരു ചിരട്ടയില്‍ നിറയെ ചക്കക്കുരു കൊടുത്തിട്ട് കുഴിച്ചിടാന്‍ പറഞ്ഞ അമ്മയുടെ നിര്‍ദേശം അനുസരിച്ച ദേവസ്യാച്ചന് അത് തുടര്‍ന്നത് 93 വയസുവരെയാണ്. ഇസ്രയേലില്‍നിന്ന് കൊണ്ടുവന്ന ഒരു പേരറിയാത്ത വിത്ത് നട്ടുവളര്‍ത്തി. അപ്പോഴേക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പരിസ്ഥിതി സ്നേഹികള്‍ ഇവിടേക്ക് എത്തിത്തുടങ്ങി. വിവിധ കാര്‍ഷിക, പരിസ്ഥിതി, സാമൂഹിക സംഘടനകളുടെ ഒത്തുചേരലുകള്‍ക്കും ഇവിടം വേദിയായി.
വീടിന്റെ മുകള്‍ തട്ട് ഹാളായി ക്രമീകരിച്ച് 50 ഇരിപ്പിടങ്ങളും തയാറാക്കിയാണ് അദ്ദേഹം വിരുന്നുകാരെ സ്വീകരിച്ചത്. ഇപ്പോള്‍ മുന്നൂറിലധികം ഇനങ്ങളിലായി ആയിരക്കണക്കിന് സസ്യജാലങ്ങളുണ്ട് ഈ കാട്ടില്‍. പേരറിയാത്തവയെ അടയാളപ്പെടുത്താന്‍ സസ്യശാസ്ത്രജ്ഞര്‍ വരെ മല കയറി വന്നു.
ഒരു പരിസ്ഥിതി സംഗമത്തിനിടയിലാണ് കേരള നദീസംരക്ഷണസമിതി പ്രസിഡന്റും മലയാളഭാഷാ പണ്ഡിതനുമായ ഡോ. എസ്. രാമചന്ദ്രന് ‘ഇവിടം വനസ്ഥലി’ എന്ന് നാമകരണം ചെയ്തത്.
മുറ്റത്തെ പ്രൗഢമായ ലിച്ചിമരത്തിലും വഴിയോരത്തെ ഇല്ലിക്കൂട്ടത്തിന് മുകളിലും കുട്ടികള്‍ക്കായി ദേവസ്യാച്ചന് ഏറുമാടങ്ങള്‍ പണിതു. 2020 ജൂണ്‍ 10ന് ദേവസ്യാച്ചന് മരങ്ങളെയും താന്‍ നിര്‍മിച്ച കാടിനെയും മനുഷ്യര്‍ക്ക് സമ്മാനിച്ച ഇഹലോകവാസം വെടിഞ്ഞു. ഇപ്പോള്‍ സഹോദര പുത്രനും പരിസ്ഥിതി പ്രവര്‍ത്തകനുമായ എബി എമ്മാനുവല്‍ പൂണ്ടിക്കുളമാണ് വനസ്ഥലിയുടെ കാവല്ക്കാരന്. വനഭൂമിയിലൂടെ ഒരുവട്ടമെങ്കിലും കയറിയിറങ്ങി മരമക്കളെ തലോടി ക്ഷേമമന്വേഷിക്കാത്ത ദിനങ്ങള്‍ എബിക്കില്ല.
മരങ്ങള്‍ കൂടുതല്‍ നട്ടും ഉള്ളവയെ പരിപാലിച്ചും ഇന്ന് വനസ്ഥലിയെ ഒരു നിബിഡവനവും പ്രകൃതിയുടെ ഒരു ആവാസ കേന്ദ്രവുമാക്കി മാറ്റിയിരിക്കുകയാണ്. എബിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ കേന്ദ്രവും പരിസ്ഥിതി പ്രവര്‍ത്തകരുടെയും പ്രകൃതി സ്നേഹികളുടെയും ഒത്തുകൂടലും വനസ്ഥലിയാണ്.