പുൽപ്പള്ളി: കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട ദേവർഗദ്ദ ഉന്നതിയിലെ കൂമൻ എന്ന മാരന്റെ വീട് പ്രിയങ്ക ഗാന്ധി എംപി സന്ദർശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ഉന്നതിയിലെത്തിയ അവർ മാരന്റെ കുടുംബാംഗങ്ങളുമായി കാൽ മണിക്കൂറോളം സംസാരിച്ചു.
വന്യമൃഗശല്യം ഉൾപ്പെടെ ഉന്നതിക്കാർ നേരിടുന്ന പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ എംപി പട്ടികവർഗ, വനം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. വന്യമൃഗശല്യം, ഗ്യാസ് കണക്ഷൻ അഭാവം ഉൾപ്പെടെ കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ പരിഹാരത്തിന് ഇടപെടുമെന്ന് പിന്നീട് മാധ്യമപ്രവർത്തകരുമായി സംസാരിക്കവേ എംപി പറഞ്ഞു.
എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദിഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, കെപിസിസി ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ്, ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, കോണ്ഗ്രസ് നേതാക്കളായ അഡ്വ. പി.ഡി. സജി, എൻ.യു. ഉലഹന്നാൻ, ബീന ജോസ്, വർഗീസ് മുരിയൻകാവിൽ തുടങ്ങിയവർ എംപിക്കൊപ്പം ഉണ്ടായിരുന്നു. ഉന്നതി നിവാസികളിൽനിന്ന് നിവേദനങ്ങൾ സ്വീകരിച്ചശേഷമാണ് പ്രിയങ്ക മടങ്ങിയത്.